റിസപ്ഷനിസ്റ്റിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൊള്ളക്ക് ശ്രമിച്ച സിറിയക്കാരന്‍ അറസ്റ്റില്‍

Posted on: June 17, 2015 5:35 pm | Last updated: June 17, 2015 at 5:35 pm
1359714738
ദുബൈ പോലീസിന്റെ പിടിയിലായ സിറിയക്കാരന്‍

ദുബൈ: കത്തികാട്ടി റിസപ്ഷനിസ്റ്റിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൊള്ളക്ക് ശ്രമിച്ച യുവാവിനെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. അല്‍ ഖൂസിലെ കമ്പനിയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശിയായ യുവതിയെയാണ് സിറിയക്കാരനായ യുവാവ് ഭീഷണിപ്പെടുത്തി നാടകീയ രംഗം സൃഷ്ടിച്ചത്. ഒരു മണിക്കൂറോളം ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ യുവാവിനെ ദുബൈ പോലീസ് അതിസാഹസികമായാണ് കീഴ്‌പെടുത്തി അറസ്റ്റ് ചെയ്തത്.
പടിഞ്ഞാറന്‍ മോഷണ ചിത്രങ്ങളില്‍ നിന്നു പ്രചോദനം ഉള്‍കൊണ്ടാണ് റിസപ്ഷനിസ്റ്റിനെ ബന്ധിയാക്കി യുവാവ് മോഷണത്തിന് മുതിര്‍ന്നത്. യുവതിയുടെ കഴുത്തില്‍ കത്തിവെച്ചായിരുന്നു യുവാവ് ഭീഷണി മുഴക്കിയതെന്ന് ദുബൈ പോലീസ് വ്യക്തമാക്കി.
യുവതിയുടെ കഴുത്തില്‍ കത്തിവെച്ച് പുറത്തേക്ക് ബലമായി കൊണ്ടുപോകാന്‍ ശ്രമിക്കുകയും തന്നെ അനുസരിച്ചില്ലെങ്കില്‍ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. യുവതിയുമായി കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ ഒരു മണിക്കൂറിന് ശേഷം അല്‍ നഹ്ദയില്‍ നിന്നു പോലീസ് പിന്തുടര്‍ന്ന് കീഴ്‌പെടുത്തുകയായിരുന്നു. മേഖലയിലെ വിവിധ കമ്പനികളില്‍ ചുറ്റിക്കറങ്ങിയ ശേഷമാണ് അനുയോജ്യമെന്ന് തോന്നിയിടത്ത് കൊള്ള നടത്താന്‍ യുവാവ് മുതിര്‍ന്നതെന്ന് ദുബൈ പോലീസ് കുറ്റകൃത്യ വിഭാഗം അസി. പോലീസ് കമാന്റര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ അല്‍ മന്‍സൂരി വെളിപ്പെടുത്തി.