പരീക്ഷാ കണ്‍ട്രോളറെ ഉപരോധിച്ചു; ഫലപ്രഖ്യാപനം വേഗത്തിലാക്കാന്‍ തീരുമാനം

Posted on: November 5, 2016 12:43 am | Last updated: November 5, 2016 at 12:43 am
 കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ ഭവനില്‍ പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസ്  എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു
കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ ഭവനില്‍ പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസ്
എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറെ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഉപരോധിച്ചു. എല്‍ എല്‍ ബി പരീക്ഷാഫല പ്രഖ്യാപനം വൈകുന്നതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. ബി ബി എ, എല്‍ എല്‍ ബി കോഴ്‌സുകളുടെ രണ്ട്, നാല് , ആറ് സെമസ്റ്റര്‍ പരീക്ഷാ ഫലം അനിശ്ചിതമായി നീണ്ട്‌പോകുയാണെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ പരീക്ഷാകണ്‍ട്രോളറെ ഉപരോധിക്കുകയായിരുന്നു.
ഇന്നലെ ഉച്ചക്ക് 12 ഓടെ പരീക്ഷാഭവനുള്ളിലെ പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസിനകത്തും പുറത്തും ഉപരോധം തീര്‍ക്കുകയായിരുന്നു. ഒന്നര മണിക്കൂറോളം ഉപരോധം നീണ്ടുനിന്നു. ജനുവരിയിലാണ് പരീക്ഷ നടത്തിയതെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും പരീക്ഷാഭവന്‍ ഫലം പ്രഖ്യാപിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
സമരത്തെ തുടര്‍ന്ന് പരീക്ഷാകണ്‍ട്രോളര്‍ ഡോ. വി വി ജോര്‍ജുകുട്ടിയുമായി വിദ്യാര്‍ഥികള്‍ ചര്‍ച്ച നടത്തി. ബി ബി എ, എല്‍ എല്‍ ബി രണ്ടാം സെമസ്റ്റര്‍ പരീക്ഷാഫലം 16നും നാല്, ആറ് സെമസ്റ്റര്‍ ഫലങ്ങള്‍ ഈ മാസം 28നും പ്രസിദ്ധീകരിക്കുമെന്ന് പരീക്ഷാകണ്‍ട്രോളര്‍ രേഖാമൂലം ഉറപ്പുനല്‍കിയതായി എസ് എഫ് ഐ നേതൃത്വം അറിയിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം എ കെ ബിജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് രാഹുല്‍രാജ്, ജില്ലാ കമ്മിറ്റിയംഗം സര്‍ജാസ്, ലോ ലോകോളേജ് യൂനിറ്റ് സെക്രട്ടറി വിപിന്‍ദാസ്, സച്ചിന്‍ദേവ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.