മനോഹര്‍ പരീക്കര്‍ ജനറല്‍ ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി

Posted on: May 24, 2016 8:35 pm | Last updated: May 24, 2016 at 8:35 pm

അബുദാബി: ഹ്രസ്വ സന്ദര്‍ശനാര്‍ഥം യു എ ഇയിലെത്തിയ ഇന്ത്യന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും പ്രതിരോധ, സൈനിക ബന്ധം ശക്തിപ്പെടുത്താനുമുള്ള വഴികളില്‍ സഹകരണം ശക്തിപ്പെടുത്തുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതുസംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ ഇരുവരും ആശങ്ക പ്രകടിപ്പിച്ചു. ആഗോള പ്രാദേശിക സംഭവങ്ങളും ചര്‍ച്ച ചെയ്തു. യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, കൂടിക്കാഴ്ചയില്‍ യു എ ഇ പ്രതിരോധ സഹമന്ത്രി മുഹമ്മദ് അഹ്മദ് അല്‍ ബൊവാര്‍ഡി, യു എ ഇ സായുധസേനാ ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ഹമദ് മുഹമ്മദ് തനി അല്‍ റുമൈത്തി, യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം പങ്കെടുത്തു.
രണ്ടുദിവസത്തെ ഒമാന്‍ സന്ദര്‍ശനത്തിനുശേഷമാണ് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ യു എ ഇ യിലെത്തിയത്. ഒമാനില്‍ പ്രതിരോധമന്ത്രി ബദര്‍ ബിന്‍ സൗദ് ബിന്‍ ഹരീബ് അല്‍ ബുസൈദി, ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ്, റോയല്‍ അഫയേഴ്‌സ് മന്ത്രി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅമാനി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
മന്ത്രിക്കൊപ്പം ഡിഫന്‍സ് പ്രൊഡക്ഷന്‍ വിഭാഗം സെക്രട്ടറി അശോക് ഗുപ്ത, ഡി ആര്‍ ഡി ഒ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് വിഭാഗം സെക്രട്ടറി ഡോ. എസ് ക്രിസ്റ്റഫര്‍, വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലഫ്. ജനറല്‍ എം എം എസ് റായ്, വെസ്റ്റേണ്‍ കമാന്‍ഡ് ഫഌഗ് ഓഫീസര്‍ കമാന്‍ഡിംഗ് ചീഫ് വൈസ് അഡ്മിറല്‍ സുനില്‍ ലാന്‍ബ, വൈസ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എയര്‍മാര്‍ഷല്‍ ബി എസ് ധനോവ തുടങ്ങി പ്രതിരോധമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡ് അഡീഷനല്‍ ഡി ജി എസ് സി ബാജ്‌പേയി, ഭാരത് ഇലക്‌ട്രോണിക്‌സ് സി എം ഡി എസ് കെ ശര്‍മ തുടങ്ങിയവരുമുണ്ടായിരുന്നു.