നദീതടങ്ങളില്‍ തിടം വെക്കുന്ന സംസ്‌കാരങ്ങള്‍!

ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ട പിഴ, മുഴുവനായി ഒടുക്കുമോ ഇല്ലയോ എന്ന് ഉറപ്പില്ലാതിരുന്നിട്ടും ശ്രീ (ശ്രീ) രവിശങ്കറിന്റെ സാംസ്‌കാരിക ഉത്സവം ഉദ്ഘാടനം ചെയ്യാന്‍ പോകുകയും അവിടെ രണ്ട് മണിക്കൂറോളം ചെലവിടുകയും ചെയ്തത് എന്തുകൊണ്ടും ഉചിതമായി. നിയമങ്ങള്‍ ആരൊക്കെ അനുസരിക്കണം, നിയമം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട സ്ഥാപനങ്ങളെ ആരൊക്കെ അനുസരിക്കണം എന്നതിലൊരു വ്യക്തതയുണ്ടാകാന്‍ അത് സഹായിച്ചു. പ്രതിരോധ വിഭാഗത്തിന് കീഴിലുള്ള ഭടന്‍മാര്‍ രാപകല്‍ അധ്വാനം ചെയ്തുണ്ടാക്കിയ താത്കാലിക പാലങ്ങള്‍, സര്‍ക്കാര്‍ കൈയയച്ച് നല്‍കിയ രണ്ടരക്കോടിയുടെ സഹായം, ഇതെല്ലാമുപയോഗിച്ച് കെട്ടിയുയര്‍ത്തിയ ചക്രവര്‍ത്തിപീഠങ്ങളെ വെല്ലുന്ന സംവിധാനങ്ങള്‍ ഇതൊക്കെ പാഴായിപ്പോകുന്ന സ്ഥിതി ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്. അങ്ങനെ മാതൃക കാട്ടുമ്പോഴാണ് രാഷ്ട്ര നേതാക്കള്‍, ആ പദവിയിലേക്ക് ഉയരുന്നത്. അതു മനസ്സിലാക്കാത്ത ചിലര്‍ രാഷ്ട്രപതി ഭവനില്‍ സീലടിക്കാന്‍ മാത്രമായി ചുരുക്കപ്പെടും. അവരെ മാതൃകയാക്കി പരിപാടിയില്‍ നിന്ന് പിന്‍മാറിയ ഇതര രാഷ്ട്രത്തലവന്‍മാര്‍ ലോകത്തിന്റെ ശ്രദ്ധ കിട്ടാതെ വലയും.
Posted on: March 15, 2016 6:00 am | Last updated: March 14, 2016 at 11:34 pm

modi-ravi-shankar-759ഉരുവം കൊണ്ട സംസ്‌കാരങ്ങളില്‍ ഏതാണ്ടെല്ലാം നദീതടങ്ങളിലാണെന്നാണ് ഗവേഷകപക്ഷം. സിന്ധു മുതല്‍ മെസപ്പട്ടോമിയ വരെ സാക്ഷ്യം നില്‍ക്കും. ആകയാല്‍ സംസ്‌കാരങ്ങളുടെ വീണ്ടെടുപ്പിന് പറ്റിയ ഇടം നദീതടമാണെന്നതില്‍ തര്‍ക്കം വേണ്ട. അതിനുള്ള ശ്രമങ്ങള്‍ക്ക് നിയമ വ്യവസ്ഥകള്‍ തടസ്സമാണെങ്കില്‍ അവകളെ ലംഘിക്കുക തന്നെ വേണം. നിയമത്തിന്റെ നൂലാമാലകള്‍ ചൂണ്ടിക്കാട്ടിയും മറ്റും ആക്ഷേപമുന്നയിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഈ മഹത്തായ രാജ്യത്തെ ലോകം എങ്ങനെയാണ് നോക്കിക്കാണുക എന്ന് ആലോചിക്കണമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളില്‍ കഴമ്പുണ്ട്. കലയുടെ പ്രിസത്തിലൂടെ രാജ്യത്തെ നോക്കിക്കാണുമ്പോഴാണ് രാജ്യത്തിന്റെ യഥാര്‍ഥ കരുത്ത് മനസ്സിലാകുക. അതേക്കുറിച്ച് ചിന്തിക്കാത്തവരാണ് ശ്രീ ശ്രീ രവിശങ്കര്‍ തന്റെ ‘ജീവനകല’ പ്രസ്ഥാനത്തിന്റെ മുപ്പത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചൊരു വലിയ പരിപാടി സംഘടിപ്പിക്കുമ്പോള്‍ പരിസ്ഥിതി നാശവും കൃഷി ഭൂമി കൈയേറ്റവുമൊക്കെ ഉന്നയിച്ച് രംഗത്തുവരുന്നതെന്ന നരേന്ദ്ര മോദിയുടെ നിഗമനം തീര്‍ത്തും ശരിയെന്ന് മാത്രമേ ഇത്തരുണത്തില്‍ പറയാനാകൂ. രാഷ്ട്രം ഭരിക്കുന്നവര്‍ പറയുന്നതും ചെയ്യുന്നതുമാണ് രാഷ്ട്രത്തിന്റെ നയം. അതിനൊപ്പം നില്‍ക്കുന്നവരാണ് രാജ്യസ്‌നേഹികള്‍. എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികള്‍ തന്നെയാണ്. അതിനാല്‍ ശ്വാസം പിടിച്ച് രാജ്യ സ്‌നേഹം പ്രകടിപ്പിക്കുക തന്നെ വേണം.
തീര സംരക്ഷണത്തിനെന്ന പേരില്‍ രാജ്യത്ത് നിയമങ്ങള്‍ പലതും വന്നിട്ടുണ്ട്. വേലിയേറ്റവും ഇറക്കും നടക്കുന്ന തീരങ്ങളില്‍ 500 മീറ്ററും മറ്റ് തീരങ്ങളില്‍ 100 മീറ്ററുമൊക്കെ വിട്ട് വേണം സ്ഥിരാസ്ഥിര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനെന്നൊക്കെയുള്ള വ്യവസ്ഥകള്‍ ഇതിന്റെ ഭാഗമാണ്. തീരത്തിനും തീരത്തെ ആവാസ വ്യവസ്ഥക്കും കോട്ടമുണ്ടാക്കുന്നതോ ജലത്തിലെ ജീവജാലങ്ങള്‍ക്ക് ഹാനിയുണ്ടാക്കുന്നതോ ആയ പ്രവൃത്തികള്‍ പാടില്ലെന്നും ഈ നിയമത്തില്‍ പറയുന്നു. ഇതുള്‍പ്പെടെ പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നുവെന്ന പരാതികളില്‍ കഴമ്പുണ്ടോ എന്ന് പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കാനാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ എന്നത് നിയമം മൂലം സ്ഥാപിതമായത്. രാഷ്ട്രത്തിന്റെ വികസനക്കുതിപ്പിന് അനാവശ്യ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതിനപ്പുറത്ത് എന്തെങ്കിലും പ്രസക്തി നിയമ വ്യവസ്ഥകള്‍ക്കോ അത് പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിയോഗിക്കപ്പെട്ട ട്രൈബ്യൂണലിനോ ഉണ്ടെന്ന് കരുതുക വയ്യ.
