കോര്‍പറേറ്റ് മൂലധനം, ജനസംഖ്യാസിദ്ധാന്തം, വംശീയത

Posted on: September 3, 2015 6:00 am | Last updated: September 2, 2015 at 11:26 pm

ഇന്ത്യയിലെ ഹിന്ദുക്കളല്ലാത്തവരുടെ, പ്രതേ്യകിച്ച് മുസ്‌ലിംകളുടെ ജനസംഖ്യ അതിവേഗം പെരുകുകയാണെന്നും അത് ഭൂരിപക്ഷ മതസമൂഹമായ ഹിന്ദുക്കളെ താമസിയാതെ ന്യൂനപക്ഷമാക്കിക്കളയുമെന്നുമുള്ള പ്രചാരണം സംഘ്പരിവാര്‍ സംഘടനകള്‍ അവരുടെ ജന്മകാലം മുതല്‍ ആരംഭിച്ചതാണ്. അടിസ്ഥാന രഹിതമായ ജനസംഖ്യാ കണക്കുകളും ഊഹാപോഹങ്ങളും പ്രചരിപ്പിച്ച് ഹിന്ദുമതവിശ്വാസികളില്‍ അങ്ങേയറ്റം അസംബന്ധ പൂര്‍ണമായ ഭീതി പടര്‍ത്താനാണ് ഹിന്ദുത്വ ശക്തികളും ലിബറല്‍ ഹിന്ദുത്വ വാദികളായ മാധ്യമങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മോദി ദേശീയാധികാരത്തിലെത്തിയതോടെ സംഘ്പരിവാര്‍ ഇത്തരം പ്രചാരണങ്ങള്‍ തീവ്രഗതിയിലാക്കിയിരിക്കുകയാണ്. കേരളം പോലെ മതസൗഹാര്‍ദ്ദത്തിനും മതനിരപേക്ഷതക്കും ആഴത്തില്‍ സ്വാധീനമുള്ള ഒരു സമൂഹത്തില്‍ പോലും അത്യന്തം നീചമായ ന്യൂനപക്ഷവിരുദ്ധ പ്രചാര വേലകളാണ് സംഘ്പരിവാര്‍ ആരംഭിച്ചിരിക്കുന്നത്. കേരളത്തില്‍ ഹിന്ദുക്കള്‍ കുറയുകയാണെന്നും മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജനസംഖ്യ വര്‍ധിക്കുകയുമാണെന്ന നുണപ്രചാരണമാണ് അവര്‍ തുടരുന്നത്.
2011-ലെ ജനസംഖ്യാ സെന്‍സസ് വിവരങ്ങളെന്ന പേരില്‍ കേരളത്തില്‍ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയാണെന്നും ന്യൂനപക്ഷ സമൂഹം ഭൂരിപക്ഷമാകുകയാണെന്നുമുള്ള അവരുടെ പ്രചാരണങ്ങള്‍ യാതൊരുവിധ ഔദേ്യാഗിക പഠനങ്ങളുടെയും അവലംബവും അടിസ്ഥാനവുമില്ലാത്തതാണ്. ലിബറല്‍ ഹിന്ദുത്വ നിലപാടുളള മാധ്യമങ്ങളും തീവ്ര ഹിന്ദുത്വശക്തികളും ലേഖനങ്ങളിലൂടെയും റിപ്പോര്‍ട്ടുകളിലൂടെയും മുസ്‌ലിം ജനസംഖ്യാവളര്‍ച്ചാ നിരക്ക് ഉയര്‍ന്നതായി വ്യാപകമായ പ്രചരണമാണ് ആസൂത്രിതമായി തന്നെ നടത്തിക്കൊണ്ടിരിക്കുന്നത്. വസ്തുതകളുമായി ബന്ധമില്ലാത്ത നുണപ്രചാരണങ്ങളിലൂടെ ഭൂരിപക്ഷ മതവിഭാഗത്തില്‍ ആശങ്കള്‍ സൃഷ്ടിച്ച് ഹിന്ദുത്വ ധ്രുവീകരണത്തിന് ഗതിവേഗം കൂട്ടുക എന്ന തന്ത്രമാണ് ഇത്തരം പ്രചാരണങ്ങളിലൂടെ സംഘ്പരിവാര്‍ പരീക്ഷിക്കുന്നത്. 2011-ലെ സെന്‍സസ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചനകള്‍ എന്ന നിലയില്‍ ഇത്തരക്കാര്‍ മാധ്യമ ചര്‍ച്ചകളിലും അവരുടെ ക്യാമ്പയിനുകളിലും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ 38% ആയി ഉയര്‍ന്നെന്നും ക്രിസ്ത്യന്‍ ജനസംഖ്യ 19% ആണെന്നും ഹിന്ദുക്കള്‍ 43% ആയി താഴ്ന്നുവെന്നുമാണ്. മറ്റെല്ലാ രംഗങ്ങളിലുമെന്ന പോലെ ജനസംഖ്യയിലും ന്യൂനപക്ഷങ്ങള്‍ മേല്‍ക്കൈ നേടുകയാണെന്ന ഫാസിസ്റ്റ് പ്രചാരണമാണ് തെറ്റായ വിവരങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് സംഘ്പരിവാര്‍ ശക്തികള്‍ നടത്തുന്നത്.
