Connect with us

National

യു പിയില്‍ മുഖ്യമന്ത്രിയാകാന്‍ രാജ്‌നാഥ് സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: യു പി നിയമസഭാ കക്ഷി നേതാവിയി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ തീരുമാനിക്കുന്നതിന് ബി ജെ പി തയ്യാറെടക്കുന്നു. കനത്ത ഭൂരിപക്ഷത്തില്‍ പാര്‍ട്ടി ജയിച്ചു കയറിയെങ്കിലും ആരെ മുഖ്യമന്ത്രിയാക്കണമെന്നതിനെ സംബന്ധിച്ച് ധാരണയിെലത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന രാജ്നാഥ് സിങിന് ഒരു ഊഴം കൂടി നല്‍കി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചയക്കുന്നതിന് പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഏകദേശ ധാരണയായതായി ബിജെ പി കേന്ദ്രങ്ങള്‍ വൃക്തമക്കി. തീരുമാനം കൃത്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശ ധാരണയിലെത്തിയതായിട്ടാണ് ബി ജെ പി കേന്ദ്രങ്ങള്‍ നല്‍കന്ന സൂചന. അതേസമയം, ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം ഈ മാസം 18ന് നിയമസഭാംഗങ്ങളുടെ യോഗത്തില്‍ എടുക്കും.

രാജ് നാഥ് സിംഗ് യു പി മുഖ്യമന്ത്രിയാവുകയാണെങ്കില്‍ കേന്ദ്ര മന്ത്രിസഭയിലടക്കം ബി ജെ പി ദേശീയ തലത്തില്‍ സമഗ്ര അഴിച്ചുപണി നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനത്തേക്കും പ്രതിരോധ മന്ത്രി സ്ഥാനത്തേക്കും പുതിയ ആളെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കണ്ടെത്തേണ്ടതുണ്ട്. പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചാല്‍ പുനഃസംഘടന നടത്തുമെന്നാണ് അറിയുന്നത്. അരുണ്‍ ജയ്റ്റ്ലിക്കാണ് നിലവില്‍ മനോഹര്‍ പരീക്കര്‍ ഒഴിഞ്ഞ പ്രതിരോധ മന്ത്രാലയത്തിന്റെ അധിക ചുമതല. നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ രണ്ട് മന്ത്രാലയങ്ങളുടെയും ചുമതല ജെയ്റ്റ്ലിക്കായിരുന്നു. ഗോവ മുഖ്യമന്ത്രി സ്ഥാനം രാജിവെപ്പിച്ച് മനോഹര്‍ പരീക്കറെ പിന്നീട് നരേന്ദ്രമോഡി പ്രതിരോധമന്ത്രാലയത്തിന്റെ ചുമതലയേല്‍പ്പിക്കുകയായിരുന്നു. രണ്ട മന്ത്രാലയങ്ങളും വലുതും ഏറെ പ്രധാനപ്പെട്ടതുമാണ്. രണ്ടും ഒരാള്‍ കൈകാര്യം ചെയ്യുന്നത് ഭരണതടസ്സത്തിന് കാരണവുമാകും.

ഇതിനാല്‍ ജയ്റ്റ്ലിയുടെ ചുമതല ഒറ്റ മന്ത്രാലയത്തിലേക്ക് പരിമിതപ്പെടുത്തും. പ്രതിരോധ മന്ത്രിയായി ജയ്റ്റ്ലിയെ മാറ്റാനാനുള്ള സാധ്യത ശക്തമാണെന്നാണ് ഡല്‍ഹിയിലെ അഭ്യൂഹം. അങ്ങനെ വന്നാല്‍ ധനമന്ത്രാലയത്തിലേക്ക് പുതിയ മന്ത്രിയെ കണ്ടെത്തേണ്ടിവരും. ജയ്റ്റ്ലിക്ക് പ്രതിരോധ മന്ത്രി സ്ഥാനം കൈമാറുമെന്നാണ് പ്രധാനമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നേരത്തെ നോട്ട്‌നിരോധനം നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ ധനമന്ത്രിക്കായില്ല എന്ന ആരോപണങ്ങള്‍ ബി ജെ പി നേതാക്കള്‍ തന്നെ നിയിച്ചിരുന്നു. ധനമന്ത്രാലയത്തിന്റെ ചുമതല പിയൂഷ് ഗോയലിന് നല്‍കിയേക്കും. കൂടാതെ രോഗം അലട്ടുന്ന ശുഷമാ സ്വാരാജിന് മറ്റെതെങ്കിലും ചെറിയ വകുപ്പ് നല്‍കി വിദേശ കാര്യമന്ത്രാലയത്തിലേക്ക് ദേവേന്ദ്ര ഫട്നാവിസ്അടക്കമുള്ളവരെ പരിഗണിച്ചേക്കുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന മുനിസിപ്പില്‍ തെരഞ്ഞെടുപ്പിലും ബിജെപിക്കുണ്ടായ ജയത്തിന്റെ ക്രഡിറ്റ് ദേവേന്ദ്ര ഫട്നാവിസിനായിരുന്നു.
ആര്‍എസ്എസിന്റെ പ്രത്യേക താല്‍പര്യത്തോടെയാണ് നാഗ്പൂരുകാരനായ ഫട്നാവിസിനെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കിയത്. ചെറുപ്പക്കാരനായ ഫട്നാവിസിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയെന്ന നിര്‍ദേശം ആര്‍എസ്എസില്‍നിന്ന് ഉയരുന്നു.

 

Latest