ബിജെപി യുവനേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടി യന്ത്രം കണ്ടെത്തി

Posted on: June 22, 2017 2:20 pm | Last updated: June 22, 2017 at 6:21 pm

തൃശൂര്‍: തൃശൂര്‍ മതിലകത്ത് ബിജെപി യുവനേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടി യന്ത്രവും കള്ളനോട്ടും പിടിച്ചെടുത്തു. ബിജെപി നേതാവും യുവമോര്‍ച്ചാ ശ്രീനാരായണപുരം കിഴക്കന്‍ മേഖലാ ഭാരവാഹിയുമായ രാജേഷിന്റെ വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.

ഇത്തരത്തില്‍ അടിച്ച ഒന്നര ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്ത് പോലീസും ഫോറന്‍സിക് സംഘവും പരിശോധന നടത്തി. വീടിന്റെ മുകളിലത്തെ നിലയില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് കള്ളനോട്ട് അടിച്ചുവന്നിരുന്നത്. 2000,500,50 രൂപയുടെ വ്യാജനോട്ടുകളാണ് കണ്ടെത്തിയത് കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ നോട്ട് എ ഫോര്‍ പേപ്പറില്‍ പ്രിന്റെടുത്ത് മുറിച്ചാണ് ഉപയോഗിച്ചിരുന്നത്.

പെട്രോള്‍ പമ്പിലും ബേങ്കിലുമാണ് ഇയാള്‍ നോട്ടുകള്‍ കൈമാറിയിരുന്നത്. ബേങ്കുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. രാജേഷിന്റെ സഹോദരനും ഇതില്‍ പങ്കുണ്ടെന്ന് സൂചനയുണ്ട്. ഇയാള്‍ ഒളിവിലാണ്.