അതുകൊണ്ട് തന്നെ ‘ജീവനകല’ പ്രസ്ഥാനത്തിന്റെ മഹത്തായ 35ാം വാര്‍ഷികം യമുനയുടെ തീരത്ത് ആഘോഷിച്ചതില്‍ തെറ്റൊന്നുമില്ല തന്നെ. രാജ്യത്തിന്റെ മഹത്തായ കലാ പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്ന പരിപാടിയെ ലോകമാകെ ഉറ്റുനോക്കുമ്പോള്‍ യമുനാ തീരത്തെ സസ്യലതാദികളുടെയും പക്ഷികളുടെയും ചെറു ജീവികളുടെയും കാര്യം കണക്കിലെടുക്കേണ്ടതുണ്ടോ? ഇത്തരമൊരു പരിപാടി ശ്രീ (ശ്രീ) രവിശങ്കര്‍ ആസൂത്രണം ചെയ്യുമ്പോള്‍ തന്നെ ആ മഹദ് വ്യക്തിത്വത്തിന്റെ പ്രഭാവം കണക്കിലെടുത്ത് ഇവയൊക്കെ സ്വയം ഒഴിയേണ്ടതാണ്. യമുനാ തീരത്ത് പാട്ടത്തിന് ഭൂമിയെടുത്ത് കൃഷിയിറക്കുന്ന ദരിദ്ര ജന സഞ്ചയം ആ ഭൂമി ഒഴിഞ്ഞുകൊടുത്ത് മാതൃക കാട്ടേണ്ടതുമാണ്. ഇതൊന്നും ചെയ്യാത്തതിന് നിയമനടപടികള്‍ സ്വീകരിക്കുകയാണ് ഉത്തരവാദിത്വമുള്ള രാഷ്ട്ര നേതൃത്വത്തിന് കരണീയമായുള്ളത്. സസ്യ ലതാദികളെയും പക്ഷിമൃഗാദികളെയും നിയമനടപടിക്ക് വിധേയമാക്കുന്ന പതിവ്, സ്വാതന്ത്ര്യാനന്തരം ഭരിച്ച കപട മതേതര – സ്വാര്‍ഥ ജനാധിപത്യ പാര്‍ട്ടികള്‍ സൃഷ്ടിച്ചിട്ടില്ല. വേദ – പുരാണങ്ങളില്‍ ഇവയെയൊക്കെ നിയമപ്രകാരം ശിക്ഷിച്ചിരുന്നുവെന്നത് ഇക്കൂട്ടര്‍ പരിഗണിച്ചതേയില്ല. അതിനി പരിഗണിച്ച് വേണ്ട നിയമ വ്യവസ്ഥകള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. അതില്ലാത്ത സാഹചര്യത്തില്‍ ഭൂമി ഒഴിഞ്ഞു കൊടുത്ത് മാതൃക കാട്ടാതിരുന്ന മനുഷ്യരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മോദി – രാജ്‌നാഥ് സിംഗ് കൂട്ടായ്മക്ക് ശ്രമിക്കാം. രാഷ്ട്രത്തിന്റെ യഥാര്‍ഥ കരുത്ത് പുറത്തെത്തിച്ച ശ്രീ (ശ്രീ) രവിശങ്കറിന്റെ പരിപാടിക്ക് ഇടങ്കോലിടാന്‍ ശ്രമിച്ചവരെ ഏത് വിധത്തിലാണ് രാഷ്ട്രം കൈകാര്യം ചെയ്തത് എന്ന് ലോകം നോക്കിക്കാണട്ടെ!
രാജ്യത്തിനകത്തും പുറത്തുമായി ദശലക്ഷക്കണക്കിന് അനുയായികളുള്ള ‘ആത്മീയാചാര്യനെ’ (ആള്‍ദൈവമെന്ന് സംസ്‌കാരത്തില്‍ വിശ്വാസമില്ലാത്തവര്‍ പറയും) അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഹരിത ട്രൈബ്യൂണലിനെ ഇല്ലാതാക്കാനൊരു നിയമ ഭേദഗതിയും ആലോചിക്കാവുന്നതാണ്. അല്ലെങ്കില്‍ തന്നെ ‘ആത്മീയാചാര്യ’ന് പിഴ വിധിക്കാന്‍ ഭൗതിക ലോകത്ത് വ്യവഹരിക്കുന്ന ട്രൈബ്യൂണലിന് എന്ത് അധികാരം? ഉടുതുണിക്ക് മറുതുണിയില്ലാത്ത മീന്‍പിടുത്തക്കാരാരെങ്കിലും കൂരവെക്കാന്‍ ശ്രമിച്ചാല്‍ പൊളിച്ചുകളയുന്നതിന് വേണ്ടിയാണ് തീര സംരക്ഷണ നിയമവും അതിലെ ദൂര വ്യവസ്ഥകളുമൊക്കെ എന്ന് സുപ്രീം കോടതിയില്‍ വരെ നീതിന്യായം നിശ്ചയിച്ച് അടിത്തൂണ്‍ പറ്റിയ ട്രൈബ്യൂണല്‍ ചെയര്‍മാന് ഇതുവരെ മനസ്സിലായില്ലെങ്കില്‍ അത്തരക്കാരെ ഇനിയും തുടരാന്‍ അനുവദിക്കണോ എന്നതും ആലോചിക്കാവുന്നതാണ്. ട്രൈബ്യൂണലടക്കം രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ അധികാരപരിധിയില്‍ നിന്ന് ‘ആത്മീയാചാര്യ’ന്മാരെ ഒഴിവാക്കി നിര്‍ത്തുന്നതിനൊരു നിയമ നിര്‍മാണം, അതും രാജ്യത്തെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കാന്‍ പോന്നതാണ്. നിയമം കൊണ്ടുവന്നാല്‍ പലതുണ്ട് കാര്യം.
