പിടിഎ യും അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളും സന്നദ്ധസംഘടനകളും കൈകോര്‍ത്തു 19 ക്ലാസ് റൂമുകള്‍ ഹൈടെക്കാക്കി മാറ്റി

Posted on: October 1, 2017 9:13 am | Last updated: September 30, 2017 at 11:26 pm

മൊഗ്രാല്‍: നൂറുവര്‍ഷം പിന്നിട്ട് ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്തു നില്‍ക്കുന്ന മൊഗ്രാല്‍ ഗവ. സ്‌കൂളിനെ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തെയെന്നുള്ള പ്രഖ്യാപനത്തിന് പിന്നാലെ പിടിഎ യും അധ്യാപകരും എസ്എം സി യും പൂര്‍വ വിദ്യാര്‍ഥികളും സന്നദ്ധസംഘടനകളും കൈകോര്‍ത്തു 19 ക്ലാസ് റൂമുകള്‍ ഹൈടെക്കാക്കി മാറ്റിയത് ശ്രദ്ധേയമായി.
സംസ്ഥാനത്ത് 37 സ്‌കൂളുകള്‍ ഹൈടെക് രീതിയിലാക്കാനുള്ള സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരുന്നുണ്ട്. എന്നാല്‍ മൊഗ്രാല്‍ സ്‌കൂളില്‍ പിടിഎ യുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ കൂട്ടായ്മയിലൂടെയാണ് ഇത്രയും ക്ലാസ്‌റൂമുകള്‍ ഒറ്റയടിക്ക് ഹൈടെക്കായി മാറ്റിയിരിക്കുന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറികളാണ് എട്ടു ലക്ഷത്തോളം രൂപ മുതല്‍ മുടക്കി ഹൈടെക് ക്ലാസ്സ്മുറികളാക്കി മാറ്റിയത്. ഈ പ്രവര്‍ത്തനത്തിലൂടെ മൊഗ്രാലിലെ മികച്ച പിടിഎ, എസ് എം സി കമ്മിറ്റികള്‍ക്ക് ഈ വര്‍ഷത്തെ അഭിമാനിക്കാവുന്ന നേട്ടമായി വിലയിരുത്തപ്പെടുന്നു. കമ്മിറ്റികളുടെ പ്രവര്‍ത്തന മികവ് ഏറെ പ്രശംസനീയമായി മാറി.

സ്‌കൂളില്‍ പി ടി എ യുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ പഠനകേന്ദ്രങ്ങള്‍, കമ്പ്യൂട്ടര്‍ പഠനം, ലൈബ്രറി പ്രവര്‍ത്തനം, പഠന ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍ ഇതിന് പുറമെ പച്ചക്കറിത്തോട്ടം, ഭൗതിക സാഹചര്യം മെച്ചപ്പെടുത്തല്‍, ശുചിത്വ കാര്യങ്ങളിലുള്ള ശ്രദ്ധ തുടങ്ങിയവയെല്ലാം മൊഗ്രാല്‍ സ്‌കൂള്‍ എസ് എം സി യുടെയും പി. ടി. എ യുടെയും നേട്ടപ്പട്ടികയിലുള്ളവയാണ്.

പൂര്‍വ വിദ്യാര്‍ഥികളില്‍ സ്‌കൂളിലെ എസ് എസ് എല്‍ സി യില്‍ 1987-88, 91-92, 93-94, 97-98, എന്നീ ബാച്ചുകളിലെ വിദ്യാര്‍ഥികളാണ് രണ്ടര ലക്ഷത്തോളം രൂപ ഹൈടെക് ക്ലാസ് മുറികള്‍ക്കായി സംഭാവന ചെയ്തത്. സന്നദ്ധ സംഘടനകളും ക്ലാസ് മുറികള്‍ക്കായി പണം സംഭാവന നല്‍കിയിട്ടുണ്ട്.
ഹൈടെക്ക്ലാസ് റൂമുകളുടെ ഉദ്ഘാടനം 5 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നിര്‍വഹിക്കും.