Connect with us

National

കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരി മത്സരിക്കേണ്ട: പോളിറ്റ് ബ്യൂറോ

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കേണ്ടെന്നു സി.പി.എം പൊളിറ്റ്ബ്യൂറോ. കോണ്‍ഗ്രസ് പിന്തുണയോടെ സീതാറാം യച്ചൂരി രാജ്യസഭയിലേക്കു മല്‍സരിക്കേണ്ടെന്നു ഡല്‍ഹിയില്‍ചേര്‍ന്ന സി.പി.എം പൊളിറ്റ് ബ്യൂറോ തീരുമാനമെടുത്തു.

യച്ചൂരി മല്‍സരിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം പൊളിറ്റ് ബ്യൂറോ തള്ളി. മല്‍സരിക്കേണ്ടെന്നു കേരളഘടകം നിലപാടെടുത്തിരുന്നു. നിലവില്‍ പാര്‍ട്ടി മാനദണ്ഡം ലംഘിക്കാനാവില്ലെന്നു സീതാറാം യച്ചൂരി എകെജി ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പിന്തുണയോടെ മല്‍സരിക്കേണ്ടെന്നാണു പിബി തീരുമാനം.വിജ്ഞാപനം വന്നശേഷം പാര്‍ട്ടി നിലപാടെടുക്കുമെന്നും യച്ചൂരി പറഞ്ഞു.

രാജ്യത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ യച്ചൂരി പാര്‍ലമെന്റില്‍ തുടരേണ്ടത് അനിവാര്യമെന്നു വ്യക്തമാക്കി മറ്റു ചില സംസ്ഥാന ഘടകങ്ങളും സിസിയിലെ ചില അംഗങ്ങളും പിബിക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍, കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് ഇടപാടുകള്‍ പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നു കേരള ഘടകം പരസ്യ നിലപാടെടുത്തതു യച്ചൂരിയെ എതിര്‍ക്കുന്ന കാരാട്ട് പക്ഷത്തിനു ബലമായി.

യച്ചൂരിയുടേതുള്‍പ്പെടെ ബംഗാളില്‍നിന്നു രാജ്യസഭയിലേക്ക് ആറു സീറ്റുകളിലാണ് ഉടനെ ഒഴിവുവരുന്നത്. അംഗബലം മാത്രം നോക്കിയാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അഞ്ചുപേരെയും കോണ്‍ഗ്രസിന് ഒരാളെയും ജയിപ്പിക്കാം. ആകെ 31 എംഎല്‍എമാരുള്ള ഇടതിനു തനിച്ചു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനാവില്ല. എന്നാല്‍, കോണ്‍ഗ്രസിന്റെ എട്ടുപേര്‍ ഭിന്നിച്ചുനില്‍ക്കുന്നതിനാല്‍ അവര്‍ക്കു തനിച്ചും സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനാവാത്ത സാഹചര്യമാണ്.

യച്ചൂരിയാണ് ഇടതു സ്ഥാനാര്‍ത്ഥിയെങ്കില്‍ തങ്ങള്‍ മല്‍സരിക്കില്ലെന്നും യച്ചൂരിയെ പിന്തുണയ്ക്കുമെന്നും കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈ അവസരം മുതലെടുക്കണമെന്നായിരുന്നു ബംഗാള്‍ ഘടകത്തിന്റെ ആവശ്യം. യച്ചൂരിയുടെ നിലവിലെ രാജ്യസഭാ കാലാവധി ഓഗസ്റ്റില്‍ അവസാനിക്കുമ്പോള്‍ സംസ്ഥാനത്തുനിന്നുള്ള മറ്റു രണ്ടു സി.പി.എം അംഗങ്ങളില്‍ തപന്‍ സെന്‍ അടുത്ത വര്‍ഷവും ഋതബ്രത ബാനര്‍ജി 2020ലും വിരമിക്കും.

Latest