സാമ്പത്തിക ഉപദേശത്തിന് സമിതി

Posted on: September 25, 2017 11:25 pm | Last updated: September 25, 2017 at 11:25 pm

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനും ജി എസ് ടിക്കും പിറകേ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങവേ സാമ്പത്തിക കാര്യങ്ങളില്‍ പ്രധാനമന്ത്രിക്ക് ഉപദേശങ്ങള്‍ നല്‍കുന്നതിനായി അഞ്ചംഗ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു. നിതി ആയോഗ് അംഗം ബിബേക് ദെബ്രോയ് ആണ് സമിതി ചെയര്‍മാന്‍.
നിതി ആയോഗ് പ്രിന്‍സിപ്പല്‍ അഡൈ്വസറും മുന്‍ ധനകാര്യ സെക്രട്ടറിയുമായ രതന്‍ വതല്‍ കൗണ്‍സിലിന്റെ മെംബര്‍ സെക്രട്ടറിയാകും. സാമ്പത്തിക ശാസ്ത്രജ്ഞന്‍ സുര്‍ജിത് ഭല്ല, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ആന്‍ഡ് പോളിസി ഡയറക്ടര്‍ രതിന്‍ റോയ്, ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് റിസര്‍ച്ച് പ്രൊഫസര്‍ അഷിമാ ഗോയല്‍ കൗണ്‍സില്‍ അംഗങ്ങളാകും.

പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന സാമ്പത്തിക വിഷയങ്ങള്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയുമാണ് സമിതിയുടെ ഉത്തരവാദിത്വം. ആര്‍ ബി ഐ മുന്‍ ഗവര്‍ണര്‍ സി രംഗരാജനാണ് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് രൂപവത്കരിച്ച സാമ്പത്തിക ഉപദേശക സമിതിയുടെ ചെയര്‍മാന്‍.