Connect with us

Kozhikode

പ്ലസ് ടു പ്രവേശനം: മുഴുവന്‍ എ പ്ലസ് നേടിയവരും ആദ്യ അലോട്ട്‌മെന്റില്‍ പടിക്ക് പുറത്ത്

Published

|

Last Updated

കോഴിക്കോട്: എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളും ആദ്യ അലോട്ട്‌മെന്റില്‍ പുറത്തായി. നീന്തലിന്റെ ഗ്രേസ് മാര്‍ക്കിലൂടെയാണ് സംസ്ഥാന സിലബസിലുളള നിരവധി വിദ്യാര്‍ഥികളും സി ബി എസ് ഇ വിഭാഗത്തിലെ വിദ്യാര്‍ഥികളും പുറത്തായത്. പ്ലസ് വണ്ണിന്റെ അപേക്ഷാ ഫോമില്‍(ഏക ജാലകത്തില്‍) എന്‍ സി സി, ഹെല്‍ത്ത് ക്ലബ്, പോലീസ് കേഡറ്റ്, നീന്തല്‍ എന്നിങ്ങനെ ബോണസ് മാര്‍ക്കിനായി ചോദ്യങ്ങളുണ്ട്. സ്വീം (നീന്തല്‍) യേസ് അല്ലെങ്കില്‍ നോ എന്ന് അടയാളപ്പെടുത്താന്‍ അപേക്ഷാ ഫോമില്‍ പറയുന്നുണ്ട്. യേസ് അടയാളപ്പെടുത്തുന്നവര്‍ക്ക് (നീന്തലറിയുന്നവര്‍ക്ക്) രണ്ട് ഗ്രേസ്് മാര്‍ക്കാണ് കിട്ടുന്നത്്. ഒരേ എ പ്ലസ് കരസ്ഥമാക്കിയവര്‍ ഗ്രേസ് മാര്‍ക്ക് കൊണ്ടാണ് ഏകജാലകത്തില്‍ മുന്നിലെത്തി ഇഷ്ടപ്പെട്ട സ്‌കൂള്‍ തെരഞ്ഞെടുക്കുന്നത്. ഇതുകൊണ്ട് തന്നെ ഏകജാലകത്തില്‍ ഗ്രേസ് മാര്‍ക്ക് നിര്‍ണായകമാണ്. നീന്തലറിയാവുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിലെ നിയമത്തിന്റെ പഴുതുകളിലൂടെയാണ് ഇത്തരത്തില്‍ നിരവധി പേര്‍ യോഗ്യതയില്ലാതെ സീറ്റ് നേടിയെടുക്കുന്നത്. എന്‍ സി സി, ഹെല്‍ത്ത് ക്ലബ് തുടങ്ങി മറ്റു വിഭാഗത്തിലുളള ഗ്രേസ് മാര്‍ക്ക് നേടുന്നവര്‍ക്ക് സ്‌കൂളില്‍ നിന്നുളള വ്യക്തമായ രേഖകള്‍ ലഭിച്ചിട്ടാണ്് പ്രവേശനം നേടുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ അവകാശം കൊടുത്തിട്ടുളള നീന്തലിലാണ് പ്രധാനമായും തിരിമറി നടന്നത്.
നീന്തല്‍ അറിവിനുളള രണ്ട് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതിന് കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തില്‍ രൂപീകരിച്ചിട്ടുളള സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ നീന്തല്‍ പരിശീലനം നല്‍കി പ്രസ്തുത സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് പ്രവേശനസമയത്ത് ഹാജരാക്കിയിരിക്കണമെന്നാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറിലുളളത്. എന്നാല്‍ നീന്തലറിയാത്തവര്‍ തിരിമറി നടത്തിയാണ് പലരും ഗ്രേസ് മാര്‍ക്ക് നേടിയതെന്നാണ് വ്യക്തമായത്.പലരും രാഷ്ട്രീയ സ്വാധീനത്തിലൂടെയും മറ്റുമാണ് നീന്തലിന്റെ സര്‍ട്ടിഫിക്കറ്റ് നേടിയത്. ചുരുക്കം തദ്ദേശകേന്ദ്രങ്ങളാണ് നീന്തലറിയുമോയെന്ന പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സംസ്ഥാനത്ത് ഇത്തരത്തില്‍ നീന്തലറിയാത്തവര്‍ ബോണസ് പോയിന്റ് നേടിയതിനാല്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ പിന്തളളപ്പെട്ടു. ഇതില്‍ കൂടുതല്‍ പിന്തളളപ്പെട്ടത് സി ബി എസ് ഇ സിലബസില്‍പ്പെട്ടവരാണ്.
