ഡി എഫ് ഒയുടെ വ്യാജസീല്‍ നിര്‍മിച്ച് ആള്‍മാറാട്ടം; അട്ടപ്പാടിയില്‍ ആദിവാസി വിദ്യാര്‍ഥി പിടിയില്‍

Posted on: October 25, 2016 1:43 pm | Last updated: October 25, 2016 at 1:43 pm

പാലക്കാട്: അട്ടപ്പാടി പട്ടികവര്‍ഗ്ഗ പദ്ധതിയുടെ കമ്പ്യൂട്ടറില്‍ ഡി എഫ് ഒയുടെ വ്യാജസീല്‍ നിര്‍മിച്ച് ആള്‍മാറാട്ടം നടത്തിയ ആദിവാസി വിദ്യാര്‍ഥി പിടിയില്‍.
അഗളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി നായ്ക്കര്‍പാടി സ്വദേശിയും പാലക്കാട് വിക്ടോറിയ കോളജില്‍ ബിരുദ വിദ്യാര്‍ഥിയുമാണ് പിടിയിലായ ആള്‍. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് പോലീസ് വ്യക്തമാക്കി. അട്ടപ്പാടിയിലെ ആദിവാസി വിദ്യാര്‍ഥികളെ ബ്രിഡ്ജ് സ്‌കൂള്‍ എന്ന േപരില്‍ അഹാഡ്‌സിന്റെ ക്വാര്‍ട്ടേഴ്‌സുകള്‍ കൈയടക്കി ബോധവത്ക്കരണം നടത്തുന്നു എന്ന ആക്ഷേപം നിലനില്‍ക്കെയാണ് പുതിയ സംഭവം.
ബ്രിഡ്ജ് സ്‌കൂള്‍ പദ്ധതിയുടെ കമ്പ്യൂട്ടറിലാണ് വ്യാജ സീല്‍ നിര്‍മ്മിച്ചതായി കണ്ടെത്തിയിരിക്കുന്നത്. അട്ടപ്പാടി ഫാമിംഗ് സൊസൈറ്റിയുടെ കീഴില്‍ ഗിരിജ്യോതി പദ്ധതിക്കായി ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴാണ് കേന്ദ്ര പദ്ധതിയെന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കായി പണം പൊടിക്കുന്നത്. സര്‍ക്കാറിന്റെ വ്യാജസീല്‍ നിര്‍മാണം, വ്യാജ പ്രമാണം ചമയ്ക്കല്‍, ആള്‍മാറാട്ടം എന്നി കേസുകളാണ് അഗളി പോാലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അട്ടപ്പാടി സന്ദര്‍ശിച്ച വിദേശികള്‍ക്ക് ഒപ്പം ഗൈഡായി പോകാന്‍ പോലീസിന്റെ സമ്മതമില്ലാതെ ഈ വിദ്യാര്‍ത്ഥിയെ ഉപയോഗിച്ചതായും ആരോപണമുണ്ട്. കോളേജില്‍ തുടര്‍ച്ചയായി അവധിയിലായിരുന്ന വിദ്യാര്‍ത്ഥി ഹാജര്‍ കാണിക്കുന്നതിനായി ഡി എഫ യുടെ പേരില്‍ വ്യാജ സീല്‍ നിര്‍മിച്ച് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതോടെയാണ് പിടിക്കപ്പെട്ടത്. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥന്റെ സീല്‍ ഉപയോഗിച്ച് വനത്തില്‍ നിന്ന് തടി അടക്കമുള്ള എന്തും കടത്താം.
മാവോയിസ്റ്റ് മേഖലയില്‍ വ്യാജ സീല്‍ നിര്‍മ്മാണം ആശങ്ക സൃഷ്ടിക്കുന്നതായി പൊലീസും ജനപ്രതിനിധികളും പറഞ്ഞു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സി പി എം നേതാവും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി ശിവശങ്കരന്‍ പറഞ്ഞു.