യു എ ഇ വിജയഗാഥക്ക് മലയാളി കലാകാരന്മാരുടെ വര്‍ണവര

Posted on: December 3, 2015 7:39 pm | Last updated: December 7, 2015 at 8:51 pm
'ജേണി ഓഫ് ഡ്യൂണ്‍സ്' ചിത്രത്തിനരികെ മലയാളി ചിത്രകാരന്മാര്‍
‘ജേണി ഓഫ് ഡ്യൂണ്‍സ്’ ചിത്രത്തിനരികെ മലയാളി ചിത്രകാരന്മാര്‍

ദുബൈ: യു എ ഇയുടെ വിജയഗാഥ കാന്‍വാസിലൊരുക്കിയ ‘ഇല്ലസ്‌ട്രേറ്റീവ്‌ലി യുവേഴ്‌സ്’ എന്ന അഞ്ചംഗ മലയാളിക്കൂട്ടം ശ്രദ്ധേയരായി.
44 വര്‍ഷത്തെ യു എ ഇയുടെ വളര്‍ച്ചയുടെയും വികസനക്കുതിപ്പിന്റെയും കാഴ്ച ഒറ്റ കാന്‍വാസിലൂടെ ഇവര്‍ പറഞ്ഞു. രണ്ടു മാസത്തെ അധ്വാനവും സ്വപ്‌നവുമാണ് ‘ജേണി ഓഫ് ഡ്യൂണ്‍സ്’ എന്ന ചിത്രമെന്ന് അവര്‍ പറഞ്ഞു. 72 മണിക്കൂറിലധികം എടുത്ത് വരച്ച ഭീമന്‍ ചിത്രം ദേശീയദിനമാഘോഷിക്കുന്ന രാജ്യത്തിനുള്ള ആദരവായി. മുത്തും മത്സ്യവും തേടിയുള്ള കടല്‍യാത്രകളുടെ ആദ്യകാല ഇമാറത്തി ജീവിതത്തില്‍ നിന്ന് തുടങ്ങുന്നു ജേണി ഓഫ് ഡ്യൂണ്‍സ്. കാന്‍വാസിന്റെ മറുപകുതിയിലേക്കെത്തുമ്പോഴേക്കും എണ്ണക്കിണറുകളും ബുര്‍ജ് ഖലീഫയും കടന്ന് എക്‌സ്‌പോ 2020യിലെത്തും ആസ്വാദകന്‍. ഇമാറത്തികളുടെ സംഗീതപാരമ്പര്യം, സംസ്‌കാരം, ജീവിത ശൈലി, ഇമറാത്തി പോരാളികള്‍ തുടങ്ങിവയും 200ലേറെരാജ്യങ്ങളില്‍ നിന്നുള്ള ജനസമൂഹങ്ങളെ ഉള്‍ക്കൊള്ളുന്ന ബഹുസ്വരതയുടെ പ്രതീകമായി.