Connect with us

International

ഫ്രഞ്ച് ടെലികോം കമ്പനി ഇസ്‌റാഈലുമായുള്ള കരാര്‍ ഉപേക്ഷിച്ചു

Published

|

Last Updated

പാരീസ്/ടെല്‍ അവീവ്: പ്രമുഖ ഫ്രഞ്ച് ടെലികോം കമ്പനിയായ ഓറഞ്ച് ഇസ്‌റാഈലിലെ മുഴുവന്‍ മുതല്‍ മുടക്കും പിന്‍വലിക്കുന്നു. തങ്ങളുടെ ബ്രാന്‍ഡ് ഇസ്‌റാഈലില്‍ നിന്ന് പിന്‍വലിക്കുകയാണെന്നും ഇത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടല്ലെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇതിനെ ലോക വ്യാപകമായി ഇസ്‌റാഈലിനെതിരെ നടക്കുന്ന ബഹിഷ്‌കരണത്തിന്റെ ഭാഗമായാണ് ബെഞ്ചമിന്‍ നെതന്യാഹു ഭരണകൂടം കാണുന്നത്.
കമ്പനിയുടെ തീരുമാനത്തെ പിന്തുണക്കരുതെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫ്രഞ്ച് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.
അതിനിടെ, ഇസ്‌റാഈലിനെതിരെയുള്ള ഒരു ബഹിഷ്‌കരണത്തെയും സര്‍ക്കാര്‍ പിന്തുണക്കുന്നില്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫേബിയസ് പ്രതികരിച്ചു. എന്നാല്‍ എന്ത് നിലപാടെടുക്കണണെന്ന് കമ്പനിയോട് നിഷ്‌കര്‍ഷിക്കാനാകില്ലെന്നും അവരുടെ നയം തീരുമാനിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീനില്‍ ഇസ്‌റാഈല്‍ കുടിയേറ്റ ഭവനങ്ങള്‍ പണിയുന്നതിനോട് ഫ്രാന്‍സിന്റെ നിലപാട് നേരത്തേ വ്യക്തമാക്കിയതാണ്. അത് നിയമവിരുദ്ധമാണെന്ന അന്താരാഷ്ട്ര നിയമത്തിന്റെ കൂടെയാണ് ഫ്രാന്‍സും. എന്നാല്‍ ഓറഞ്ചിന്റെ നിലപാടിന് ഇസ്‌റാഈലിന്റെ നയവുമായി ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഫലസ്തീന്‍ അനുകൂല ക്യാമ്പയിനില്‍ അണിനിരന്നതിന് പിറകേയാണ് കമ്പനിയുടെ പിന്‍മാറ്റ തീരുമാനമെന്നതിനാല്‍ ബഹിഷ്‌കരണമായി തന്നെയാണ് മാധ്യമങ്ങള്‍ ഇതിനെ കാണുന്നത്. എന്നാല്‍ തീരുമാനം ബിസിനസ്സ് സംബന്ധമായത് മാത്രമാണെന്നും രാഷ്ട്രീയമില്ലെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.
ഫ്രഞ്ച് സര്‍ക്കാറിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഓറഞ്ച്. ഇസ്‌റാഈലിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഓപറേറ്ററായ പാര്‍ട്ണര്‍കമ്യൂണിക്കേഷന്‍സുമായുള്ള കരാറാണ് ഓറഞ്ച് ഉപേക്ഷിച്ചത്. ഈ തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന് കരുതുന്നില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു.
ഏത് നിമിഷവും ഇസ്‌റാഈലില്‍ നിന്ന് പിന്‍വാങ്ങിയേക്കുമെന്ന് ഓറഞ്ച് സി ഇ ഒ സ്റ്റഫാനെ റിച്ചാര്‍ഡ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ തിടുക്കപ്പെട്ട് നടപടിയെടുക്കാന്‍ നിയമപരമായ തടസ്സുമുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഫ്രഞ്ച് കമ്പനികള്‍ മുതല്‍ മുടക്ക് നടത്തരുതെന്ന് 2014 ജൂണില്‍ ഫ്രാന്‍സ് ഉത്തരവിറക്കിയിരുന്നു. അന്ന് രൂക്ഷമായാണ് ഇസ്‌റാഈല്‍ അതിനോട് പ്രതികരിച്ചത്.

---- facebook comment plugin here -----

Latest