പുതിയാപ്പ മണ്ണെണ്ണ ബങ്ക് ഉദ്ഘാടനം ചെയ്തു

Posted on: September 1, 2015 11:08 am | Last updated: September 1, 2015 at 11:08 am

കോഴിക്കോട്: ജില്ലയിലെ മത്സ്യ തൊഴിലാളികള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിനായി പുതിയാപ്പ ഹാര്‍ബറില്‍ സ്ഥാപിച്ച മണ്ണെണ്ണ ബങ്ക് പ്രവര്‍ത്തനമാരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഫിഷറീസ്-തുറമുഖ- എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബു നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ മത്സ്യതൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ വിതരണം ചെയ്യുന്നതിനായി എല്ലാ തീരദേശ ജില്ലകളിലും നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ബങ്ക് സ്ഥാപിച്ചത്.
മണ്ണെണ്ണ ബങ്കിലൂടെ പെര്‍മിറ്റ് ലഭിച്ചിട്ടുള്ള ഓരോ മത്സ്യ ത്തൊഴിലാളിക്കും എന്‍ജിന്റെ കുതിര ശക്തിക്കനുസരിച്ച് 140 മുതല്‍ 190 ലിറ്റര്‍ വരെ ലിറ്ററിന് 25 രൂപ സബ്‌സിഡിയോടുകൂടി മണ്ണെണ്ണ ലഭിക്കും. ഇതിനുപുറമെ കൂടുതല്‍ മണ്ണെണ്ണ ആവശ്യമുള്ളവര്‍ക്ക് നിശ്ചിത അളവില്‍ കമ്പോള നിലവാരത്തില്‍ ഇവിടെനിന്നും ലഭിക്കും.
എ കെ ശശീന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് മാനേജിംഗ്് ഡയരക്ടര്‍ വി ജി കിഷോര്‍കുമാര്‍ പദ്ധതിയെകുറിച്ച് വിശദീകരിച്ചു. ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ മറിയം ഹസീന, ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എം എ മുഹമ്മദ് അന്‍സാരി, കെ രാജന്‍, മഞ്ചാന്‍ അലി, പി പ്രഭാകരന്‍ പ്രസംഗിച്ചു. മത്സ്യഫെഡ് ചെയര്‍മാന്‍ വി ദിനകരന്‍ സ്വാഗതവും മത്സ്യഫെഡ് ജില്ലാ മാനേജര്‍ ടി വി രമേശന്‍ നന്ദിയും പറഞ്ഞു.