Connect with us

Kerala

സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കാമെന്ന് ആശുപത്രി ഉടമകള്‍

Published

|

Last Updated

തിരുവനന്തപുരം:സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കാമെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമ്മതിച്ചു.
കൊച്ചിയില്‍ ചേര്‍ന്ന മാനേജ്‌മെന്റ് പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ശമ്പളം കൂടുതലാണെങ്കിലും ഇത് നല്‍കാന്‍ തങ്ങള്‍ തയ്യാറാണ്. പക്ഷേ നഴ്‌സുമാരുടെ സമരം തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും മാനേജ്മന്റ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പിന്തുടരുവാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മറ്റ് ആവശ്യങ്ങള്‍ ഇരുപതാം തീയ്യതി നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തുടര്‍നടപടികള്‍ക്ക് മാനേജ്‌മെന്റുകളുടെ കര്‍മസമിതി രൂപീകരിക്കാനും തീരുമാനമായി.

അതേസമയം വ്യാഴാഴ്ച നഴ്‌സുമാരുടെ സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. മാനേജ്‌മെന്റുകളുടെ പ്രതിനിധികളെയും ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനു സാധ്യത തേടി ബുധനാഴ്ച ഹൈക്കോടതി മീഡിയേഷന്‍ യോഗവും വിളിച്ചിട്ടുണ്ട്.

17,200 രൂപയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ച കുറഞ്ഞ ശമ്പളം. എന്നാല്‍ ഈ നിര്‍ദേശം സ്വീകാര്യമല്ലെന്നും സുപ്രീം കോടതി നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്ത 20,000 രൂപ കുറഞ്ഞ ശമ്പളമായി ലഭിക്കണമെന്നുമാണ് നഴ്‌സുമാരുടെ നിലപാട്.