ലോക്‌നാഥ് ബെഹ്‌റ പുതിയ പോലീസ് മേധാവി

Posted on: June 28, 2017 10:42 am | Last updated: June 28, 2017 at 4:58 pm

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പോലീസ് മേധാവിയായി തിരിച്ചെത്തും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

നിലവിലെ ഡിജിപി. ടിപി സെന്‍കുമാര്‍ വെള്ളിയാഴ്ച വിരമിക്കുന്ന സാഹചര്യത്തിലാണ് ബെഹ്‌റയെ വീണ്ടും ഡിജിപിയായി നിയമിച്ചത്. ടിപി സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബെഹ്‌റ സ്ഥാനമൊഴിഞ്ഞത്. 55 ദിവസങ്ങള്‍ക്ക് ശേഷമാണ് ബെഹ്‌റ വീണ്ടും ഡിജിപിയായി നിയമിതനാകുന്നത്.
തുടര്‍ന്ന് അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടര്‍ ആയി നിയമിക്കുകയായിരുന്നു. സര്‍ക്കാര്‍ തീരുമാനം അറിയില്ലെന്നായിരുന്നു ബെഹ്‌റയുടെ പ്രതികരണം. സര്‍ക്കാര്‍ തീരുമാനത്തില്‍ നന്ദിയും സന്തോഷമുണ്ട്. മുമ്പ് തുടങ്ങിവെച്ച കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. സര്‍ക്കാറിന്റെ നയങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് പോകുമെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.