Gulf
മസ്‌കത്തില്‍ മലയാളികള്‍ സഞ്ചരിച്ച കാറില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു

മസ്‌കത്ത്: മലയാളികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. തൃശൂര്‍ സ്വദേശി ശിന്റോ, കോഴിക്കോട് സ്വദേശി സ്‌നേഹേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന പയ്യന്നൂര്‍ സ്വദേശി വിനോദ് റുസ്താഖ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്ച രാവിലെ 11 മണിക്ക് റുസ്താഖില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഫയര്‍ ആന്‍ഡ് സേഫ്റ്റി ജീവനക്കാരായ മൂന്ന് പേരും ആമിറാത്തിലെ താമസ സ്ഥലത്ത് നിന്നും റുസ്താഖിലേക്ക് ജോലിക്ക് പോവുകയായിരുന്നു. റുസ്താഖിന് സമീപം എതിരെ വന്ന പിക്കപ്പ് വാന്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന വാഹനം പൊളിച്ചാണ് ഇവരെ പുറത്തെടെത്തുത്. സ്‌നേഹേഷ് കുമാര്‍ ആശുപത്രിയില്‍ എത്തിച്ച ഉടനെ മരിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് ശിന്റോ മരിച്ചത്.
റുസ്താഖ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് സുഹൃത്ത് റിയാസ് പറഞ്ഞു. അവധി ദിവസമായതിനാല്‍ ഇന്നും നാളെയും രേഖകള്‍ ശരിയാക്കുന്നതിന് പ്രയാസം നേരിടും.