സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷ സംഘടനകള്‍ തമ്മില്‍ പൊരിഞ്ഞ പോര്

Posted on: May 25, 2017 1:46 pm | Last updated: May 25, 2017 at 1:59 pm

തിരുവനന്തപുരം: സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ സമരം ചെയ്യാന്‍ സെക്രട്ടേറിയറ്റിന് മുന്നിലെത്തിയ യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ പോരടിച്ചു. തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും പോലീസുകാരന് പരുക്കേറ്റു. സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു.

സെക്രട്ടേറിയറ്റ് വളഞ്ഞുള്ള പ്രതിഷേധത്തിന് എത്തിയതായിരുന്നു ഇരു പ്രതിപക്ഷ സംഘടനകളും. സമരകേന്ദ്രമായ നോര്‍ത്ത് ഗേറ്റ് കേന്ദ്രീകരിച്ച് സമരം നടത്താനാണ് ഇരുകൂട്ടരും തീരുമാനിച്ചിരുന്നത്. ഇതിനിടെ യുവമോര്‍ച്ചക്ക് അനുവദിക്കപ്പെട്ട സ്ഥലത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതോടെ വാക്കേറ്റവും ഉന്തും തള്ളുമായി. ഇടക്ക് കല്ലേറ് കൂടി ആയതോടെ രണ്ട് സംഘനയുടെ പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ ഏറ്റുമുടല്‍ നടന്നു. പരസ്പരം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്രവര്‍ത്തകര്‍ പരിധി വിട്ടതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് ബിജെപി നേതാക്കള്‍ സ്ഥലത്ത് എത്തി പ്രവര്‍ത്തകരോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടുവെങ്കിലും ആരും ചെവികൊണ്ടില്ല. ബിജെപി നേതാക്കളായ വി.വി. രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.