National
ഇന്ത്യ- ചൈന കൂടിക്കാഴ്ചയില്‍ അതിര്‍ത്തിപ്രശ്‌നവും ചര്‍ച്ചയായി

സിയാന്‍: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗുമായി കൂടിക്കാഴ്ചയില്‍ തീവ്രവാദവും അതിര്‍ത്തിപ്രശ്‌നവും ഉള്‍പ്പെടെ വിഷയങ്ങള്‍ ചര്‍ച്ചയായി. വ്യാപാര കമ്മി, ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവെന്ന് വിദേശകാര്യ വക്താവ് ജയശങ്കര്‍ വ്യക്തമാക്കി. പരസ്പര വിശ്വാസവും സഹകരണവും ശക്തിപ്പെടുത്തി മുന്നോട്ട് പോകുന്നതിനും ഇരു രാഷ്ട്ര നേതാക്കളും ധാരണയിലെത്തി. പാക്ക് അധീന കാശ്മീരില്‍ ചൈന നടത്താനുദ്ദേശിക്കുന്ന നിക്ഷേപം സംബന്ധിച്ച ആശങ്ക ഇന്ത്യ ഷീ ജിന്‍ പിംഗിനെ അറിയിച്ചു.
ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയിലെത്തിയത്. സിയാനിലെ സിയാങ് രാജ്യാന്തര വിമാനത്താവളത്തില്‍ അദ്ദേഹത്തിന് ഊഷ്മളമായ വരവേല്‍പ്പ് ലഭിച്ചു. ഇന്ത്യയിലെ 125 കോടി ജനതയ്ക്കായുള്ള ആദരമാണ് പ്രധാനമന്ത്രിയെന്ന നിലയില്‍ താന്‍ ഏറ്റുവാങ്ങുന്നതെന്ന് സ്വീകരണ ശേഷം മോഡി പറഞ്ഞു. ജിന്‍ പിംഗിന്റെ ജന്മസ്ഥലമായ സിയാനിലായിരുന്നു മോഡിയുടെ ആദ്യ സന്ദര്‍ശനം. ഇവിടത്തെ ടെറാകോട്ട മ്യൂസിയത്തിലും സന്ദര്‍ശനം നടത്തിയ മോഡി പിന്നീട് ഇവിടത്തെ തന്നെ ബുദ്ധക്ഷേത്രത്തില ദര്‍ശനവും നടത്തി. കഴിഞ്ഞ സെപ്റ്റംബറില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ് ഇന്ത്യ സന്ദര്‍ശനം തുടങ്ങിയത് മോദിയുടെ ജന്മദേശമായ ഗുജറാത്തില്‍ നിന്നുമായിരുന്നു.
നാളെ ബെയ്ജിങ്ങില്‍ ചൈനീസ് പ്രധാനമന്ത്രി ലീ കെ ചിയാങ്ങുമായി മോഡി കൂടിക്കാഴ്ച നടത്തും. 10 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാരക്കരാറുകള്‍ ചൈനയുമായി ഇന്ത്യ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.