പിസി ജോര്‍ജിന് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്ന് കോടിയേരി

Posted on: March 22, 2016 11:09 am | Last updated: March 22, 2016 at 6:30 pm

kodiyeriകൊച്ചി:പിസി ജോര്‍ജിനെ പൂഞ്ഞാറില്‍ മത്സരിപ്പിക്കാം എന്ന് ഉറപ്പുകൊടുത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫുമായി സഹകരിക്കുന്ന എല്ലാവര്‍ക്കും സീറ്റ് കൊടുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇന്നലെ പൂഞ്ഞാര്‍ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി താന്‍ തന്നെയായിരിക്കുമെന്ന് പിസി ജോര്‍ജ് എംഎല്‍എ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇടത് സ്ഥാനാര്‍ത്ഥിയായി തന്നെ മത്സരിപ്പിക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഉറപ്പു തന്നിരുന്നതായും ജോര്‍ജ് പറഞ്ഞിരുന്നു.

പി.സി ജോര്‍ജുമായി പലപ്പോഴും ആശയവിനിമയം നടത്താറുണ്ടെന്ന് വ്യക്തമാക്കിയ കോടിയേരി സീറ്റിന്റെ കാര്യം പരിഗണിക്കുന്നത് മുന്നണിയില്‍ ചര്‍ച്ച ചെയ്താണെന്നും പറഞ്ഞു. ഇടതുമുന്നണിയിലെ നിലവിലെ ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ച പോലും പൂര്‍ത്തിയായിട്ടില്ല. ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ശേഷമെ പുറത്തുള്ളവരുമായി ചര്‍ച്ച നടത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെപിഎസി ലളിത മത്സരിക്കാന്‍ താത്പര്യമില്ലെന്ന കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂട്ടായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മുതലക്കുളത്ത് മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചവരില്‍ സിപിഎം പ്രവര്‍ത്തകരുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.