2011-ലെ സെന്‍സസ് റിപ്പോര്‍ട്ടിനെ കരുവാക്കി തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത് തുടരുകയാണവര്‍. എന്താണ് യാഥാര്‍ഥ്യം? ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിലെ മുസ്‌ലിം ജനസംഖ്യാ വളര്‍ച്ചയില്‍ ഒരു ദശകക്കാലം കൊണ്ട് സംഭവിച്ച മാറ്റത്തിന്റെ കണക്ക് ‘ടൈംസ് ഓഫ് ഇന്ത്യ’ പ്രസിദ്ധീകരിക്കുകയുണ്ടായി. അവരുടെ കണക്കുപ്രകാരം പോലും കേരളത്തില്‍ 2001-ലെ സെന്‍സസ് റിപ്പോര്‍ട്ടുപ്രകാരം ജനസംഖ്യയില്‍ 24.7% മുസ്‌ലിംകളായിരുന്നു. എന്നാല്‍ 2011-ലെ സെന്‍സസ് റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിലെ മുസ്‌ലിം ജനസംഖ്യ 26.6% ആണ്. എന്നുപറഞ്ഞാല്‍ കേരളത്തിലെ മുസ്‌ലിം ജനസംഖ്യയുടെ വളര്‍ച്ചാതോത് 1.9% മാത്രമാണ്. ദേശീയതലത്തില്‍ ഇതര മത-ജാതിസമുദായങ്ങളുടെ വളര്‍ച്ചാ തോതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏതെങ്കിലും രീതിയില്‍ മുസ്‌ലിം മതവിഭാഗത്തില്‍ പെട്ടവരുടെ ജനസംഖ്യാ വര്‍ധനവ് ഒരുതരത്തിലും കേരളത്തില്‍ ഭൂരിപക്ഷ മതസമൂഹത്തെ മറികടക്കുന്നതാണ് എന്ന് പറയാനാവില്ല.
