Connect with us

Kerala

കോട്ടയത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരണപ്പെട്ടു

Published

|

Last Updated

കോട്ടയം: പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ദളിത് യുവാവ് മരിച്ചു. മരങ്ങാട്ടുപള്ളി പാറയ്ക്കല്‍ വിശ്വംഭരന്‍- ലീല ദമ്പതികളുടെ മകന്‍ സിബി (40)ആണ് മരിച്ചത്. തലക്ക് പിറകില്‍ മുറിവേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ട്രോമാകെയര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന സിബി ഇന്നലെ ഉച്ചക്ക് 1.30 ഓടെയാണ് മരിച്ചത്. പോലീസിന്റെ ക്രൂരമര്‍ദനമേറ്റാണ് സിബി മരിച്ചതെന്ന് ആരോപിച്ച് എല്‍ ഡി എഫ് നാളെ കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞ 29ന് മരങ്ങാട്ടുപള്ളി എസ് ഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത സിബിയെ പിറ്റേന്ന് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. മദ്യപിച്ച് അയല്‍വാസിയായ പതിനേഴുകാരനുമായി ബഹളമുണ്ടാക്കിയെന്ന കേസിലായിരുന്നു സിബിയെ മരങ്ങാട്ടുപ്പള്ളി എസ് ഐയായിരുന്ന കെ എ ജോര്‍ജുകുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തത്. ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായ സിബിയെ മുപ്പതിന് രാവിലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്റ്റേഷനില്‍ കൊണ്ടുപോയ ശേഷം സിബിയെ പോലിസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും മര്‍ദനത്തിലാണ് സിബിക്ക് തലയില്‍ രക്തസ്രാവം ഉണ്ടായി അവശനിലയിലായതെന്നും ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിരുന്നു.
തലയുടെ പിന്‍ഭാഗത്ത് മാരകമായി മുറിവ് ഉണ്ടായതിനാല്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. അതിനുശേഷം വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിടുകയും മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു. ആഭ്യന്തര സെക്രട്ടറിയും കോട്ടയം ജില്ലാ പോലീസ് മേധാവിയും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ആവശ്യപ്പെട്ടു.
മധ്യമേഖലാ ഐ ജി, ജില്ലാ മജിസ്‌ട്രേറ്റ് ഉത്തമന്‍, ആര്‍ ഡി ഒ. സി ആര്‍ പ്രകാശ് എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും. മര്‍ദന വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ് പോലീസ് കംപ്ലയിന്റ് അതോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജിലെത്തി സിബിയെ സന്ദര്‍ശിക്കുകയും മാതാപിതാക്കളുടെ പരാതി കേള്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവി എം പി ദിനേശ് അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഐ ജി. എം ആര്‍ അജിത്കുമാര്‍ ആരോപണവിധേയനായ മരങ്ങാട്ടുപള്ളി എസ് ഐ. ജോര്‍ജുകുട്ടിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജോര്‍ജുകുട്ടി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ജില്ലാ പ്രസിഡന്റ് കൂടിയാണ്.
അതേസമയം, സിബിയെ പോലീസ് മര്‍ദിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുക്കും മുമ്പ് തന്നെ സിബിക്ക് മര്‍ദനമേറ്റിരുന്നതായും പോലീസ് പറയുന്നു. അയല്‍വാസിയായ പതിനേഴുകാരനുമായി അടിപിടിയുണ്ടാക്കിയതിനാണ് സിബിയെ കസ്റ്റഡിയിലെടുത്തതെന്നും പോലിസ് പറയുന്നു. യുവാവിന്റെ മരണത്തോടെ പതിനേഴുകാരനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഇയാളുമായുണ്ടായ അടിപിടിക്കിടെയാണ് മരിച്ച സിബിക്ക് പരുക്കേറ്റതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അന്വേഷണത്തിന്റെ ഗതിമാറ്റനാണ് കേസെടുത്തതെന്ന് ആരോപണമുണ്ട്. എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തത് അറസ്റ്റിന്റെ നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാലാണെന്നാണ് കോട്ടയം ജില്ലാ പോലീസ് മേധാവി എം പി ദിനേശിന്റെ വിശദീകരണം.
സിബിയെ സ്റ്റേഷനില്‍ കൊണ്ടുവന്നശേഷം നിയമാനുസരണം നടത്തേണ്ട വൈദ്യപരിശോധന നടത്തിയില്ലെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മോന്‍സ് ജോസഫ് എം എല്‍ എ ആവശ്യപ്പെട്ടു. യുവാവിന്റെ മരണത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമായിട്ടുണ്ട്. മരങ്ങാട്ടുപള്ളി പ്രദേശത്ത് പോലീസ് കാവല്‍ ശക്തമാക്കി.
മരിച്ച സിബി സി ഐ ടി യു അംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: പ്രിയ (അങ്കണ്‍വാടി വര്‍ക്കര്‍). മക്കള്‍: വിഷ്ണു, വൈശാഖ്, വിസ്മയില്‍