Connect with us

Sports

ലൈബീരിയയില്‍ ഫുട്‌ബോള്‍ ഭരണം !

Published

|

Last Updated

ആഫ്രിക്കയുടെ ഫുട്‌ബോള്‍ ഇതിഹാസം ജോര്‍ജ് വിയ ലൈബീരിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യൂറോപ്പിലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ദ്യോറും മികച്ച ലോകഫുട്‌ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരവും നേടിയ ആദ്യ ആഫ്രിക്കന്‍ താരമായ ജോര്‍ജ് വിയ വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചിരിക്കുന്നത്. പതിനഞ്ച് പ്രവിശ്യകളില്‍ പതിമൂന്നും ജോര്‍ജ് വിയക്കൊപ്പം നിന്നു. പന്ത്രണ്ട് വര്‍ഷം വൈസ് പ്രസിഡന്റായിരുന്ന ജോസഫ് ബൊകായിക്ക് രണ്ട് പ്രവിശ്യകളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.
ലൈബീരിയന്‍ ജനതയുടെ ഇതിഹാസ താരമായ ജോര്‍ജ് വിയക്ക് പുതിയ തലമുറയുടെ വോട്ടുകള്‍ നിര്‍ണായകമായി. ലൈബീരിയയിലെ ജനസംഖ്യയിലെ അറുപത് ശതമാനം പേര്‍ മുപ്പത് വയസിന് താഴെയാണ്.

പുതിയൊരു മാറ്റം ആഗ്രഹിച്ച ജനത ഒക്ടോബറില്‍ നടന്ന ആദ്യ റൗണ്ട് വോട്ടിംഗില്‍ തന്നെ ഒന്നാം സ്ഥാനം നേടി സൂചന നല്‍കിയിരുന്നു. വോട്ടെടുപ്പിലെ കൃത്രിമത്വം ആരോപിച്ച് രണ്ട് തവണ നീട്ടി വെച്ച തിരഞ്ഞെടുപ്പില്‍ പക്ഷേ, ജോര്‍ജ് വിയയുടെ ജനപ്രീതി മാത്രം ഇടിഞ്ഞില്ല. 2005 ലെ തിരഞ്ഞെടുപ്പില്‍ ജോര്‍ജ് വിയ പരാജയപ്പെട്ടിരുന്നു. സമാധാനത്തിനുള്ള നൊബേല്‍ ജേതാവായ എലെന്‍ ജോണ്‍സനോടായിരുന്നു ജോര്‍ജ് വിയ അന്ന് പരാജയപ്പെട്ടത്. വിദ്യാഭ്യാസം കുറവായതായിരുന്നു ജോര്‍ജ് വിയയുടെ തോല്‍വിക്ക് കാരണം.
എന്നാല്‍, വിയ പിന്‍മാറാന്‍ തയ്യാറല്ലായിരുന്നു. സ്‌കൂളില്‍ ചേര്‍ന്നു. വിദ്യാഭ്യാസം നേടി. ശക്തനായി തിരിച്ചെത്തി. വിദ്യകൊണ്ട് കരുത്തനായ ജോര്‍ജ് വിയയെ തോല്‍പ്പിക്കാന്‍ എതിരാളിക്ക് സാധിക്കാതെ പോയത് ചരിത്രമായി.
മൂന്ന് തവണ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ട വിയ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളില്‍ പന്തു തട്ടി. ഇറ്റലിയില്‍ എ സി മിലാന്‍, ഫ്രാന്‍സില്‍ മൊണാക്കോയും പി എസ് ജിയും, ഇംഗ്ലണ്ടില്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും വിയ കളിച്ച ഇടങ്ങളായിരുന്നു.
ലൈബീരിയന്‍ ആഭ്യന്തര ഫുട്‌ബോളില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് വിയയെ യൂറോപ്യന്‍ ഫുട്‌ബോള്‍ റാഞ്ചുന്നത്. 1988 ല്‍ ഫ്രഞ്ച് ക്ലബ്ബ് എ എസ് മൊണാക്കോയുടെ പരിശീലകന്‍ ആര്‍സെന്‍ വെംഗറാണ് വിയയിലെ പ്രതിഭയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത്. വിയ ഇന്നും പിതൃതുല്യനായി ആര്‍സെന്‍ വെംഗറെ കാണുന്നു.
മൊണാക്കോയിലെ കരിയറില്‍ നിന്നാണ് വിയയുടെ കുതിപ്പ് ആരംഭിക്കുന്നത്.
ആദ്യ വര്‍ഷം തന്നെ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം തേടിയെത്തി. 1991 ല്‍ മൊണാക്കോക്ക് ഫ്രഞ്ച് കപ്പ് നേടിക്കൊടുത്തു. തൊട്ടടുത്ത വര്‍ഷം മൊണാക്കോ യൂറോപ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പിന്റെ ഫൈനലിലെത്തി. ഒമ്പത് മത്സരങ്ങളില്‍ നിന്ന് വിയ നേടിയ നാല് ഗോളുകള്‍ പ്രധാനമായിരുന്നു.

1992 മുതല്‍ 1995 വരെ പി എസ് ജി താരമായപ്പോഴും ജോര്‍ജ് വിയ കിരീടവിജയങ്ങള്‍ ആസ്വദിച്ചു. ഇവിടെ നിന്നാണ് എ സി മിലാനിലെത്തുന്നത്.
ആദ്യ സീസണില്‍ തന്നെ ഇറ്റാലിയന്‍ ലീഗ് സ്വന്തമാക്കി. റോബര്‍ട്ടോ ബാജിയോ, ദെജാന്‍ സാവിസെവിച് എന്നീ സൂപ്പര്‍ താരങ്ങളായിരുന്നു വിയക്കൊപ്പം മിലാന്റെ ആക്രമണ നിരയില്‍.
ആദ്യ സീസണില്‍ മിലാന്റെ ടോപ് സ്‌കോററാവുകയും ചെയ്തതോടെ ബാലണ്‍ദ്യോര്‍, ലോക ഫുട്‌ബോളര്‍ പട്ടങ്ങള്‍ വിയയെ തേടിയെത്തി.