Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: തിയ്യതി കമ്മീഷന് തീരുമാനിക്കാമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടാന്‍ അനുവദിക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യത്തില്‍ ഇടപെടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിസമ്മതിച്ചു. ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ ചുമതലയേല്‍ക്കുന്ന തരത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്ന ആവശ്യത്തിന്മേല്‍ പ്രത്യേക ഉത്തരവ് നല്‍കേണ്ട ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ എം ഷഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏതു രീതിയില്‍ നടത്തണമെന്ന കാര്യം തിരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും തിരഞ്ഞെടുപ്പ് ഒരു ഘട്ടമായോ രണ്ട് ഘട്ടമായോ നടത്തണമെന്നതു സംബന്ധിച്ച് കമ്മീഷന്‍ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവിലെ വസ്തുതകളുടെയും സാഹചര്യത്തിന്റെയും അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന് ബാധ്യതയുണ്ടെന്ന കാര്യം മുന്‍ ഉത്തരവില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഡിവിഷന്‍ ബഞ്ച് പറഞ്ഞു.
പുതുതായി രൂപവത്കരിച്ച 28 നഗരസഭകളിലടക്കം ഏത് തരത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്നും കഴിഞ്ഞ 27ന് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ തിരഞ്ഞെടുപ്പ് നീട്ടണമെന്ന സര്‍ക്കാറിന്റെ ഹരജിയില്‍ പ്രത്യേക നിര്‍ദേശം പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്ന് ഹരജി തീര്‍പ്പാക്കി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
2010ലെ കോടതി വിധി അവലംബിച്ച് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടാന്‍ അനുവദിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഇക്കാര്യത്തില്‍ സമവായത്തിലെത്തിയിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു. 2010ല്‍ തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ കോടതി അനുവദിച്ചിരുന്നു. അന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് നീട്ടണമെന്ന സര്‍ക്കാറിന്റെ ആവശ്യം അനുവദിക്കരുതെന്നും ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ ചുമതലയേല്‍ക്കുന്ന തരത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശം നല്‍കണമെന്നും വാര്‍ഡ് പുനര്‍വിഭജനത്തിനെതിരെ കോടതിയെ സമീപിച്ചവര്‍ വാദിച്ചു. തിരഞ്ഞെടുപ്പ് നീട്ടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ് കോടതിയെ സമീപിക്കേണ്ടതെന്നും നിലവില്‍ സംസ്ഥാനത്തെ 1,214 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പ് നടത്താന്‍ യാതൊരു തടസ്സവുമില്ലെന്നും 78 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് മാത്രമാണ് സാങ്കേതികമായി തടസ്സമുള്ളതെന്നും ഹരജി ഭാഗം വാദിച്ചു. പുതുതായി 28 നഗരസഭകള്‍ രൂപവത്കരിച്ചുകൊണ്ടുള്ള വിജ്ഞാപനം പിന്‍വലിച്ചാല്‍ തിരഞ്ഞെടുപ്പ് യഥാസമയം നടത്താന്‍ കഴിയുമെന്നും ഹരജിക്കാര്‍ ബോധിപ്പിച്ചു.
പുതുതായി രൂപവത്കരിച്ച 28 നഗരസഭകളില്‍പ്പെടുന്ന പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും പതിമൂന്ന് ജില്ലാ പഞ്ചായത്തുകളുടെയും പുനര്‍വിഭജനം പൂര്‍ത്തിയാക്കേണ്ടതുള്ളതിനാല്‍ തിരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ പ്രത്യേക ഹരജി സമര്‍പ്പിച്ചത്. പുതിയ നഗരസഭകളുടെ രൂപവത്കരണം സിംഗിള്‍ ബഞ്ച് ശരിവെച്ചിട്ടുള്ളതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാറിന്റെ ആവശ്യത്തെ പിന്തുണച്ച് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.