മൊസൂളില്‍ ആറ് ഇസില്‍ കേന്ദ്രം കൂടി തിരിച്ചുപിടിച്ചു

Posted on: November 5, 2016 1:21 am | Last updated: November 5, 2016 at 1:21 am
മൊസൂളില്‍ നിന്ന് പലായനം ചെയ്യുന്നവര്‍
മൊസൂളില്‍ നിന്ന് പലായനം ചെയ്യുന്നവര്‍

മൊസൂള്‍: വടക്കന്‍ ഇറാഖിലെ മൊസൂളില്‍ ഇസില്‍വിരുദ്ധ മുന്നേറ്റം നടത്തുന്ന ഇറാഖ് സഖ്യ സേന തീവ്രവാദികളുടെ ആറ് ശക്തി കേന്ദ്രങ്ങള്‍ തിരിച്ചുപടിച്ചു. കിഴക്കന്‍ മൊസൂളിലെ മുഴുവന്‍ ഇസില്‍ കേന്ദ്രങ്ങളും ഇതോടെ ഇറാഖ് സേനയുടെ നിയന്ത്രണത്തിലായി. കുര്‍ദ് സായുധ സംഘവും ഗോത്ര സായുധ വിഭാഗവും മൊസൂളിലെ ഇസില്‍ ശക്തി പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കിഴക്കന്‍ മേഖലയിലെ സദ്ദാം ജില്ലയിലേക്കാണ് സൈന്യം നീങ്ങിക്കൊണ്ടിരിക്കുന്നത്. രണ്ടാഴ്ചയായി നടന്നുകൊണ്ടിരിക്കുന്ന സൈനിക ഓപറേഷന്‍ വിജയത്തിന്റെ വക്കിലെത്തിയെന്നാണ് ഇറാഖിന്റെ സൈനിക വൃത്തങ്ങള്‍ സൂചന നല്‍കുന്നത്.
മൊസൂളില്‍ പ്രത്യാക്രമണം നടത്തണമെന്ന ഇസില്‍ തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ ഓഡിയോ ടേപ്പ് ഇറാഖ് സൈനിക ക്യാമ്പില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ല. ബഗ്ദാദിയടക്കമുള്ള ഇസില്‍ നേതാക്കള്‍ക്ക് വേണ്ടി ഊര്‍ജിതമായ തിരച്ചിലാണ് നടത്തുന്നത്.
അതിനിടെ, മൊസൂളിലെ 15 ലക്ഷത്തോളം വരുന്ന സാധാരണക്കാരുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ചര്‍ച്ച യു എന്നില്‍ പുരോഗമിക്കുകയാണ്. ഇസില്‍ ആക്രമണവും അമേരിക്കയുടെ വ്യോമാക്രമണവും സാധാരണക്കാരെ പരിഭ്രാന്തിയിലാക്കുന്നുണ്ട്. പോരാട്ട ഭൂമിയില്‍ നിന്ന് പലായനം ചെയ്ത ആയിരക്കണക്കിനാളുകള്‍ സമീപ പ്രവിശ്യകളിലെ ക്യാമ്പുകളിലെത്തിയിട്ടുണ്ട്.