വിക്കിപീഡിയ, കേരളത്തിലെ സാമൂഹിക ഘടനയനുസരിച്ച് നല്‍കുന്ന ജനസംഖ്യാ കണക്ക് ഇങ്ങനെയാണ്. 2001-ലെ സെന്‍സസ് അനുസരിച്ച് 56% ഹിന്ദുക്കളും 24% മുസ്‌ലിംകളുമാണ്. 19% ക്രിസ്ത്യാനികളും ബാക്കിവരുന്ന ജൈന-ബുദ്ധ-ജൂത-സിഖു മതങ്ങളില്‍ പെടുന്നവരുമാണ്. മലപ്പുറം ഒഴിച്ച് ബാക്കി എല്ലാ ജില്ലകളിലും ഹിന്ദു ഭൂരിപക്ഷമാണ്. 2011-ലെ സെന്‍സസ് റിപ്പോര്‍ട്ട് തെറ്റായി ഉദ്ധരിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭൂരിപക്ഷമാകുകയാണെന്ന ഹിന്ദുത്വ ഫാസിസ്റ്റുകളുടെ പ്രചാരണം ഒരടിസ്ഥാനവുമില്ലാത്തതാണ്. കേരളത്തിലെ ജനസംഖ്യയെ സംബന്ധിച്ച പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത് മുസ്‌ലിം ജനസംഖ്യ 24.4% ആണെന്നാണ്. ക്രിസ്ത്യന്‍ ജനസംഖ്യ 19%വും. അങ്ങനെ വരുമ്പോള്‍ കേരളത്തില്‍ ജനസംഖ്യയില്‍ 56%വും ഇപ്പോഴും ഹിന്ദുക്കളാണെന്നതാണ് വസ്തുത. ഇന്ത്യയുടെ പൊതുഘടനയില്‍ 80%-ലേറെ ഹിന്ദുമതവിശ്വാസികളാണെന്ന വസ്തുത മറച്ചുപിടിച്ചാണ് ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമാകുന്നുവെന്ന കപടപ്രചാരണം സംഘ്പരിവാര്‍ ശക്തികള്‍ തുടരുന്നത്.
ന്യൂനപക്ഷ മതവിഭാഗങ്ങള്‍ ഭൂരിപക്ഷ മതവിഭാഗങ്ങളെ ന്യൂനപക്ഷമാക്കിക്കളയുമെന്ന അസംബന്ധഭീതി ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് ദശകങ്ങളായി. കേരളത്തില്‍ ഹിന്ദുക്കള്‍ കുറയുകയാണെന്നും മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജനസംഖ്യ വര്‍ധിക്കുകയാണെന്ന പ്രചാരണം സംഘ്പരിവാര്‍ 1980-കള്‍ മുതല്‍ തന്നെ സംഘടിതമായി നടത്തിയിട്ടുണ്ട്. ഇന്നിപ്പോള്‍ ഈ ജനസംഖ്യാ മാറ്റസിദ്ധാന്തം ഉപയോഗിച്ചുള്ള ന്യൂനപക്ഷ വിരുദ്ധ പ്രചാര വേലകള്‍ തീവ്രഗതിയിലായിരിക്കുകയാണ്.
കേരളത്തിന്റെ സവിശേഷതകളും ന്യൂനപക്ഷ-ഭൂരിപക്ഷ മതവിഭാഗങ്ങളും തമ്മിലുള്ള ജനസംഖ്യാപരമായ വ്യത്യാസങ്ങളും ഇന്ത്യയുടെ പൊതുഘടനയില്‍ നിന്ന് അടര്‍ത്തി മാറ്റി ചര്‍ച്ച ചെയ്യുന്നത് രാഷ്ട്രീയമായി മറ്റൊരസംബന്ധമാണ്. ഇത്തരം അസംബന്ധങ്ങള്‍ക്ക് അംഗീകരാമുണ്ടാക്കിക്കൊടുക്കുന്നത് ജനാധിപത്യശക്തികളുടെ ഇക്കാര്യങ്ങളിലെ മൗനവും നിസ്സംഗതയുമായിരിക്കുമെന്ന കാര്യവും പുരോഗമന ശക്തികള്‍ കാണേണ്ടതുണ്ട്. ജനസംഖ്യാപ്രശ്‌നം മതവുമായി ബന്ധപ്പെട്ട ഒന്നായല്ല ജനങ്ങളുടെ സാമൂഹിക സാമ്പത്തിക അവസ്ഥയുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ജനസംഖ്യാ വര്‍ധനവ് ഒരു മത പ്രശ്‌നമല്ലാ എന്ന് ജനാധിപത്യവാദികളായ ആളുകള്‍ ഒരിക്കലും മറന്നുപോകരുത്. വിദ്യാഭ്യാസ വളര്‍ച്ച നേടാന്‍ കഴിഞ്ഞ, സാമ്പത്തികമായി താരതമേ്യന മെച്ചപ്പെട്ട സ്ഥിതിയിലുള്ള ഹിന്ദുക്കളിലും മുസ്‌ലിംകളിലും ക്രിസ്ത്യാനികളിലും ജനസംഖ്യാ വളര്‍ച്ചയുടെ തോത് കുറവാണ്. നിരക്ഷരരിലും ദരിദ്രരിലും അവര്‍ ഹിന്ദു വോ മുസ്‌ലിമോ ക്രിസ്ത്യാനിയോ ആവട്ടെ ജനസംഖ്യാ വളര്‍ച്ച കൂടുതലാണ്. ചുരുക്കിപ്പറഞ്ഞാല്‍ ജനസംഖ്യാ വര്‍ധനവിന്റെ പ്രശ്‌നം ദാരിദ്ര്യത്തിന്റെ പ്രശ്‌നമാണ്. അതിനെ മതപരമായ ഒരു പ്രശ്‌നമാക്കി അവതരിപ്പിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ഹിന്ദുത്വത്തിന്റെ മാപ്പുസാക്ഷികളായി തീരുകയാണ്.
