Connect with us

Gulf

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ വിരമിച്ചു

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. എസ് അബ്ദുല്‍ കരീം സര്‍വീസില്‍നിന്ന് വിരമിച്ചു. 29 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷമാണ് അദ്ദേഹം സ്‌കൂളിന്റെ പടിയിറങ്ങിയത്.
1988ല്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച നിയമ ബിരുദധാരിയായ അബ്ദുല്‍ കരീം ദീര്‍ഘകാലം സ്‌കൂളിന്റെയും മാനേജ്‌മെന്റായ ഇന്ത്യന്‍ അസോസിയേഷന്റെയും പി ആര്‍ ഒ ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്നാണ് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയിലെത്തിയത്. എട്ട് വര്‍ഷം ഈ സ്ഥാനത്തിരുന്നു.

1987ലാണ് തിരുവനന്തപുരം പുലിപ്പാറ സ്വദേശി അബ്ദുല്‍കരീം ദുബൈയിലെത്തിയത്. ഒരു വര്‍ഷം ദുബൈ ക്രസന്റ് സ്‌കൂളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു.
തിരുവനന്തപുരം ലോ കോളജില്‍നിന്ന് എല്‍ എല്‍ ബി ബിരുദവും യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം എ ബിരുദവും കരസ്ഥമാക്കിയ അബ്ദുല്‍ കരീം 1985ല്‍ കേരള ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. മൂന്നു വര്‍ഷം തിരുവനന്തപുരം കോടതിയില്‍ അഭിഭാഷകനായി സേവനമനുഷ്ഠിച്ചു. സംതൃപ്തിയോടെയാണ് സ്‌കൂളിന്റെ പടിയിറങ്ങുന്നതെന്ന് അബ്ദുല്‍കരീം പറഞ്ഞു. സ്‌കൂളിന്റെ വളര്‍ച്ചയിലും പുരോഗതിയിലും ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫാഇസയാണ് ഭാര്യ. സ്വകാര്യ എന്‍ജിനിയറിംഗ് കോളജ് അസി. പ്രൊഫസര്‍ അമ്മാര്‍ ബിന്‍ കരീം ഏക മകന്‍.