Connect with us

Wayanad

സൗഹൃദ കൂട്ടായ്മയായി സഞ്ചാരികളുടെ കോര്‍ മീറ്റ്‌

Published

|

Last Updated

മാനന്തവാടി ബോയ് ടൗണില്‍ നടന്ന സഞ്ചാരി കോര്‍ മീറ്റില്‍ നിന്ന്‌

മാനന്തവാടി: പ്രകൃതിക്കൊപ്പം സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ “സഞ്ചാരി”യുടെ യൂണിറ്റ് ഭാരവാഹികളുടെ (അഡ്മിന്‍മാരുടെ) മീറ്റ് മാനന്തവാടി ബോയ് ടൗണില്‍ നടന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സഞ്ചാരി യൂണിറ്റുകളില്‍ നിന്നുള്ള നൂറോളം കോര്‍ അംഗങ്ങള്‍ മീറ്റില്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഓഫ് ലൈനായും സജീവ ഇടപെടലുകള്‍ നടത്താന്‍ കോര്‍ മീറ്റില്‍ തീരുമാനമായി. പ്രകൃതിയുടെ സംരക്ഷണത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനമായി.

ഓരോ യൂണിറ്റുകളും നടത്തിയ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ള യൂണിറ്റുകളിലേക്ക് വ്യാപിപ്പിക്കാനുള്ള തീരുമാനവുമുണ്ടായി. സഞ്ചാരിക്കായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവരെ ചടങ്ങില്‍ ആദരിച്ചു. മീറ്റ് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ സജ്‌ന കരീം ഉദ്ഘാടനം ചെയ്തു. കെ.എം ഹരീഷ്, ഹാമിദലി വാഴക്കാട്, ഐറിഷ് വല്‍സമ്മ തുടങ്ങിയവര്‍ ക്ലാസുകള്‍ അവതരിപ്പിച്ചു. സഞ്ചാരി അഡ്മിന്‍മാരും ടീം സഞ്ചാരി അംഗങ്ങളും പരിപാടി നിയന്ത്രിച്ചു. പരിസ്ഥിതിക്ക് ഇണങ്ങുന്ന യാത്രകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ സജീവ ഇടപെടല്‍ നടത്തി വരികയാണ് സഞ്ചാരി. നിരവധി ഫെയ്‌സ്ബുക്ക് യാത്രാ ഗ്രൂപ്പുകള്‍ ഉണ്ടെങ്കിലും വ്യക്തമായ കാഴ്ചപ്പാടുമായി മൂന്നര ലക്ഷത്തിലധികം അംഗങ്ങളുടെ പിന്തുണയോടു കൂടിയാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. സഞ്ചാരിയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ സഞ്ചാരി സ്വന്തമായും സര്‍ക്കാര്‍അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടും നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ട്.