Connect with us

Sports

ഇന്ത്യ-ശ്രീലങ്ക ട്വന്റി20 പരമ്പരക്ക് ഇന്ന് തുടക്കം

Published

|

Last Updated

കട്ടക്ക്: ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് പിന്നാലെ ട്വന്റി20 പരമ്പരയും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

രണ്ടാം മത്സരം 20ന് ഇന്‍ഡോറിലും മൂന്നാമത്തേത് 24ന് മുംബൈയിലും നടക്കും.
ടെസ്റ്റ് പരമ്പര 1-0ന് സ്വന്തമാക്കിയ ഇന്ത്യ ഏകദിന പരമ്പര ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ അഭാവത്തിലാണ് 2-1ന് പിടിച്ചെടുത്തത്. രോഹിത് ശര്‍മക്കായിരുന്നു ക്യാപ്റ്റന്റെ ഉത്തരവാദിത്വം. ഇരട്ടസെഞ്ച്വറിയോടെ റെക്കോര്‍ഡ് ബുക്കിലേക്ക് പാഞ്ഞു കയറിയ രോഹിത് ടി20യിലും പ്രതീക്ഷ നല്‍കുന്നു.
തുടരെ അഞ്ച് ട്വന്റി20 മത്സരങ്ങളില്‍ പരാജയപ്പെട്ട ശ്രീലങ്കക്ക് നാണക്കേട് ഒഴിവാക്കാന്‍ ഈ പരമ്പരയിലെങ്കിലും ജയിക്കേണ്ടതുണ്ട്.

ടി20യില്‍ പതിനൊന്ന് തവണ മുഖാമുഖം വന്നപ്പോള്‍ 7-4ന് ഇന്ത്യക്കാണ് മുന്‍തൂക്കം. അവസാനം കളിച്ച നാല് മത്സരവും ജയിച്ച ഇന്ത്യ ഫോം നിലനിര്‍ത്തുന്നു.
യുവനിരയിലാണ് ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്നത്. സൗരാഷ്ട്ര പേസര്‍ ജയദേവ് ഉനാദ്കാദ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മൂന്ന് പേര്‍ പുതുമുഖങ്ങളായുണ്ട്. വാഷിംഗ്ടണ്‍ സുന്ദര്‍, ബേസില്‍ തമ്പി, ദീപക് ഹൂഡ എന്നിവര്‍. ഫെബ്രുവരിയില്‍ സഈദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡ ആള്‍ റൗണ്ടര്‍ ദീപക് ഹൂഡ കുട്ടിക്രിക്കറ്റിലെ നാലാമത്തെ വേഗമേറിയ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.

ഫിനിഷര്‍മാരായി ധോണിയും ഹര്‍ദിക് പാണ്ഡ്യയും ടീമിലുണ്ട്. അവസാന ഓവര്‍ സ്‌പെഷ്യലിസ്റ്റ് ജസ്പ്രീത് ബുമ്‌റക്ക് ഭുവനേശ്വര്‍ കുമാറിന്റെ അഭാവം നികത്താനുള്ള ഉത്തരവാദിത്വമുണ്ട്. ഐ പി എല്ലില്‍ ഗുജറാത്ത് ലയണ്‍സിനായി യോര്‍ക്കറുകള്‍ സ്ഥിരതയോടെ എറിയുന്ന കേരള താരം ബേസില്‍ തമ്പിക്കും ഇത് മികവ് തെളിയിക്കാനുള്ള വേദിയാണ്.

സ്‌ക്വാഡ് (ഇന്ത്യ): രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക്, എം എസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, യുവേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ, ജസ്പ്രീത് ബുമ്‌റ, മുഹമ്മദ്‌സിറാജ്, ബേസില്‍ തമ്പി, ജയദേവ് ഉനാദ്കാത്.

സ്‌ക്വാഡ് (ശ്രീലങ്ക): തിസരെ പേരെര(ക്യാപ്റ്റന്‍), ഉപുല്‍തരംഗ, ഏഞ്ചലോ മാത്യൂസ്, കുശാല്‍ ജനിത് പെരേര, ധനുഷിക ഗുണതിലക, നിരോഷന്‍ ഡിക്വെല, അസെല ഗുണരത്‌നെ, സദീര സമരവിക്രമ, ദാസുന്‍ ഷനക, ചതുരംഗ ഡിസില്‍വ, സചിത് പതിരന, ധനഞ്ജയ ഡിസില്‍വ, നുവാന്‍ പ്രദീപ്, വിശ്വ ഫെര്‍നാണ്ടോ, ദുശ്മന്ത് ചമീര.

 

 

Latest