പ്ലസ് വണില്‍ പ്രവേശനം നടക്കുമ്പോള്‍ എല്ലാം പരിശോധിച്ചാണ് പ്രവേശനം നടക്കുക.എന്നാല്‍ സ്‌കൂളുകളിലെ പല അധ്യാപകര്‍ക്കും നീന്തലിന്റെ സര്‍ട്ടിഫിക്കറ്റിന്റെ തിരിമറിയറിയാമെങ്കിലും പലരും കണ്ണടക്കുകയാണ്. മാത്രമല്ല അധികാരപ്പെട്ട തദ്ദേശ കേന്ദ്രങ്ങള്‍ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്താല്‍ അംഗീകരിക്കാനേ സ്‌കൂളധികൃതര്‍ക്ക് സാധിക്കുന്നുളളു. ഇത് പരിശോധിക്കാന്‍ സ്‌കൂളധികൃതര്‍ക്ക് സംവിധാനവുമില്ല. അവകാശപ്പെടുന്നവര്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകള്‍ ഹാജാരക്കണമെന്ന് മാത്രമാണ്് ഹയര്‍സെക്കന്‍ഡറി അധികൃതര്‍ അറിയിച്ചത്. ഇതിന് പ്രത്യേക മാനദണ്ഡമില്ലാത്തതിനാലാണ് നീന്തലിന്റെ പേരില്‍ യോഗ്യതയില്ലാത്തവര്‍ കടന്നുകൂടുന്നതെന്നാണ് വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. മാത്രമല്ല ഒട്ടുമിക്ക സ്‌കൂളുകളിലും നീന്തല്‍ പരിശീലനം നല്‍കുന്നുമില്ല. സ്‌കൂളധികൃതര്‍ തന്നെ തങ്ങളുടെ വേണ്ടപ്പെട്ടവരോട് നീന്തല്‍ അടയാളപ്പെടുത്തിയാല്‍ ഗ്രേസ് മാര്‍ക്കിലുടെ കയറിപറ്റാമെന്നാണ് അറിയിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലും ഇത്തരത്തില്‍ തിരിമറി നടത്തി നിരവധി പേര്‍ കയറ്റിപറ്റിയിട്ടുണ്ടെന്ന് അധികൃതര്‍ തന്നെ വെളിപ്പെടുത്തുന്നു. വ്യക്തമായ മാനദണ്ഡമോ പരിശോധനയോ ഇല്ലാതെയാണ് ഇത്തരത്തില്‍ അയോഗ്യതയുളളവര്‍ സ്വാധീനത്തിലൂടെ മുന്നിലെത്തിയത്.
ഇത്തവണ കോര്‍പ്പറേഷനിലും മുനിസിപ്പാലിറ്റിയും ഗ്രാമപഞ്ചായത്തിലും നീന്തല്‍ അറിയുന്നുവെന്ന സര്‍ട്ടിഫിക്കറ്റിനായി വലിയ തിരക്കാണുണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പലരും കൗണ്‍സിലര്‍മാരുടെയും നേതാക്കളുടെയും ശിപാര്‍ശ കത്തുമായെത്തിയാണ് പരിശോധന നടത്താതെ സര്‍ട്ടിഫിക്കറ്റ് നേടിയെടുത്തത്. അതേസമയം വിദ്യാഭ്യാസവകുപ്പ് നീന്തല്‍ പരിശീലനം സംസ്ഥാനത്ത് പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ ആലോചിക്കുന്നതിനിടെയാണ് നീന്തലിന്റെ പേരില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കൂളുകളിലേക്കൊഴുകുന്നത്. അലോട്ട്‌മെന്റ് 15നാണ് പ്രസീദ്ധികരിച്ചിരുന്നത്. ലിസ്റ്റില്‍ പേര് വന്നിട്ടുളളവര്‍ പ്ലസ് വണ്‍ പ്രവേശനം ഇന്ന് അഞ്ച്മണിക്കുളളില്‍ നേടണമെന്നാണ്് അധികൃതര്‍ പറയുന്നത്. നിരവധിപേരാണ് കഴിഞ്ഞ രണ്ട് ദിവസമായി നടന്ന പ്രവേശനത്തില്‍ നീന്തല്‍ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ അയോഗ്യമായി പ്രവേശനം കരസ്ഥമാക്കിയത്. സംസ്ഥാനത്തുടനീളം ഇത്തരത്തിലുളള രീതി തുടര്‍ന്നത് പരാതിക്കും പ്രതിഷേധത്തിനും ഇടയാക്കി. ഏകജാലകരീതിയിലുടെ പ്ലസ് വണ്‍ പ്രവേശനത്തിന് ആദ്യഘട്ടത്തില്‍ ആകെ 5,18,353 വിദ്യാര്‍ഥികളാണ് അപേക്ഷ നല്‍കിയിരുന്നത്.

Latest