കോര്‍പറേറ്റ് മൂലധനവും നവ ലിബറല്‍ ശക്തികളും ജനസംഖ്യാ പ്രശ്‌നത്തെ മതപരവും വംശീയവുമായ പ്രശ്‌നങ്ങളായി അവതരിപ്പിച്ച് ലോകത്തെല്ലായിടത്തും സംസ്‌കാര സംഘര്‍ഷത്തിന്റെ രക്തപ്പുഴകള്‍ സൃഷ്ടിക്കുകയാണ്. മൂന്നാംലോക രാജ്യങ്ങളുടെ ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കില്‍ അവര്‍ അമേരിക്ക ഉള്‍പ്പെടെയുള്ള സമ്പന്ന രാജ്യങ്ങളുടെ ജീവിതത്തിനുമേല്‍ മേല്‍ക്കൈ നേടുമെന്ന ഭീതി സാമ്രാജ്യത്വ ബുദ്ധികേന്ദ്രങ്ങള്‍ ആസൂത്രിതമായിതന്നെ പ്രചരിപ്പിക്കുന്നുണ്ട്. കറുത്തവര്‍ക്കും ഏഷ്യന്‍ വംശജര്‍ക്കുമെതിരായ ആംഗ്ലോ സാംഗ്‌സണ്‍ വംശമേധാവിത്വ സിദ്ധാന്തങ്ങള്‍ പല നവനാസി സംഘടനകളും ജനസംഖ്യാസിദ്ധാന്തം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. 1998-ല്‍ ബിജെ പി കേന്ദ്രത്തില്‍ അധികാരത്തിലുള്ളപ്പോഴാണല്ലോ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ആഗോള മരുന്നു കമ്പനികളുടെ നിര്‍ബന്ധത്തിനു വഴങ്ങി ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച രണ്ട് ബില്ലുകള്‍ അവതരിപ്പിക്കപ്പെട്ടത്. അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിയും ബി ജെ പി നേതാവും പാര്‍ലിമെന്റംഗവുമായിരുന്ന ജെ കെ ജെയിനിനെ പോലുള്ളവരും വ്യാപകമായി പ്രചരിപ്പിച്ചത് ജനസംഖ്യാവര്‍ധനവാണ് ഇന്ത്യനേരിടുന്ന എല്ലാ സാമൂഹിക സാമ്പത്തിക പ്രതിസന്ധിക്കും കാരണമെന്നാണ്.