കള്ളവാറ്റും മദ്യക്കടത്തുമായി തുടങ്ങി ആത്മീയതയുടെ അതീത വിഹായസ്സിലേക്ക് ചിറകടിച്ചുയര്‍ന്ന (ശ്രീ) ആശാറാം ബാപ്പുവും മകന്‍ നാരായണ്‍ സായിയും കൊലയും ലൈംഗിക ചൂഷണവുമുള്‍പ്പെടെ ആരോപണങ്ങളില്‍പ്പെട്ട് തടവറയില്‍ കിടപ്പാണ്. ഈ മഹദ് വ്യക്തിത്വങ്ങളെ അറസ്റ്റ് ചെയ്ത്, ജാമ്യം നിഷേധിച്ച് വിചാരണത്തടവുകാരാക്കി വെക്കുന്നതിലൂടെ രാജ്യത്തിന്റെ സാംസ്‌കാരിക അന്തസ്സിനുണ്ടായ കനത്ത ഇടിവ്, ഏറ്റം അറിയാവുന്നത് ആശാറാം ബാപ്പുവിന്റെ സുഹൃത്തും പലകുറി സത്‌സംഗത്തില്‍ പങ്കെടുത്ത് കൃഷ്ണാവതാരത്തിന്റെ മഹത്വം പ്രഘോഷിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കല്ലാതെ മറ്റാര്‍ക്കാണ്! സത് സംഗങ്ങളിലൂടെ രാജ്യത്തെ ദരിദ്ര ജനകോടികളുടെ ആത്മീയ നിലവാരം ഉയര്‍ത്താന്‍ നിരന്തരം ശ്രമിച്ചതിന്റെ ഫലമായി സമ്പാദിച്ച കോടികള്‍ മൂല്യം വരുന്ന സ്വത്തുക്കള്‍ അനുഭവിക്കാന്‍ യോഗമില്ലാതെ ബാപ്പുവും സായിയും തടവറയില്‍ തുടരുന്നത് അനുവദിക്കാനേ പാടുള്ളതല്ല. ഭൗതിക വ്യവഹാരങ്ങള്‍ മാത്രം പരിഗണിക്കേണ്ട നിയമപാലന, നീതിന്യായ സംവിധാനങ്ങള്‍ ആത്മീയമേഖലയിലേക്ക് അതിക്രമിച്ച് കയറിയതിന്റെ ഫലമാണിതെല്ലാം. ഇതിനെല്ലാം പരിഹാരം കാണേണ്ടതുണ്ട്. വേദ – പുരാണങ്ങള്‍ സഹായത്തിനുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ! മാതൃഹത്യ, വിവാഹവേദിയില്‍ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍, അഗമ്യഗമനം ഇവയൊക്കെ ചേര്‍ന്നാണ് ‘കുലം’ രൂപപ്പെട്ടത് തന്നെ. അതുകൊണ്ട് തന്നെ കൊലയും ലൈംഗിക ചൂഷണവുമൊന്നും ആത്മീയാചാര്യരരുടെ മേല്‍ നിലനില്‍ക്കുന്ന കുറ്റാരോപണമല്ല.
