കുറ്റകൃത്യങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ നൂതന വിദ്യയുമായി ദുബൈ പോലീസ്‌

Posted on: December 8, 2016 7:23 pm | Last updated: December 10, 2016 at 5:07 pm

ദുബൈ: നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിനും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടുന്ന നടപടികള്‍ കൈകൊള്ളുന്നതിനും ദുബൈ പോലീസ് ക്രൈം പ്രെഡിക്ഷന്‍ അനാലിസിസ് സംവിധാനം ഏര്‍പെടുത്തി. ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തിലാണെന്ന് ദുബൈ പോലീസ് അറിയിച്ചു.

കൂടുതലായി കുറ്റകൃത്യങ്ങള്‍ നടക്കുന്നയിടങ്ങളെ അടയാളപ്പെടുത്താനും അവിടത്തെ കുറ്റകൃത്യങ്ങളുടെ സ്വഭാവ രീതി മനസ്സിലാക്കി കൂടുതല്‍ നിരീക്ഷണം ഏര്‍പെടുത്താനും പോലീസ് സേനക്ക് ഇതുമൂലം കഴിയുമെന്ന് ദുബൈ പോലീസ് ഓപ്പറേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ കമാല്‍ ബുതി അല്‍ സുവൈദി അറിയിച്ചു. മേഖലയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം ഏര്‍പെടുത്തുന്നത്. ദുബൈ പോലീസിന്റെ കുറ്റാന്വേഷണ അനുഭവ സമ്പത്തിന്റെ പശ്ചാത്തലത്തില്‍ സേനയിലെ വിദഗ്ധ സംഘം രൂപകല്‍പന ചെയ്തതാണ് പുതിയ സംവിധാനം.

ദുബൈ പോലീസിന്റെ 20 വര്‍ഷത്തെ അന്വേഷണ റെക്കോര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തയ്യാര്‍ ചെയ്ത പഠന റിപ്പോര്‍ട്ടുകള്‍ നഗരത്തിന്റെ ഓരോ ഭാഗത്തും ഉണ്ടായ കുറ്റകൃത്യങ്ങളെകുറിച്ചും അവയുടെ സ്വഭാവ രീതിയെകുറിച്ചും വിശകലനം ചെയ്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പുതിയ സംവിധാനത്തിന്റെ ഡാറ്റ ബേസിലേക്ക് നല്‍കുന്നതോടെ ഒരു സമയ പരിധിക്കുള്ളില്‍ ഓരോ ഭാഗത്തും നടക്കാന്‍ ഇടയുള്ള കുറ്റകൃത്യങ്ങളെകുറിച്ചു പോലീസ് സംഘത്തിന് നിര്‍ദേശം നല്‍കിക്കൊണ്ടിരിക്കും. ഇതനുസരിച്ചു കൂടുതല്‍ പട്രോള്‍ സംഘത്തെ അത്തരം മേഖലകളില്‍ മുന്‍ കൂട്ടി വിന്യസിക്കാന്‍ സേനക്ക് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.