തദ്ദേശ തിരഞ്ഞെടുപ്പ്: 14ന് പ്രഖ്യാപിച്ചേക്കും

Posted on: September 4, 2015 8:51 pm | Last updated: September 4, 2015 at 11:44 pm

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമവായ നടപടികളിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നതിനായി സര്‍വകകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചു. സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്ത് സമവായത്തിലൂടെ തീയതി നിശ്ചയിക്കാനാണ് നീക്കം. മുഴുവന്‍ രാഷ്ട്രീയ കക്ഷികളെയും വിശ്വാസത്തിലെടുക്കുന്നതിന്റെ ഭാഗമായാണ് സര്‍വകക്ഷിയോഗം വിളിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി ഈ മാസം 14ന് പ്രഖ്യാപിക്കാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. ഇതിനായി ഉടന്‍ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കും.
വാര്‍ഡ് പുനര്‍നിര്‍ണയം ഒക്‌ടോബര്‍ ആദ്യം പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതിനായി വാര്‍ഡ് പുനര്‍നിര്‍ണയ സമിതി യോഗം ചേരും.
തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് കമ്മീഷനും സര്‍ക്കാറും കക്ഷിയായ കേസില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് ഇന്ന് കമ്മീഷന് ലഭിക്കും. ഈ വിധിപ്പകര്‍പ്പ് വിശദമായി പഠിച്ച ശേഷം രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടും. സര്‍ക്കാറുമായി നേരത്തെയുണ്ടാക്കിയ ധാരണപ്രകാരം നവംബര്‍ അവസാന വാരം തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് നടപടികളിലേക്കായിരിക്കും കമ്മീഷന്‍ നീങ്ങുക.
നവംബര്‍ 24, 26 തീയതികളാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതുപ്രകാരം ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ നിലവില്‍ വരുന്നതിന് സൗകര്യമൊരുക്കുംവിധമായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ക്രമീകരിക്കുക.
തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാറും തമ്മിലുള്ള ധാരണ പ്രകാരം പുതിയ 28 മുനിസിപ്പാലിറ്റികളെയും പുതുതായി രൂപവത്കരിച്ച കണ്ണൂര്‍ കോര്‍പറേഷനെയും ഉള്‍പ്പെടുത്തിയാകും തിരഞ്ഞെടുപ്പ് നടത്തുക. ഇതനുസരിച്ചുള്ള ബ്ലോക്ക് പുനര്‍ രൂപവത്കരണമടക്കമുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാറിനോടാവശ്യപ്പെടും. പകുതി ജില്ലകളില്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ എന്ന പ്രകാരം രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്താമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ നേരത്തെ കമ്മീഷന് മുന്നില്‍ വെച്ചത്. പാര്‍ട്ടികളുടെ നിലപാടും വ്യക്തമല്ല. ഈ സാഹചര്യത്തില്‍ കമ്മീഷന്‍ നിലപാട് നിര്‍ണായകമാകും. എന്നാല്‍, തിരഞ്ഞെടുപ്പ് വേളയിലെ പോലീസ് വിന്യാസമുള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തലാണ് സൗകര്യമെന്ന സര്‍ക്കാര്‍ നിലപാട് കമ്മീഷന്‍ പരിഗണിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
അതേസമയം, തിരഞ്ഞെടുപ്പ് സുരക്ഷക്കായി ആവശ്യമെങ്കില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അധികം പോലീസിനെയും കേന്ദ്ര സേനയെയും എത്തിക്കാമെന്ന് ആഭ്യന്തര വകൂപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ട്.