Connect with us

Palakkad

മണ്ണാര്‍ക്കാട്ട് ചര്‍ച്ച കൊലപാതക രാഷ്ട്രീയം തന്നെ

Published

|

Last Updated

മണ്ണാര്‍ക്കാട്:തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിലും മണ്ണാര്‍ക്കാട് ചര്‍ച്ചയാകുന്നത് കൊലപാതക രാഷ്ട്രീയം തന്നെ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ പ്രതിരോധത്തിലായ മുസ്‌ലിം ലീഗും എം എല്‍ എയും പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലും ഇതേ വിഷയത്തെ അഭിമുഖീകരിക്കുകയാണ്. കേരളത്തിലെ മറ്റെല്ലാ മണ്ഡലങ്ങളിലും ഇടതു മുന്നണിയും വലതു മുന്നണിയും ബി ജെ പിയും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളെക്കാളേറെ മണ്ണാര്‍ക്കാട് പ്രചാരണത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് കല്ലാംകുഴി കൊലപാതകം തന്നെയാണ്. എല്ലാ സ്ഥാനാര്‍ഥികളും ഒരു പോലെ കൊലപാതക രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുന്നതാണ് ലീഗിനെ പ്രതിരോധത്തിലാക്കുന്നത്. കൊലപാതക രാഷ്ട്രീയത്തിനെതിരെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സുരേഷ്‌രാജ് വ്യക്തമായ പ്രചാരണം നടത്തുമ്പോള്‍ ഇതിനെതിരെയാണ് യു ഡി എഫ് സ്ഥാനാര്‍ഥി ശംസുദ്ദീന്‍ മൈക്കെടുക്കുന്നത്. താന്‍ പ്രതികളെ സഹായിച്ചില്ലെന്ന് പറയാനാണ് ഒന്നര മാസമായി അദ്ദേഹം ശ്രമം നടത്തുന്നത്. എന്‍ ഡി എക്ക് വേണ്ടി മല്‍സരിക്കുന്ന ബി ഡി ജെ എസ് സ്ഥാനാര്‍ഥി കേശവദേവും കല്ലാംകുഴി കൊലപാതകം തന്റെ പ്രചാരണത്തിന്റെ ഭാഗമാക്കുന്നുണ്ട്. എല്‍ ഡി എഫിനും ബി ഡി ജെ എസിനും വേണ്ടി മണ്ഡലത്തിലെത്തുന്ന നേതാക്കളെല്ലാം ലീഗിനും സ്ഥാനാര്‍ഥിക്കുമെതിരെ ചോദ്യമായി കല്ലാംകുഴി ഉയര്‍ത്തുന്നുണ്ട്. ഇതിനും മണ്ഡലത്തിലെ മറ്റു സ്ഥാനാര്‍ഥികളായ എസ് ഡി പി ഐ സ്ഥാനാര്‍ഥി യൂസുഫും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി സുലൈമാനും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോര്‍ജ്കുട്ടിയും ഒരു പോലെ കല്ലാംകുഴി കൊലപാതകം പ്രചാരണ രംഗത്ത് കൊണ്ടു വരുന്നുണ്ട്. പ്രചാരണരംഗത്ത് കല്ലാംകുഴി ഇരട്ടകൊലപാതകം സജീവമായി നിലനില്‍ക്കുന്നത് യു ഡി എഫിനെ ഏറെ പിറകോട്ടടിപ്പിച്ചിട്ടുണ്ട്.

2013 നവംബര്‍ 20 ന് കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞു ഹംസുവും നൂറുദ്ദീനും ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പിടിയിലായ 27 പ്രതികളും പ്രദേശത്തെ മുസ്‌ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു. മരണപ്പെട്ടവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്താന്‍ പോലും തയ്യാറാവാതിരുന്ന ലീഗ് നേതൃത്വവും എം എല്‍ എയും പ്രതികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് തുടക്കം മുതല്‍ സ്വീകരിച്ചത്. പ്രതികള്‍ക്ക് ചിലവിന് നല്‍കാന്‍ പോലും തയ്യാറായ ലീഗ് നേതൃത്വം ജാമ്യത്തിലിറങ്ങിയവരെ വിദേശത്തേക്ക് രക്ഷപ്പെടാനും വഴിയൊരുക്കി.
ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പോലും തയ്യാറാവാത്തവര്‍ പ്രതികളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചതാണ് പൊതുസമൂഹത്തില്‍ തന്നെ എം എല്‍ എക്കും ലീഗിനുമെതിരെ പ്രതിഷേധമുയര്‍ന്നത്. നേരത്തെ ഇത്തരം വിഷയം ഉയര്‍ത്തിക്കൊണ്ടു വരാത്തവര്‍ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് ഇപ്പോള്‍ വിഷയം ചര്‍ച്ചയാക്കുന്നതെന്നാണ് എം എല്‍ എയുടെ വാദം. എന്നാല്‍ കല്ലാംകുഴി കൊലപാതകം മൂന്ന് വര്‍ഷമായി സജീവമായി നിലനിന്നിരുന്നു എന്നത് എം എല്‍ എ സൗകര്യപൂര്‍വ്വം മറക്കുകയാണ്. ജില്ലയിലെ സുന്നി കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് തവണ എസ് പി ഓഫീസ് മാര്‍ച്ചും ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ രണ്ട് തവണ ഡി വൈ എസ് പി ഓഫീസ് മാര്‍ച്ചും ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരു തവണ സി ഐ ഓഫീസ് മാര്‍ച്ചും നടന്നിട്ടുണ്ട്.
പ്രതികളെ ലീഗ് നേതൃത്വം സംരക്ഷിക്കുന്നു എന്നും പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടും ഇരകള്‍ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എല്ലാ സമരവും. ഇത്രയെല്ലാം സമരം പ്രദേശത്ത് നടന്നു എന്ന് ബോധ്യമായിട്ടും സൗകര്യപൂര്‍വ്വം ഇതെല്ലാം എം എല്‍ എ മറക്കുകയാണ്. കൊലപാതകം കഴിഞ് വര്‍ഷം മൂന്നിലേക്ക് അടുക്കുമ്പോഴും ഇവരുടെ ഓര്‍മകളാണ് കൊലപാതകത്തിന് കൂട്ടു നിന്നവരെ ഇന്ന് വേട്ടയാടുന്നത്.