ദുബൈയില്‍ ഗതാഗത നിരീക്ഷണത്തിന് ഡ്രോണുകളും

Posted on: December 20, 2017 8:15 pm | Last updated: December 20, 2017 at 8:15 pm

ദുബൈ: ദുബൈ നിരത്തുകളില്‍ ഗതാഗതം നിരീക്ഷിക്കുന്നതിനായി ഡ്രോണുകളൊരുക്കി ദുബൈ പോലീസ്. വിവിധ കവലകളിലും പ്രധാന പാതകളിലും തിരക്കേറിയ സമയത്തെ ഗതാഗതം തത്സമയം വീക്ഷിച്ച് പട്രോള്‍ സംഘങ്ങളുടെ സേവനം കാര്യക്ഷമമാക്കുന്നതിനാണ് അധികൃതര്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുള്ളത്. ഡ്രോണുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഉന്നത നിലവാരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ക്യാമറകള്‍ പോലീസ് ഓപറേഷന്‍ റൂമുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.

പ്രധാന സംഭവങ്ങളും ഗതാഗത നീക്കവും നിരീക്ഷിച്ചു കാമറ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്ക് അയക്കുന്ന സമയം തന്നെ പരിസരത്തുള്ള പട്രോള്‍ സംഘങ്ങള്‍ക്ക് സംഭവത്തിന്റെ വിശദാംശങ്ങള്‍ കൈമാറുകയും ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിന് വഴിയോരുക്കയും ചെയ്യും. കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥര്‍ 4ജി സംവിധാനം വഴിയാണ് കാമറകളെ നിയന്ത്രിക്കുന്നതെന്ന് ദുബൈ പോലീസ് ഓപ്പറേഷണല്‍ കമ്മ്യൂണിക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. ഖാലിദ് അല്‍ മര്‍റി പറഞ്ഞു.
പുതിയ സംവിധാനം വഴി വിവിധ സംഭവങ്ങള്‍, അത്യാഹിതങ്ങള്‍, ദുരന്തങ്ങള്‍, അപകടങ്ങള്‍ എന്നിവ ഉദ്യോഗസ്ഥര്‍ക്ക് തത്സമയം കമാന്‍ഡ് റൂമിലിരുന്ന് നിരീക്ഷിക്കുന്നതിന് സൗകര്യമുണ്ട്. ഇതിലൂടെ അടിയന്തിര ഘട്ടത്തില്‍ പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിനും അത്യാഹിത നിവാരണങ്ങള്‍ ദ്രുതഗതിയില്‍ ഏകോപിപ്പിക്കുന്നതിനും സാധിക്കുന്നു. ഉദ്യോഗസ്ഥര്‍ക്ക് മികച്ച രീതിയില്‍ പരിശീലനം ഏര്‍പെടുത്തുമ്പോള്‍ റഫറന്‍സായി ഇത്തരം വീഡിയോകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദീര്‍ഘ സമയം പ്രവര്‍ത്തിക്കാവുന്ന ബാറ്ററിയാണ് ഡ്രോണുകളില്‍ ഉപയോഗിക്കുന്നത്. 4ജി സംവിധാനം വഴി മികച്ച രീതിയില്‍ വളരെ പെട്ടന്ന് നഗരത്തിന്റെ കൂടുതല്‍ ഭാഗങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ചിത്രീകരിക്കുന്നതിനും കഴിയുന്നു. 2008 മുതല്‍ ദുബൈ പ്രട്രോള്‍ സംഘം 3ജി സംവിധാനത്തോടെ തത്സമയ നിരീക്ഷണം നടത്തുന്നുണ്ട്. 2012 മുതല്‍ ദുബൈ പൊലീസിന് കീഴിലെ മോട്ടോര്‍ ബൈക്ക് പട്രോള്‍ സംഘത്തിനും 3ജി സൗകര്യത്തോടെ പൊതുനിരത്തുകള്‍ നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ഏര്‍പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.