സ്‌കൂള്‍ ബസുകള്‍ക്ക് സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കണമെന്ന് വിദഗ്ധാഭിപ്രായം

Posted on: March 23, 2016 8:34 pm | Last updated: March 23, 2016 at 8:34 pm

busദോഹ: സ്‌കൂള്‍ ബസുകള്‍ക്ക് സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കണമെന്ന് ഗതാഗത സുരക്ഷാ വിദഗ്ധന്റെ നിര്‍ദേശം. മിനിബസുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററഉം വളവുകളില്‍ 50 കിലോമീറ്ററും ആക്കി നിയന്ത്രിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായി ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കുന്നതോടൊപ്പം യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചുവെന്നത് ഉറപ്പുവരുത്തുന്നതും സ്‌കൂള്‍ ബസുകള്‍ അടക്കമുള്ള ബസുകള്‍ അപകടത്തില്‍ പെടുന്നത് കുറക്കാന്‍ ഇടയാക്കുന്നതാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നഴ്‌സറി വാന്‍ മറിഞ്ഞ് അഞ്ച് വയസ്സുകാരനായ മലയാളി വിദ്യാര്‍ഥി മരിച്ച സംഭവത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്നതിന് മിനി വാനുകള്‍ പരമാവധി ഒഴിവാക്കണം. കാറുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അശ്രമദ്ധമായാണ് മിനിബസുകള്‍ ഓടിക്കുന്നത്. വേഗം കുറച്ചാണ് മിനിബസുകള്‍ ഓടിക്കേണ്ടത്. പല സ്‌കൂളുകളും ഗതാഗത സൗകര്യം പുറംകരാര്‍ കൊടുത്തതില്‍ രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ട്. കുട്ടികളെ കൊണ്ടുപോകുന്നതിലും ഇറക്കുന്നതിലും മറ്റും പരിശീലനം ലഭിക്കാത്തവരാണ് സ്‌കൂള്‍ വാഹനങ്ങളില്‍ ഉണ്ടാകാറുള്ളതെന്നും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. കുട്ടികളെ കൊണ്ടുപോകുന്നതിന് മിനി ബസുകള്‍ സ്‌കൂളുകള്‍ ഒഴിവാക്കണം. നേര്‍ദിശയില്‍ 80 കിലോമീറ്ററിലധികം വേഗത മിനിബസുകള്‍ക്ക് പാടില്ല. ഉയര്‍ന്ന വേഗതയില്‍ വളവുകളില്‍ വേണ്ടപോലെ ചെറിയ ടയറുകള്‍ക്ക് നിയന്ത്രണം ലഭിക്കില്ല. വളവുകളില്‍ 50 കിലോമീറ്ററിലധികം വേഗത പാടില്ല. അല്ലാത്തപക്ഷം മറിയാന്‍ ഇടയുണ്ട്.
സീറ്റ് ബെല്‍റ്റ് ഉപയോഗിക്കണമെന്ന് നിര്‍ദേശിക്കാന്‍ ഒരാള്‍ സ്‌കൂള്‍ ബസില്‍ നിര്‍ബന്ധമാണ്. ചെറിയ കുട്ടികളോട് പ്രത്യേകിച്ചും സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ നിര്‍ദേശിക്കണം. ഡ്രൈവര്‍ക്ക് മാത്രം ഇത് ശ്രദ്ധിക്കാന്‍ സാധിക്കാത്തതിനാലാണ് ഒരു സഹായി വേണമെന്ന് നിര്‍ദേശിക്കുന്നത്. പല നിയമങ്ങളും സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ പാലിക്കുന്നില്ലെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നില്ലെന്നും രക്ഷിതാക്കള്‍ക്ക് പരാതിയുണ്ട്. മറ്റ് വാഹനങ്ങളെയും ഡ്രൈവര്‍മാരെയും ഗൗനിക്കാതെയാണ് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരെന്നും പരാതിയുണ്ട്.