ജനസംഖ്യാപ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ മുന്‍സര്‍ക്കാറുകളെല്ലാം പരാജയപ്പെട്ടുവെന്ന് പറഞ്ഞുകൊണ്ടാണല്ലോ അവരില്‍ നിന്ന് വ്യത്യസ്തമായ ഒരു ജനസംഖ്യാനയം ഹിന്ദുത്വ ശക്തികള്‍ മുന്നോട്ടുവെച്ചത്. അമിതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യക്ക് കടിഞ്ഞാണിടാന്‍ ഇന്നുള്ളതിനേക്കാള്‍ കര്‍ക്കശമായ നടപടികള്‍ വേണമെന്നും വേണ്ടിവന്നാല്‍ നിര്‍ബന്ധിതമായ ജനനനിയന്ത്രണം നടപ്പാക്കണമെന്നുമാണ് വാജ്പയ് സര്‍ക്കാരിന്റെ ഗ്രീന്റൂമില്‍ പ്രവര്‍ത്തിച്ച പല ബുദ്ധിജീവികളും മടിയില്ലാതെ തുറന്നടിച്ചത്. അക്കാലത്ത് ജനസംഖ്യാനിയന്ത്രണവുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകള്‍ ഹിന്ദുത്വ ശക്തികള്‍ പാര്‍ലിമെന്റില്‍ ബി ജെ പി എംപിമാര്‍ വഴി അവതരിപ്പിക്കുകയും ചെയ്തു. രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങളുള്ള ദമ്പതികള്‍ക്കെതിരെ നിയമനടപടികള്‍ ശിപാര്‍ശ ചെയ്യുന്നതിലാണ് രണ്ട് ബില്ലുകളും ഊന്നിയത്.
സംഘ്പരിവാറിന്റെ ഈ ജനസംഖ്യാനയത്തിന് പിന്തുണ നല്‍കിക്കൊണ്ട് ആന്ധ്രയില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് പാര്‍ലിമെന്റംഗവും ജനസംഖ്യാനിയന്ത്രണ ബില്ല് അവതരിപ്പിക്കുകയുണ്ടായി. രണ്ടിലധികം കുഞ്ഞുങ്ങളുള്ള ദമ്പതികളില്‍ ഒരാളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കണമെന്നായിരുന്നു ആ ബില്ലിലെ മുഖ്യവ്യവസ്ഥ. അടിയന്തരാവസ്ഥയിലെ സഞ്ജയ ്ഗാന്ധിയുടെ നിര്‍ബന്ധിത വന്ധ്യംകരണ നടപടികളെ പിന്‍പറ്റുന്നതായിരുന്നു ഈ മൂന്ന് ബില്ലുകളും! ഒരാധുനിക ജനാധിപത്യസമൂഹത്തില്‍ ബലപ്രയോഗത്തിലൂടെ ഭരണകൂടം മനുഷ്യരുടെ പ്രത്യുത്പാദന ശക്തി നശിപ്പിക്കുകയും അതുവഴി ജനസംഖ്യാനിയന്ത്രണത്തിന് ശ്രമിക്കുകയും ചെയ്യുന്നത് എത്രത്തോളം മനുഷ്യത്വ രഹിതമാണ്. ബി ജെ പി നേതാക്കളുടെ ജനസംഖ്യാനിയന്ത്രണ സിദ്ധാന്തത്തിന്റെ ലക്ഷ്യം ഹൈന്ദവേതരമായ ന്യൂനപക്ഷ മതസമൂഹങ്ങളാണല്ലോ.
1998-99 കാലത്ത് അമേരിക്കയില്‍ നിരോധിക്കപ്പെട്ട ക്വീനക്രൈന്‍ (Quinacrine) എന്ന ഗര്‍ഭനിരോധക മരുന്ന് വ്യാപകമായി ഇറക്കുമതി ചെയ്യാന്‍ വാജ്പയ് സര്‍ക്കാര്‍ അനുമതി നല്‍കി. ലോകാരോഗ്യസംഘടന സുരക്ഷിതത്വത്തെയും ഫലപ്രാപ്തിയെയും സംബന്ധിച്ച ആശങ്കകള്‍ അവശേഷിപ്പിക്കുന്ന ഒരൗഷധമായിട്ടാണ് ക്വീനക്രൈനിനെ പട്ടികപ്പെടുത്തിയിട്ടുള്ളത്. ക്യാന്‍സറിന് കാരണമാകാന്‍ ഇടയുണ്ടെന്നതിനാലാണ് ലോകാരോഗ്യസംഘടന ഈ ഗര്‍ഭനിരോധന ഔഷധം നിരോധിച്ചത്. ഇന്ത്യയില്‍ പൊതുതാത്പര്യഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി പോലും ഈ മരുന്നിന്റെ വിപണനവും ഉപയോഗവും തടയാന്‍ നിര്‍ദ്ദേശിച്ചിട്ടും വ്യാപകമായി ഇവിടെ വില്പന നടത്താന്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ് അന്നത്തെ സര്‍ക്കാര്‍ ചെയ്തത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഔദേ്യാഗിക വിജ്ഞാപനമിറക്കാന്‍ അന്നത്തെ കേന്ദ്രഗവണ്‍മെന്റ് ആരോഗ്യമന്ത്രാലയത്തെ അനുവദിച്ചില്ല.
