Connect with us

International

അമേരിക്കയില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി; ധനവിനിയോഗ ബില്‍ പാസ്സാക്കാനായില്ല

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമായി. രണ്ട് വര്‍ഷത്തേക്കുള്ള ധനവിനിയോഗ ബില്‍ പാസ്സാക്കാന്‍ സാധിക്കാതിരുന്നതോടെയാണിത്. റിപ്പബ്ലിക്കന്‍ സെനറ്ററായ പോള്‍ ധനവിനിയോഗ ബില്ലിനെതിരെ രംഗത്തെത്തിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. മൂന്നാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഫെഡറല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്നത്.

ജനുവരിയിലും ധനവിനിയോഗ ബില്‍ പാസ്സാക്കാന്‍ സാധിച്ചിരുന്നില്ല. ഇതുമുലം ഡോണാള്‍ഡ് ട്രംപ് സര്‍ക്കാറിന്റെ പ്രവര്‍ത്തനം മൂന്ന് ദിവസത്തേക്ക് തടസപ്പെട്ടിരുന്നു. അന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റില്‍ സാമ്പത്തിക ബില്ലിനെതിരെ വോട്ട് ചെയ്യുകയായിരുന്നു.
ബില്‍ സംബന്ധിച്ച് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടാണ് ധനവിനിയോഗ ബില്ലിന്റെ അവതരണം തടസ്സപ്പെടുത്തിയത്. 300 ബില്യന്‍ ഡോളര്‍ ചെലവഴിക്കാനുള്ള ബില്ലാണ് പാസ്സാക്കാന്‍ കഴിയാതിരുന്നത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതിനിധാനം ചെയ്യുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇരു സഭകളിലും വൈറ്റ്ഹൗസിലും ഭൂരിപക്ഷമുണ്ട്. എന്നാല്‍, ഡെമോക്രാറ്റുകളുടെ പിന്തുണയില്ലാതെ പ്രധാന നിയമനിര്‍മാണങ്ങള്‍ നടത്താനാകില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാരില്‍ നിരവധി പേര്‍ക്ക് താത്കാലികമായി ജോലി നഷ്ടപ്പെടും. കണക്കുകള്‍ പ്രകാരം എട്ട് ലക്ഷത്തിലധികം ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കാണ് താത്കാലികമായി ജോലി നഷ്ടമാകുക.