Connect with us

Ongoing News

വിഎസ് അച്യുതാനന്ദനെ കാണാന്‍ പിണറായി എത്തി

Published

|

Last Updated

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വി.എസ്. അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് പിണറായി വി.എസുമായി കൂടിക്കാഴ്ച നടത്തിയത്. പിണറായിക്കൊപ്പം കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതെ പോയതില്‍ വി.എസിന് നിരാശയുണെ്ടന്ന് വിലയിരുത്തലുണ്ടായ സാഹചര്യത്തില്‍ അനുനയത്തിന്റെ ഭാഗമായാണ് പിണറായി വി.എസുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് കരുതുന്നത്. അതേസമയം, വി.എസിന്റെ ഉപദേശം തേടാനാണ് താന്‍ എത്തിയതെന്നാണ് കൂടിക്കാഴ്ചയ്ക്കു ശേഷം പിണറായി പ്രതികരിച്ചത്. മുഖ്യമന്ത്രിയായി ഏറെ അനുഭവസമ്പത്തുള്ളയാളാണ് വി.എസെന്നും തനിക്ക് എല്ലാം പുതുമയാണെന്നും പിണറായി പറഞ്ഞു.

വെള്ളിയാഴ്ച എകെജി സെന്ററിലേക്കു വി.എസിനെ വിളിച്ചുവരുത്തിയാണു പിണറായിയെ മുഖ്യമന്ത്രിയാക്കാനുള്ള സെക്രട്ടേറിയറ്റിന്റെ തീരുമാനം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചത്. പിണറായിയെ മുഖ്യമന്ത്രിയാക്കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരേ കേന്ദ്ര നേതാക്കളോടോ സംസ്ഥാന സമിതിയിലോ വി.എസ്. അച്യുതാനന്ദന്‍ ഒന്നും മിണ്ടിയില്ല. വെള്ളിയാഴ്ച രാവിലെ എകെജി സെന്ററിലെത്തി മടങ്ങിയ വി.എസ് വൈകുന്നേരം ചേര്‍ന്ന സംസ്ഥാന സമിതിയില്‍ പങ്കെടുത്തിരുന്നു.