ക്വീനക്രൈനിന്റെ വില്‍പ്പനയില്‍ നിന്നും വന്‍ ആദായമുണ്ടാക്കുന്ന ഇന്ത്യന്‍ ലോബിക്ക് നേതൃത്വം കൊടുക്കുന്നത് ബി ജെ പി നേതാവായ ജെ കെ ജയിനിനെപോലുള്ള ആളുകളായിരുന്നുവെന്ന കാര്യം അക്കാലത്ത് മാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ജെ കെ ജയിന്‍ അമേരിക്കയില്‍ നിന്നും ക്വീനക്രൈന്‍ പെല്ലറ്റുകള്‍ വരുത്തി ഡോക്ടര്‍മാരിലൂടെ പാവപ്പെട്ട സ്ത്രീകളിലേക്കെത്തിക്കുന്ന വലിയൊരു വ്യാപാര ശൃംഖലയുടെ തലവനായിരുന്നുവത്രെ! അമേരിക്കയില്‍ നിന്നുള്ള ഈ ഔഷധത്തിന്റെ കയറ്റുമതി കുത്തക സ്റ്റീഫന്‍ഡിമംഫോര്‍ഡ് ആയിരുന്നു. അദ്ദേഹം ഒരു ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു. സ്റ്റീഫന്‍ഡിമംഫോര്‍ഡ് ആംഗ്ലോസാംഗ്‌സണ്‍ വംശവെറിയുടെ സൈദ്ധാന്തികന്‍ കൂടിയായിരുന്നു. മ്ലേച്ഛ സമൂഹങ്ങള്‍ വരേണ്യവിഭാഗങ്ങളുടെ ജീവിതത്തിനുമേല്‍ മേല്‍ക്കൈ നേടുന്നത് അരാജകത്വത്തിനും കുഴപ്പങ്ങള്‍ക്കും വഴിയൊരുക്കുമെന്നുമാണ് ഈ ശാസ്ത്രജ്ഞന്‍ ജനസംഖ്യാനിയന്ത്രണ സിദ്ധാന്തം വിശദീകരിച്ചുകൊണ്ട് സമ്പന്ന വരേണ്യവിഭാഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സന്താന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഒരു ഔഷധവ്യാപാരം മാത്രമായിരുന്നില്ല , ദരിദ്രരുടെയും മ്ലേച്ഛരുടെയും ജനസംഖ്യാപരമായ മേല്‍ക്കൈ തടയാനുള്ള രാഷ്ട്രീയപ്രവര്‍ത്തനം കൂടിയായിരുന്നു. കോര്‍പറേറ്റ് മൂലധനത്തിന്റെയും സവര്‍ണ ജാതിവംശബോധത്തിന്റെയും താത്പര്യങ്ങളുമായി ചേര്‍ത്തുവേണം സംഘ്പരിവാറിന്റെ ജനസംഖ്യാസിദ്ധാന്തങ്ങളെയും ഭൂരിപക്ഷ മതസമൂഹങ്ങളില്‍ അസംബന്ധ ഭീതി പടര്‍ത്തുന്ന പ്രചാരണങ്ങളെയും പുരോഗമനശക്തികള്‍ സമീപിക്കേണ്ടത്. ഹിന്ദുവര്‍ഗീയവാദികളുടെ ആദര്‍ശങ്ങളെയും കാപട്യങ്ങളെയും തുറന്നു കാണിച്ചുകൊണ്ട് മാത്രമേ മതനിരപേക്ഷതക്കു വേണ്ടിയുള്ള സമരങ്ങളെ പുരോഗമന ജനാധിപത്യശക്തികള്‍ക്ക് മുന്നോട്ടുകൊണ്ടുപോകാനാവൂ.