കോഹ്‌ലി കരിയറിലെ മികച്ച റാങ്കില്‍

Posted on: November 23, 2016 9:40 am | Last updated: November 23, 2016 at 9:40 am

kohliന്യൂഡല്‍ഹി: ഐ സി സി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നാലാം സ്ഥാനത്ത്. കരിയറില്‍ കോഹ്‌ലിയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് റാങ്കിംഗാണിത്. വിശാഖപട്ടണം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 167ഉം രണ്ടാം ഇന്നിംഗ്‌സില്‍ 81ഉം സ്‌കോര്‍ ചെയ്ത് കോഹ്‌ലി മാന്‍ ഓഫ് ദ മാച്ചായിരുന്നു. രണ്ടിന്നിംഗ്‌സിലുമായി കോഹ്‌ലി നേടിയ 248 റണ്‍സ് ഇന്ത്യയുടെ വിജയമാര്‍ജിനേക്കാള്‍ രണ്ട് റണ്‍സ് മുകളിലാണ്. മൊഹാലി ടെസ്റ്റിലും മികവ് ആവര്‍ത്തിച്ചാല്‍ കോഹ്‌ലി അധികം വൈകാതെ ഒന്നാം റാങ്കിലെത്തും.
അമ്പത് ടെസ്റ്റുകള്‍ കളിച്ച കോഹ്‌ലി പുതിയ റാങ്കിംഗില്‍ 97 പോയിന്റുകള്‍ നേടി ആദ്യമായി 800 പോയിന്റ് കടമ്പ കടന്നു. ടെസ്റ്റില്‍ 800 പോയിന്റ് കരസ്ഥമാക്കുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് കോഹ്‌ലി.
വിശാഖപട്ടണം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പുജാര പത്താം റാങ്കില്‍ നിന്ന് ഒമ്പതാം സ്ഥാനത്തേക്ക് നില മെച്ചപ്പെടുത്തി.
ബൗളിംഗ് റാങ്കിംഗില്‍ മുഹമ്മദ് ഷമി അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി കരിയറിലെ മികച്ച റാങ്കിംഗ് ആയ ഇരുപത്തൊന്നിലെത്തി. സ്പിന്നര്‍ രവീന്ദ്ര ജഡേജ ഒരു സ്ഥാനം കയറി ആറാം റാങ്കിലെത്തി.