Connect with us

International

റോഹിംഗ്യന്‍ വംശഹത്യ; ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്തുവിട്ടു

Published

|

Last Updated

ധാക്ക: റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ മ്യാന്മര്‍ സൈന്യം നടത്തിയ കൂട്ടക്കുരുതിയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്.(എ പി) സൈന്യത്തിന്റെ നേതൃത്വത്തില്‍ നടന്ന ക്രൂരമായ വംശഹത്യയുടെ വീഡിയോ ദൃശ്യങ്ങളടക്കമുള്ളവ പുറത്തുവിട്ടാണ് എ പി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കിടയില്‍ നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടിലാണ് മനുഷ്യത്വം നശിച്ച മ്യാന്മര്‍ സൈന്യത്തിന്റെ ചെയ്തികളെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. അഞ്ച് കൂട്ടകുഴിമാടത്തിലായി നൂറ് കണക്കിന് റോഹിംഗ്യന്‍ മുസ്‌ലിംകളെ കുഴിച്ചുമൂടിയതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. സൈനിക ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവരാണ് മ്യാന്മര്‍ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഇവര്‍ പകര്‍ത്തിയ മൊബൈല്‍ ചിത്രങ്ങളും വാര്‍ത്താ ഏജന്‍സിയുടെ പക്കലുണ്ട്.

ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന മുപ്പതോളം റോഹിംഗ്യകളെ അഭിമുഖം നടത്തിയാണ് എ പി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഗു ദര്‍ പിന്‍ ഗ്രാമത്തില്‍ മാത്രം മ്യാന്മര്‍ സൈന്യം നാന്നൂറോളം പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. മൈതാനത്ത് കളിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി തങ്ങള്‍ക്ക് നേരെ മ്യാന്മര്‍ സൈന്യം ആക്രമണം അഴിച്ചുവിട്ടതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ നൂര്‍ ഖാദര്‍ വെളിപ്പെടുത്തി. 14 പേരായിരുന്നു അപ്പോള്‍ ആ മൈതാനത്ത് ഉണ്ടായിരുന്നതെന്നും സൈന്യത്തിന്റെ വെടിവെപ്പ് നിലച്ചപ്പോള്‍ തനിക്കും മറ്റ് രണ്ട് പേര്‍ക്കുമായിരുന്നു ജീവന്‍ തിരിച്ചുകിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഖാദറിനൊപ്പം കളിച്ചിരുന്ന കൂട്ടുകാരുടെ മൃതദേഹം കൂട്ടക്കുഴിമാടങ്ങളില്‍ കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കി. റോഹിംഗ്യന്‍ വിഷയത്തില്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്ന മ്യാന്മര്‍ സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണ് പുതിയ റിപ്പോര്‍ട്ട്. ബംഗ്ലാദേശില്‍ കഴിയുന്ന റോഹിംഗ്യകളെ തിരിച്ച് റാഖിനെയിലെത്തിക്കാനുള്ള ശ്രമം നടത്തുന്നതിനെതിരെ വ്യാപക വിമര്‍ശം ഉയരുന്ന സാഹചര്യത്തിലാണ് എ പിയുടെ റിപ്പോര്‍ട്ട്.

റോഹിംഗ്യകള്‍ തിങ്ങിപ്പാര്‍ക്കുന്ന റാഖിനെയിലും പരിസര പ്രദേശങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുണ്ടായതിനാല്‍ ഇവിടെ നിന്നുള്ള വംശഹത്യാ ആക്രമണങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവന്നിരുന്നില്ല. തെളിവുകളില്ലെന്ന ധൈര്യത്തില്‍ കൂട്ടക്കൊലകള്‍ നടന്നില്ലെന്ന വാദമാണ് മ്യാന്മര്‍ സര്‍ക്കാര്‍ ഉന്നയിക്കാറുള്ളത്. റോഹിംഗ്യന്‍ വിഷയത്തില്‍ യു എന്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ രോഷാകുലരായപ്പോഴൊക്കെ ആരോപണങ്ങളെ തള്ളുന്ന നിലപാടാണ് ആംഗ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വീകരിച്ചത്. മ്യാന്മര്‍ സൈന്യവും ബുദ്ധ വര്‍ഗീയവാദികളും തങ്ങളെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന വെളിപ്പെടുത്തലുമായി റോഹിംഗ്യന്‍ സ്ത്രീകളും പെണ്‍കുട്ടികളും രംഗത്തെത്തിയപ്പോള്‍ അവരെ പുച്ഛിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന ശൈലിയാണ് സര്‍ക്കാര്‍ അധികൃതരില്‍ നിന്നുണ്ടായത്.
അസോസിയേറ്റഡ് പ്രസിന്റെ റിപ്പോര്‍ട്ട് യു എന്‍ അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. റോഹിംഗ്യകള്‍ക്കെതിരെ കൂട്ടക്കൊല നടന്നുവെന്നതിന്റെ കൃത്യമായ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തെളിവുകളുടെ അഭാവമുണ്ടായതിനാല്‍ യു എന്നും മറ്റ് മനുഷ്യാവകാശ സംഘടനകളും നിയമനടപടി സ്വീകരിക്കാന്‍ ഭയക്കുകയായിരുന്നു. എ പി പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട് മ്യാന്മറില്‍ വംശീയ ഉന്മൂലനം നടന്നുവെന്നതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണെന്ന് യു എന്‍ വക്താവ് യാങ്കി ലീ വ്യക്തമാക്കി.

 

 

Latest