Connect with us

Malappuram

അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക്ക്: ശാപമോക്ഷമില്ലാതെ വനിതാ ഹോസ്റ്റല്‍

Published

|

Last Updated

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ഗവ. പോളിടെക്ക്‌നിക് കോളജിലെ വനിതാ ഹോസ്റ്റല്‍ തുറക്കാന്‍ ഇനിയും നടപടിയായില്ല.

അടുത്ത അധ്യയന വര്‍ഷത്തിലും ദൂരങ്ങളില്‍ നിന്ന് വരുന്ന പെണ്‍കുട്ടികള്‍ വന്‍ തുക മുടക്കി പുറത്തുള്ള ഹോസ്റ്റലുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
ഹോസ്റ്റല്‍ തുറക്കണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാര്‍ഥികള്‍ മുമ്പ് നിരാഹാര സമര വരെ നടത്തിയിരുന്നു. അടുത്ത അധ്യയന വര്‍ഷത്തിന് മുമ്പ് തീര്‍ച്ചയായും ഹോസ്റ്റല്‍ തുറക്കുമെന്ന് എം എല്‍ എ അടക്കമുള്ളവര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് അന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍ അധ്യയന വര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ ഹോസ്റ്റല്‍ തുറക്കാന്‍ ഇതുവരെ നടപടിയായിട്ടില്ല. ക്യാമ്പസില്‍ വെറുതെ അടച്ചിട്ടിരിക്കുന്ന ഹോസ്റ്റല്‍ കെട്ടിടം നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മതിയായ സംരക്ഷണമില്ലാത്തതിനാല്‍ കെട്ടിടത്തിന്റെ ചുറ്റുഭാഗം മുഴുവന്‍ കാട് മൂടി കിടക്കുകയാണ്. കോളജധികൃതര്‍ ഓരോ ഒഴിവുകള്‍ പറഞ്ഞ് തങ്ങളെ പിന്തിരിപ്പിക്കുകയാണന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
2011 ഡിസംബര്‍ 23നാണ് ശിലാസ്ഥാപനം നിര്‍വഹിച് നിര്‍മാണം തുടങ്ങിയത്. 2014 ജൂണ്‍ 21 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനവും നിര്‍വഹിച്ചു.
വാര്‍ഡനെ നിയമിക്കാത്തതാണ് ഹോസ്റ്റല്‍ തുറക്കുന്നതിനുള്ള പ്രധാന വെല്ലുവിളി.
അല്ലങ്കില്‍ ഹോസ്റ്റലിന്റെ ചുമതല ഇവിടെത്തെ അധ്യാപകര്‍ ഏറ്റെടുക്കണം.

ഈ രണ്ട് കാര്യങ്ങളും അനിശ്ചിതമായി തുടരുകയാണ്. ഹോസ്റ്റല്‍ തുറക്കണമെന്നാവശ്യപ്പെട്ട് കോളജിലെ മുഴുവന്‍ വിദ്യാര്‍ഥിനികളെയും പങ്കെടുപ്പിച്ച് എസ് എഫ് ഐ സമരത്തിനൊരുങ്ങുകയാണ്. ഹോസ്റ്റലിന് ചുറ്റുമതില്‍ നിര്‍മിച്ച് ഒരു വാര്‍ഡനെ നിയമിക്കേണ്ടതും അനിവാര്യമാണ്.

 

Latest