Connect with us

Kerala

രാജീവിന്റെ കൊലപാതകം: മുഖ്യപ്രതി ചക്കര ജോണി അറസ്റ്റില്‍

Published

|

Last Updated

ചാലക്കുടി: റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് (46) കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ജോണി (ചക്കര ജോണി)യും കൂട്ടാളി പൈനാടത്ത് രഞ്ജിത്തും അറസ്റ്റില്‍. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇവരെ പാലക്കാട് നിന്നാണ് പിടികൂടിയത്. പ്രതികളെ ചാലക്കുടിയില്‍ എത്തിച്ചു.

ജോണിയെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കൊരട്ടിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ജോണിയുടെ പാസ്‌പോര്‍ട്ടുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇയാള്‍ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍, കോയമ്പത്തൂര്‍ വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമം നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് വലവിരിച്ചതിനാല്‍ ഈ ശ്രമം പാളുകയായിരുന്നു.

കേസില്‍ മുരിങ്ങൂര്‍ സ്വദേശി രാജന്‍, ആറ്റപ്പാടം സ്വദേശി ഷൈജു, പരുമ്പി സ്വദേശി സത്യന്‍, ചാലക്കുടി സ്വദേശി സുനില്‍ എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ആരോപണ വിധേയനായ എറണാകുളത്തെ ഒരു അഭിഭാഷകന്റെ പങ്കും പോലിസ് അന്വേഷിക്കുന്നുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി. ശംസുദ്ധീന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്. വെള്ളിയാഴ്ചയാണ് രാജീവ് കൊല്ലപ്പെട്ടത്.
പരിയാരം തവളപ്പാറയില്‍ പാട്ടത്തിന് നിലമെടുത്ത് കൃഷി നടത്തി വരികയായിരുന്നു രാജീവ്. ഈ തോട്ടത്തിന് സമീപത്തെ കെട്ടിടത്തിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്. പണം കടം കൊടുത്തതിനുള്ള രേഖകള്‍ കൈവശപ്പെടുത്താനുള്ള ശ്രമമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച രാജീവും ചക്കര ജോണിയും വസ്തു ഇടപാടുകളില്‍ കൂട്ടുകച്ചവടക്കാരായിരുന്നു. പണമിടപാട് സംബന്ധിച്ച തര്‍ക്കത്തില്‍ ഇരുവരും പിരിഞ്ഞു. രാജീവിനെതിരെ ജോണി അങ്കമാലി പോലീസ് സ്റ്റേഷനില്‍ നിരവധി കള്ളക്കേസുകള്‍ നല്‍കിയതായും പറയുന്നു.