നിലം നികത്തലും ലൈംഗിക ചൂഷണവുമൊക്കെ ആരോപിച്ച് ആത്മീയതയെ കളങ്കപ്പെടുത്തുന്ന പ്രവണത ഇങ്ങിവിടെ കേരളത്തിലുമുണ്ട്. നിലം നികത്തിയെന്നൊക്കെ പറഞ്ഞ് പരാതിയുമായി പോകരുതെന്ന് കെട്ടിപ്പിടിച്ചും ഉമ്മവെച്ചും പറഞ്ഞിട്ടും ചില ‘മക്കള്‍ക്ക്’ മനസ്സിലാകുന്നില്ല. നികത്തിയ നിലത്ത് ഉയരുന്ന കെട്ടിടത്തില്‍ എത്രപേര്‍ക്ക് പഠിക്കാന്‍ അവസരമുണ്ടാകുമെന്നത് ചില ‘മക്കള്‍’ ഓര്‍ക്കുന്നതേയില്ല. കൂടെക്കൂടി ആത്മീയതയുടെ എല്ലാ ആഴങ്ങളും അനുഭവിച്ച ശേഷം രാജ്യം വിട്ടുപോകുകയും ലൈംഗിക ചൂഷണ ആരോപണം ഉന്നയിക്കുകയും ചെയ്ത, വിദേശി പുറമെ. രാജ്യത്തിന്റെ മഹത്തായ സംസ്‌കാരിക – ആത്മീയ പാരമ്പര്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള വിദേശികളുടെ ഗൂഢപദ്ധതിയാണിതെന്ന് ചോറൂണ് കഴിഞ്ഞ കുട്ടികള്‍ക്ക് വരെ അറിയാവുന്നതാണ്. എന്നിട്ടും അലോസരപ്പെടുത്തും വിധത്തില്‍ ആരോപണം നിലനില്‍ക്കുന്നു. സംഗതി കോടതി കയറിയിട്ടില്ലെങ്കിലും ഇത്തരം ആരോപണങ്ങളുയരാതിരിക്കാന്‍ പാകത്തിലൊരു കവചമുള്ളത് നല്ലത് തന്നെ.
വയറു പിടപ്പിക്കുന്ന യോഗാചാര്യനു നേര്‍ക്കും ഭൂമി തട്ടിപ്പ് ആരോപണമുണ്ട്. അദ്ദേഹത്തിന്റെ കമ്പനിയിറക്കുന്ന ഔഷധങ്ങളില്‍ മായമെന്ന ആക്ഷേപം വേറെയും. ഒന്നും രണ്ടുമല്ല 81 ഭൗതിക വ്യവഹാരങ്ങളാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍, ഭൂ നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഈ ആത്മീയാചാര്യനുമേല്‍ ചുമത്തിയിരിക്കുന്നത്. ജനങ്ങളെ ഭൗതിക ദുഃഖങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു മേല്‍ ഇത്രയും കേസുകളെടുക്കുന്നത് ലോകമെങ്ങനെ കാണുന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. അതുകൊണ്ട് നിയമ ഭേദഗതിയെക്കുറിച്ച് അടിയന്തര ചിന്ത വേണം. നരേന്ദ്ര മോദിയായതുകൊണ്ട് ബൈഠക്ക് ആവശ്യമില്ല. തീരുമാനങ്ങളെടുക്കാന്‍ ബൈഠക്ക് ചേരുക എന്ന പഴഞ്ചന്‍ സമ്പ്രദായം താങ്കള്‍ അധികാരത്തിലേറിയതോടെ അവസാനിപ്പിച്ചതാണല്ലോ? മന്ത്രിസഭയുടെയും പാര്‍ലിമെന്റിന്റെ ഇരുസഭകളുടെയും ബൈഠക്ക് പോലും അനാവശ്യ അലങ്കാരമെന്ന് മാത്രമേ താങ്കള്‍ കരുതുന്നുണ്ടാകൂ.
ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ട പിഴ, മുഴുവനായി ഒടുക്കുമോ ഇല്ലയോ എന്ന് ഉറപ്പില്ലാതിരുന്നിട്ടും ശ്രീ (ശ്രീ) രവിശങ്കറിന്റെ സാംസ്‌കാരിക ഉത്സവം ഉദ്ഘാടനം ചെയ്യാന്‍ പോകുകയും അവിടെ രണ്ട് മണിക്കൂറോളം ചെലവിടുകയും ചെയ്തത് എന്തുകൊണ്ടും ഉചിതമായി. നിയമങ്ങള്‍ ആരൊക്കെ അനുസരിക്കണം, നിയമം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട സ്ഥാപനങ്ങളെ ആരൊക്കെ അനുസരിക്കണം എന്നതിലൊരു വ്യക്തതയുണ്ടാകാന്‍ അത് സഹായിച്ചു. പ്രതിരോധ വിഭാഗത്തിന് കീഴിലുള്ള ഭടന്‍മാര്‍ രാപകല്‍ അധ്വാനം ചെയ്തുണ്ടാക്കിയ താത്കാലിക പാലങ്ങള്‍, സര്‍ക്കാര്‍ കൈയയച്ച് നല്‍കിയ രണ്ടരക്കോടിയുടെ സഹായം, ഇതെല്ലാമുപയോഗിച്ച് കെട്ടിയുയര്‍ത്തിയ ചക്രവര്‍ത്തിപീഠങ്ങളെ വെല്ലുന്ന സംവിധാനങ്ങള്‍ ഇതൊക്കെ പാഴായിപ്പോകുന്ന സ്ഥിതി ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്. അങ്ങനെ മാതൃക കാട്ടുമ്പോഴാണ് രാഷ്ട്ര നേതാക്കള്‍, ആ പദവിയിലേക്ക് ഉയരുന്നത്. അതു മനസ്സിലാക്കാത്ത ചിലര്‍ രാഷ്ട്രപതി ഭവനില്‍ സീലടിക്കാന്‍ മാത്രമായി ചുരുക്കപ്പെടും. അവരെ മാതൃകയാക്കി പരിപാടിയില്‍ നിന്ന് പിന്‍മാറിയ ഇതര രാഷ്ട്രത്തലവന്‍മാര്‍ ലോകത്തിന്റെ ശ്രദ്ധ കിട്ടാതെ വലയും. അവരുടെ മുന്നില്‍ അമ്പത്തിയാറിഞ്ച് നെഞ്ചുമായി താങ്കളും ജീവനകലയെ അതിജീവനകലയായി വികസിപ്പിച്ച ശ്രീ (ശ്രീ) രവിശങ്കറും ജ്വലിച്ച് നില്‍ക്കും. അതറിയാവുന്നതു കൊണ്ടല്ലേ ആം ആദ്മിയുടെ വേവലാതികളെ അത്രമേല്‍ അറിയുന്ന അരവിന്ദ് കേജ്‌രിവാള്‍ പോലും സാംസ്‌കാരികോത്സവത്തിന് വേണ്ട സഹായമെല്ലാം ചെയ്ത് തുഷ്ടിയടഞ്ഞത്. രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ ഉത്സവോദ്ഘാടനത്തിന് മാറ്റേകാന്‍ രാഷ്ട്രീയം മറന്നെത്തിയതും മറ്റൊന്നുകൊണ്ടല്ല.
രാജ്യത്ത് വിജയകരമായി മുന്നേറുന്ന വ്യവസായസംരഭങ്ങളില്‍ മോശമല്ലാത്ത പങ്ക് ഈ ആള്‍ ദൈവങ്ങളുടേതാണെന്നതെങ്കിലും ഓര്‍ക്കേണ്ട ബാധ്യത പൗരന്‍മാര്‍ക്കും ഭരണകൂടത്തിനും നിയമ-നീതിന്യായ സംവിധാനങ്ങള്‍ക്കുമുണ്ട്. അഞ്ച് പൈസ മൂലധന നിക്ഷേപമില്ലാതെ, പൊതുമേഖലാ ബേങ്കുകളുടെ കിട്ടാക്കടത്തിന്റെ തോത് വര്‍ധിപ്പിക്കാതെ വ്യവസായം നടത്തുന്നവരെ ബഹുമാനിക്കാനെങ്കിലും പഠിക്കേണ്ടതുണ്ട്. അതും ഒരു സംസ്‌കാരമാണ്, ലോകം ആദരവോടെ മാത്രം നോക്കിനില്‍ക്കുന്ന സംസ്‌കാരം.