കോടതി അനുവദിച്ചാലും മാനംമര്യാദയുള്ള സ്ത്രീകളാരും ശബരിമലയില്‍ കയറില്ലെന്ന് ദേവസ്യം ബോര്‍ഡ് പ്രസിഡന്റ്

Posted on: October 13, 2017 7:43 pm | Last updated: October 13, 2017 at 9:37 pm

കോട്ടയം: പ്രായഭേദമന്യേ എല്ലാ സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യങ് ഇന്ത്യ ലോയേഴ്‌സ് ആണ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാനിരിക്കവെ, ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദപ്രസ്താവനയിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയെ തായ്‌ലന്റ് ആക്കരുതെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കോടതി വിധിച്ചാലും മാനംമര്യാദയുള്ള സ്ത്രീകളാരും ശബരിമലയില്‍ കയറില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ 10 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നാണ് ബോര്‍ഡിന്റെ നിലപാടെന്ന് പ്രയാര്‍ പറഞ്ഞു. ശബരിമലയില്‍ സുരക്ഷയും ആചാരവുമാണ് പ്രശ്‌നം.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതിയുടെ ഭരണഘടനാബെഞ്ചിന് വിട്ട നടപടി സ്വാഗതാര്‍ഹമാണെന്ന് പ്രയാര്‍ പറഞ്ഞു. ഹിന്ദു ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം. എല്ലാ മതവിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് ബോര്‍ഡിന്റെ നിലപാട്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും. ബോര്‍ഡിന്റെ ആവശ്യപ്രകാരമാണ് കേസ് ഭരണഘടനാബെഞ്ചിന് വിട്ടത്. പ്രയാര്‍ ചൂണ്ടിക്കാട്ടി.

ഹര്‍ജി സുപ്രിം കോടതി അഞ്ചംഗം ഭരണഘടനാബെഞ്ചിന് വിട്ട് ഉത്തരവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം വന്നിരിക്കുന്നത്.