പാലൊളി കമ്മിറ്റി നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കും: മുഖ്യമന്ത്രി

Posted on: June 14, 2017 11:51 pm | Last updated: June 14, 2017 at 11:51 pm

തിരുവനന്തപുരം: പാലൊളി കമ്മിറ്റി നിര്‍ദേശങ്ങളില്‍ നടപ്പിലാകാത്തവ നടപ്പിലാക്കുമെന്ന്്് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്്‌ലിം സംഘടനകളുമായുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ മൂലം മുസ്്‌ലിം സമൂഹത്തിനുള്ള ആശങ്കകളെ ഗൗരവത്തിലെടുക്കും. മലബാര്‍ മേഖലയില്‍ കൂടുതല്‍ പ്ലസ്്് വണ്‍ സീറ്റുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിന് മുന്നോടിയായിട്ടാണ് മുസ്‌ലിം സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. സര്‍ക്കാറിന്റെ ഒരു വര്‍ഷത്തെക്കുറിച്ച് അഭിപ്രായം പറയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആമുഖം. പോലീസ് നയം, മദ്യനയം, പ്ലസ്്് വണ്‍ സീറ്റുകളുടെ കുറവ്, കരിപ്പൂര്‍ എയര്‍പോര്‍ട്ട് പ്രശ്‌നം, അനാഥാലയങ്ങള്‍ക്കുള്ള നിയന്ത്രണം എന്നീ പ്രശ്‌നങ്ങള്‍ ഉന്നയിച്ച മുസ്്‌ലിം സംഘടനാ നേതാക്കള്‍ പാലൊളി കമ്മറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പാലൊളി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന വാഗ്ദാനം മുഖ്യമന്ത്രി നല്‍കിയത്. അനാഥാലയങ്ങളുടെ മേലുള്ള നിയന്ത്രണം ലഘൂകരിക്കാന്‍ ശ്രമം നടത്തും.
കരിപ്പൂര്‍ എയര്‍പോര്‍ട്ട് പ്രശ്‌നം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ഉന്നത ഉദ്യോഗസ്ഥനെ ഡല്‍ഹിയിലേക്കയക്കും. സീസണ്‍ കാലത്തെ വിമാന ടിക്കറ്റ് വര്‍ധനയില്‍ ഇടപെടുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഇടതുപക്ഷത്തിന് ഒരു പോലീസ് നയമുണ്ട്്് അതേ നടപ്പാക്കൂ. യു എ പി എ ചുമത്തുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയുണ്ടാകും. വികസനത്തിന്റെ വേഗത വര്‍ധിപ്പിക്കും, പശ്ചാത്തല വികസനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്, ദേശീയപാത, ഗെയില്‍ പൈപ്പ്്് ലൈയിന്‍ എന്നിവക്ക് ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ ടി ജലീല്‍, സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എ സൈഫുദ്ദീന്‍ ഹാജി, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ഷിഹാബ് തങ്ങള്‍, ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, മമ്മദ് ഫൈസി, ഡോ. ബഹാവുദ്ദീന്‍ നദ്‌വി കൂരിയാട്, എം ഐ അബ്ദുല്‍ അസീസ്, ടി പി അബ്ദുല്ലക്കോയ മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, ഒ അബ്ദുര്‍റഹ്മാന്‍, ഡോ. ഫസല്‍ ഗഫൂര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ, ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ പി അബ്ദുല്‍ വഹാബ് പങ്കെടുത്തു.