Connect with us

Ongoing News

തേക്കിന്റെ നാട്ടില്‍ കാറ്റ് മാറി വീശുമോ..?

Published

|

Last Updated

നിലമ്പൂര്‍ കോട്ട തകരാതിരിക്കാന്‍ മകനെ ചുമതലപ്പെടുത്തിയാണ് ആര്യാടന്‍ മത്സര രംഗം വിട്ടത്. ഇതുവരെ കോണ്‍ഗ്രസ് മലപ്പുറത്ത് ജയിച്ച് വരുന്ന രണ്ട് സീറ്റുകളിലൊന്നാണ് നിലമ്പൂര്‍. എന്നാല്‍ പിതാവിന്റെ പാത പിന്തുടരുക മകന്‍ ഷൗക്കത്തിന് എളുപ്പമാകില്ല. മകനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കഴിഞ്ഞ തവണ തവനൂര്‍ മണ്ഡലത്തില്‍ മത്സരിച്ച കെ പി സി സി സെക്രട്ടറി വി വി പ്രകാശിന് ഇവിടെ സീറ്റ് നല്‍കണമെന്നായിരുന്നു കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ആഗ്രഹിച്ചിരുന്നത്. പ്രകാശ് അനുകൂലികള്‍ ഇദ്ദേഹത്തിനായി ശക്തമായി രംഗത്തുവരികയും അദ്ദേഹത്തിന് വേണ്ടി ബോര്‍ഡ് സ്ഥാപിക്കുക വരെ ചെയ്തു. എന്നാല്‍ മകന് വേണ്ടി ശക്തമായി നിലകൊണ്ട ആര്യാടന്‍ മുഹമ്മദിന് മുന്നില്‍ കെ പി സി സി നേതൃത്വവും മുട്ട് മടക്കുന്ന കാഴ്ചയാണ് കണ്ടത്. അങ്ങിനെയാണ് ഷൗക്കത്തിന് മത്സരിക്കാനുള്ള ടിക്കറ്റ് ഒത്തുകിട്ടിയത്. നിയമസഭയിലേക്ക് കന്നിയങ്കമാണെങ്കിലും നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റായും നഗരസഭാ ചെയര്‍മാനായും ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരിലെ ജനങ്ങള്‍ക്ക് സുപരിചിതനാണ്.
ഇടതുപക്ഷമാകട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യവസായിയായ പി വി അന്‍വറില്‍ എല്‍ ഡി എഫിന് പ്രതീക്ഷയുണ്ട്. 2011ല്‍ ഏറനാട് നിയമസഭാ മണ്ഡലത്തിലും 2014ല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലും സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുമുണ്ട് അന്‍വര്‍. ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വവും തുടക്കത്തില്‍ ഇടതുപക്ഷത്തിനിടയില്‍ എതിര്‍പ്പുകള്‍ക്ക് വഴിവെച്ചിരുന്നു. രണ്ട് തവണ ആര്യാടന്‍ മുഹമ്മദിനെതിരെ മത്സരിച്ച് ഭൂരിപക്ഷം കുറച്ച എം തോമസ് മാത്യുവിനെ ഇത്തവണയും സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യമായിരുന്നു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുണ്ടായിരുന്നത്.
മലയോര മേഖലയായതിനാല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടി തോമസ് മാത്യുവിന് ലഭിക്കുമെന്ന കണക്കു കൂട്ടലും ഇതിന് പിന്നിലുണ്ടായിരുന്നു. കഴിഞ്ഞതവണ 5,598 വോട്ടിനാണ് തോമസ് മാത്യു ആര്യാടന്‍ മുഹമ്മദിനോട് പരാജയപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസുകാരനായ പി വി അന്‍വറിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് വോട്ടുകള്‍ പെട്ടിയില്‍ വീഴുമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണി നേതൃത്വം മുന്നോട്ട് വെച്ചത്. പ്രധാനമായും ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള കോണ്‍ഗ്രസ് വോട്ടുകള്‍ ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്.
തിരഞ്ഞെടുപ്പ് പോര്‍ക്കളത്തില്‍ പന്തയകുതിരകളെ പോലെയാണ് അന്‍വറും ഷൗക്കത്തുമെങ്കിലും ബന്ധുക്കളാണെന്ന പ്രത്യേകത കൂടിയുണ്ട് ഇരുവര്‍ക്കും. ഷൗക്കത്തിന്റെ മാതൃപിതാവിന്റെ അര്‍ധ സഹോദരനാണ് അന്‍വര്‍. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരക്കസേരയിലിരുന്ന ആര്യാടന്‍ ഷൗക്കത്ത് താന്‍ നടത്തിയതും പിതാവ് മണ്ഡലത്തിലുണ്ടാക്കിയതുമായ വികസന പ്രവര്‍ത്തനങ്ങളാണ് പ്രചാരണത്തില്‍ ഉയര്‍ത്തിക്കാണിക്കുന്നത്. അന്‍വറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഇടതുപക്ഷത്തിനിടയിലെ പ്രതിഷേധവും തനിക്ക് അനുകൂലമാകുമെന്ന് ഷൗക്കത്ത് പറയുന്നു.
എന്നാല്‍ മലയോര മേഖലയുടെ വികസനത്തിന് യു ഡി എഫ് ഒന്നും ചെയ്തില്ലെന്ന ആക്ഷേപമാണ് പ്രചാരണങ്ങളില്‍ എല്‍ ഡി എഫ് ഉന്നയിക്കുന്നത്. കുടുംബാധിപത്യവും വന്യമൃഗ ശല്യവും നിലമ്പൂര്‍ ബൈപ്പാസുമെല്ലാം തിരഞ്ഞെടുപ്പ് എല്‍ ഡി എഫും പ്രചരാണായുധമാക്കുന്നു. യു ഡി എഫ് ഭരിച്ചിരുന്ന ഏഴ് പഞ്ചായത്തുകളില്‍ മൂന്നണ്ണം പിടിച്ചെടുക്കാനായതും മറ്റിടങ്ങളില്‍ നില മെച്ചപ്പെടുത്തിയതും നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് ഇടതുപക്ഷം കരുതുന്നത്.
ബി ഡി ജെ എസിനുവേണ്ടി എന്‍ ഡി എ സ്ഥാനാര്‍ഥിയായി എസ് എന്‍ ഡി പി യൂണിയന്‍ നിലമ്പൂര്‍ താലൂക്ക് സെക്രട്ടറി ഗിരീഷ് മേക്കാട്ടും സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 4425 വോട്ടാണ് ലഭിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എടക്കര പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ജയിക്കുകയും ചെയ്തു. 2014ല്‍ വയനാട് ലോക്‌സഭാമണ്ഡലത്തില്‍ 13,120 വോട്ട് ലഭിച്ചതും ബി ജെ പിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.