തുലാവര്‍ഷം: സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത

Posted on: November 1, 2016 11:35 am | Last updated: November 1, 2016 at 3:29 pm

തിരുവനന്തപുരം: തുലാവര്‍ഷമെത്തിയതോടെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലും കനത്ത മഴ ലഭിച്ചിരുന്നു. നവംബര്‍ രണ്ട് വരെ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത.
ഞായറാഴ്ച തമിഴ്‌നാട്ടിലും ആന്ധ്രാ തീരത്തും തുലാവര്‍ഷമെത്തിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് സ്ഥിരീകരിച്ചു. തുലാവര്‍ഷം സാധാരണ തോതില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെങ്കിലും കേരളത്തില്‍ കുറവായിരിക്കുമെന്നാണ് സൂചന.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം രാജ്യത്ത് സാധാരണ തോതില്‍ ലഭിച്ചപ്പോള്‍ കേരളത്തില്‍ 34 ശതമാനം കുറവുണ്ടായി. രാജ്യത്ത് പ്രതീക്ഷിച്ചതിലും ഏറ്റവും കുറവ് എടവപ്പാതി ലഭിച്ചത് കേരളത്തിലാണ്. തുലാവര്‍ഷവും പ്രതീക്ഷിച്ച തോതില്‍ ലഭിച്ചില്ലെങ്കില്‍ സ്ഥിതി രൂക്ഷമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കൊല്ലം ജില്ലയിലാണ്. ഒമ്പത് സെ. മി. തിരുവനന്തപുരത്ത് പലയിടങ്ങളിലും പത്തനംതിട്ട കോന്നിയിലും എഴ് സെ. മി. മഴ ലഭിച്ചു. കരിപ്പൂര്‍ വിമാനത്താവളം, ആലത്തൂര്‍, കോല്ലങ്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ അഞ്ച് സെ. മീറ്ററും കൊച്ചി, പെരുമ്പാവൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ നാല് സെ. മീറ്ററും മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തിലും വെള്ളാണിക്കര, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, നിലമ്പൂര്‍ എന്നിവിടങ്ങളിലാണ്ഏറ്റവും കുറവ് മഴ ലഭിച്ചത്.