വ്യാജ രേഖ: അലീഗഡ് മലപ്പുറം ഡയറക്ടര്‍ക്കെതിരെ ക്രിമിനല്‍ നടപടി വേണമെന്ന്

Posted on: July 10, 2015 3:27 pm | Last updated: July 10, 2015 at 3:27 pm

മലപ്പുറം: വ്യാജരേഖകള്‍ ചമച്ച് അലീഗഡ് മുസ്‌ലിം സര്‍വകലാശാല മലപ്പുറം ക്യാമ്പസ് ഡയറക്ടര്‍ സ്ഥാനത്തെത്തിയ ഡോ. എച്ച് അബ്ദുല്‍ അസീസിനെതിരെ ശിക്ഷണ നടപടികള്‍ സര്‍വകലാശാല തലത്തില്‍ ഒതുങ്ങരുതെന്നും ക്രിമിനല്‍ നടപടി വേണമെന്നും എസ് സി, എസ് ടി സംരക്ഷണ മുന്നണി സംസ്ഥാന ചീഫ് കോഡിനേറ്റര്‍ വി എസ് രാധാകൃഷ്ണന്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഡയറക്ടര്‍ നിയമനത്തിനായി ഇദ്ദേഹം ഹാജരാക്കിയ തിരുവനന്തപുരം ലോ കൊളജില്‍ നിന്നുള്ളതടക്കമുള്ള പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇതുസംബന്ധിച്ചു സി ബി ഐക്ക് നല്‍കിയ പരാതിയില്‍ നടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരേ നടപടിയുണ്ടായിട്ടില്ല. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി മ്യൂസിയം പൊലീസ് എസ് ഐക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ പൊലീസ് വിളിച്ചിട്ടും ചോദ്യം ചെയ്യലിന് ഇദ്ദേഹം ഇതുവരേ ഹാജരായിട്ടില്ല. ഡയറക്ടര്‍ സ്ഥാനത്തിരുന്ന് ഇദ്ദേഹം നടത്തിയ അഴിമതി സംബന്ധിച്ചും അന്വേഷിക്കണം. ഡയറക്ടര്‍ നിയമനത്തിനായി സമര്‍പ്പിച്ച അപേക്ഷയില്‍ എത്യോപയിലെ ഡബബ് സര്‍വ്വകാലശാലയില്‍ ലക്ചറും അസിസ്‌ററന്റ് ഡയറക്ടറുമായതായി കാണിച്ചു നല്‍കിയ രേഖകളും വ്യാജമാണ്. ഈ സര്‍വ്വകലാശാല 2006ല്‍ ഹവാസ സര്‍വ്വകലാശാല എന്നു പുനര്‍ നാമകരണം ചെയ്തിരുന്നു.
2002 മുതല്‍ അഞ്ചു വര്‍ഷം ഇദ്ദേഹം കരാര്‍ അടിസ്ഥാനത്തില്‍ ലക്ചറായി ജോലി ചെയ്തതായി 2006 ല്‍ ഹവാസ സര്‍വ്വകലാശാല നല്‍കിയ സര്‍ട്ടിഫിക്കറ്റ് മറച്ചുവെച്ചാണ് ഡബബ് സര്‍വകലാശാലയെന്ന പേരു വെച്ചു വ്യാജ പരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത്. എന്നാല്‍ രണ്ടു സര്‍വകലാശാലയിലും ഇപ്രകാരം തസ്തികകള്‍ നിലവിലില്ല. താത്കാലിക അടിസ്ഥാനത്തില്‍ നിയമിച്ച പട്ടികജാതിക്കാരെ കാരണംകൂടാതെ പിരിച്ചുവിട്ടതു സംബന്ധിച്ചതു സംബന്ധിച്ച് പരാതിയില്‍ ഇദ്ദേഹത്തിനെതിരെ ദേശീയ പട്ടികജാതി കമ്മീഷനും അന്വേഷണം നടത്തുന്നുണ്ട്.
ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചു കേസെടുക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍, അലീഗഡ് വി സി, കേന്ദ്ര മാനവികശേഷി വികസന മന്ത്രാലയം എന്നിവര്‍ക്ക് പരാതി നല്‍കിയതായി വി എസ് രാധാകൃഷ്ണന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എസ് സി,എസ് ടി സംരക്ഷണ മുന്നണി എറണാംകുളം ജില്ലാ പ്രസിഡന്റ് മജീഷ് ചന്ദ്രന്‍, സെക്രട്ടറി വി പി പ്രജീഷ് പങ്കെടുത്തു