ഫിഞ്ച് മിന്നി; ഗുജറാത്തിന് ഏഴ് വിക്കറ്റ് ജയം

Posted on: April 28, 2017 1:34 am | Last updated: April 28, 2017 at 11:12 am

ബെംഗളൂരു: ആരോണ്‍ ഫിഞ്ചിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ഐ പി എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഗുജറാത്ത് ലയണ്‍സിന് ജയം. 37 പന്തുകള്‍ ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് ജയം കണ്ടത്. സ്‌കോര്‍: ബാംഗ്ലൂര്‍: 134 ആള്‍ഔട്ട്. ഗുജറാത്ത് 13.5 ഓവറില്‍ മൂന്ന് വിക്കറ്റിന് 135.
34 പന്തില്‍ അഞ്ച് ബൗണ്ടറികളും ആറ് സിക്‌സറുകളും പറത്തിയ ഫിഞ്ച് 72 റണ്‍സടിച്ചുകൂട്ടി. ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന 30 പന്തില്‍ 34 റണ്‍സെടുത്തു. എട്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവുമായി ഗുജറാത്ത് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ബാംഗ്ലൂര്‍ ഏഴാമതേക്കിറങ്ങി. നേരത്തെ ഗുജറാത്ത് ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ക്ക് മുട്ടുവിറച്ചപ്പോള്‍ ബാംഗ്ലൂര്‍ 20 ഓവറില്‍ 134 റണ്‍സിന് പുറത്തായി. ക്രിസ് ഗെയ്ല്‍ (എട്ട്), കോഹ്‌ലി (പത്ത്), ഡിവില്ലിയേഴ്സ് (അഞ്ച്), ട്രാവിസ് ഹെഡ് (പൂജ്യം), മന്‍ദീപ് സിംഗ് (എട്ട്) സാമുവല്‍ ബദ്രി (മൂന്ന്) എന്നിവര്‍ പൊരുതാതെ കീഴടങ്ങി. പവന്‍ നേഗി (32), കേദാര്‍ ജാദവ് (31) എന്നിവരാണ് ബാംഗ്ലൂരിനെ മറ്റൊരു നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.
9.3 ഓവറില്‍ 60 റണ്‍സെടുക്കുന്നതിനിടെ ബാംഗ്ലൂരിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഗുജറാത്തിനായി ആന്‍ഡ്രു ടൈ നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. രവീന്ദ്ര ജഡേജ രണ്ടും മലയാളി താരം ബേസില്‍ തമ്പി, അങ്കിത് സോണി, ഫോക്നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. വിരാട് കോഹ് ലിയെയാണ് ബേസില്‍ തമ്പി വീഴ്ത്തിയത്.