കഞ്ചിക്കോട്ടെ സി പി എം- ബി ജെ പി സംഘര്‍ഷം: എ ഡി ജി പി സംഭവസ്ഥലം സന്ദര്‍ശിച്ചു

Posted on: September 22, 2015 10:38 am | Last updated: September 22, 2015 at 10:38 am

പാലക്കാട്: കഞ്ചിക്കോടും പുതുശേരിയിലും നടന്ന സി പി എം-ബിജെ പി സംഘട്ടനത്തെ തുടര്‍ന്നുള്ള സംഘര്‍ഷ പ്രദേശങ്ങള്‍ എഡി ജി പി ശങ്കര്‍റെഡ്ഡി സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം ജില്ലാ പോലീസ് സൂപ്രണ്ട് പ്രദേശത്ത് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.
ഞായറാഴ്ച രാത്രിയാണ് കഞ്ചിക്കോടും പുതുശേരിയിലും സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘട്ടനത്തില്‍ പത്തുപേര്‍ക്കാണ് വെട്ടേറ്റത്. മറ്റുപലര്‍ക്കും മര്‍ദനവുമേറ്റു.
വെട്ടേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുപാര്‍ട്ടികളും നേരത്തെയുണ്ടായ ആക്രമണത്തിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞദിവസം രാത്രിയും ആക്രമണമുണ്ടായത്.
കഞ്ചിക്കോട് സത്രപ്പടിയിലായിരുന്നു ആദ്യ ആക്രമണമുണ്ടായത്. യുണൈറ്റഡ് ബ്രൂവറീസ് ജോലിക്കാരനായ ദിനേഷ് ജോലികഴിഞ്ഞു മടങ്ങുമ്പോഴാണ് ഒരുസംഘം ആക്രമിച്ച് വെട്ടിപരുക്കേല്‍പ്പിച്ചത്. ഇതിനെ തുടര്‍ന്ന് പുതുശേരി ജംഗ്ഷനില്‍ ഇരുവിഭാഗങ്ങളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ബിജെപി-സിപിഎം പ്രവര്‍ത്തകരായ സതീഷ്‌കുമാര്‍, അനീഷ്‌കുമാര്‍, സുനു, സുരേഷ്, രമേഷ്, ശ്രീധരന്‍, സുരേഷ്, സതീഷ്,വിജയന്‍, സുദേവന്‍ തുടങ്ങി പത്തോളം പേര്‍ക്കാണ് വെട്ടേറ്റത്.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വാളയാര്‍, കസബ പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം നാലിന് ജില്ലാ കലക്ടറുടേ ചേമ്പറില്‍ സര്‍കക്ഷിയോഗം നടക്കും. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വാളയാര്‍, കസബ പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് എ ഡിജി പി സ്ഥിതിഗതികള്‍ വിലയിരുത്തി. വാളയാര്‍, കസബ പോലീസ് സ്‌റ്റേഷനുകളിലെത്തി റിപ്പോര്‍ട്ടുകളും പരിശോധിച്ചു.
ഇതിനിടെ ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചെന്ന കിംവദന്തിയും പരന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. പിന്നീട് ഈ വാര്‍ത്ത് വാസ്തവവിരുദ്ധമാണെന്ന് പോലീസും അറിയിച്ചതോടെയാണ് ജനങ്ങളുടെ ഭീതി അകന്നത്.

അക്രമികള്‍ തീയിട്ട്
നശിപ്പിച്ചത് ആറ്
വാഹനങ്ങളും
വര്‍ക്ക്‌ഷോപ്പ് മന്ദിരവും
പാലക്കാട്: കഞ്ചിക്കോട് ചെമ്മണ്ണംകാടില്‍ സി പി എം-ബി ജെ പി സംഘര്‍ഷത്തില്‍ തീയിട്ട് നശിപ്പിച്ചത് ആറ് വാഹനങ്ങളും ഒരു വര്‍ക്ക് ഷോപ്പ് കെട്ടിടവുമാണെന്ന് പോലീസ് അറിയിച്ചു. സി പി എം പ്രവര്‍ത്തകനായ ചെമ്മണ്ണംകാടില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന മനോജിന്റെ വര്‍ക്ക്‌ഷോപ്പിനാണ് ആര്‍ എസ് എസുകാര്‍ തീയിട്ടത്. കൈയില്‍ കരുതിയിരുന്ന മാരകായുധം കൊണ്ട് വാഹനങ്ങളിലും ഓഫീസിനുള്ളിലെ അലമാരകളും വെട്ടിത്തകര്‍ക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. ബൈക്കിന്റെ ടാങ്കും പുകക്കുഴലും മഴു പോലത്തെ വസ്തു ഉപയോഗിച്ചാവാം വെട്ടിയതെന്നും പോലീസ് പറയുന്നു.
വിവിധ ആളുകള്‍ പണിതീര്‍ക്കുന്നതിനായി നല്‍കിയിരുന്ന ആറ് വാഹനങ്ങളാണ് അക്രമികള്‍ തീയിട്ട് നശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.30 നായിരുന്നു സംഭവം. മൂന്ന് ടിപ്പര്‍ ലോറികള്‍, ഒരു ട്രാക്ടര്‍, ഒരു കാര്‍, ബൈക്ക് എന്നിവയാണ് കത്തിനശിച്ചത്.

കുറ്റവാളികെളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം:
സി പി എം
പാലക്കാട്: ബിജെപി-ആര്‍എസ്എസ് ക്രിമിനലുകള്‍ ഉണ്ടാക്കിയ ആക്രമണത്തിലെ യഥാര്‍ത്ഥപ്രതികളേയും പ്രേരണനല്‍കിയവരേയും നിയമത്തിനുമുന്നില്‍കൊണ്ടുവരണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഞ്ചിക്കോട്, പുതുശേരി, വാളയാര്‍ മേഖലയില്‍ ബിജെപി-ആര്‍എസ്എസ് സംഘം നിരന്തരം സംഘര്‍ഷമുണ്ടാക്കുകയാണ്. സ്ത്രീകളേയും നിരപരാധികളെയും അക്രമിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമാണ്.
ഇത്തരം സംഘര്‍ഷങ്ങളില്ലാതാക്കാന്‍ പൊലിസ് നിഷ്പക്ഷമായി അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. വീഴ്ചവരുത്തിയാല്‍ ശക്തമായ പ്രതിരോധം ഉയര്‍ത്താന്‍ സിപിഐ എം നിര്‍ബന്ധിതമാകുമെന്നും രാജേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.