Connect with us

International

എവറസ്റ്റിലെ ഹിമപാതം: മരിച്ചവരില്‍ ഗൂഗിള്‍ എക്‌സിക്യൂട്ടീവ് ഡാന്‍ ഫ്രെഡിന്‍ബര്‍ഗും

Published

|

Last Updated

കാലിഫോര്‍ണിയ: നേപ്പാളില്‍ ശനിയാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് എവറസ്റ്റ് കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ ഗൂഗിള്‍ എക്‌സിക്യൂട്ടീവ് ഡാന്‍ ഫ്രെഡിന്‍ബര്‍ഗ് മരിച്ചതായി സ്ഥിരീകരിച്ചു. ജാഗ്ഡ് ഗ്‌ളോബെ എന്ന സാഹസിക യാത്രാ കമ്പനിയുടെ കീഴിലാണ് മൂന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഫ്രെഡിന്‍ബര്‍ഗ് എവറസ്റ്റിലേക്ക് പോയത്. അദ്ദേഹം മരിച്ചതായി കമ്പനിയുടെ ഡയറക്ടര്‍ ടോം ബ്രിഗ്‌സും സ്ഥിരീകരിച്ചിട്ടുണ്ട്.
തലക്കേറ്റ ഗുരുതരമായ പരുക്കിനെത്തുടര്‍ന്നാണ് ഫ്രെഡിന്‍ബര്‍ഗ് മരിച്ചതെന്ന് സഹോദരി മീഗാന്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്ന ഡബ്ലിന്‍ സ്വദേശിയായ പോള്‍ ഗ്രാനാനും ബ്രിട്ടീഷുകാരനായ റിച്ചാര്‍ഡ് ബ്രൂക്‌സും പരുക്കുകളോടെ രക്ഷപ്പെട്ടുവെന്ന് ഗൂഗിള്‍ അറിയിച്ചു.
2007 മുതല്‍ ഗൂഗിളിനൊപ്പം പ്രവര്‍ത്തിച്ചുവരുന്ന ഫ്രെഡിന്‍ബര്‍ഗ് ഗൂഗിള്‍ സാഹസിക സംഘത്തെ നയിച്ചിരുന്നയാളാണ്. ഗൂഗിളിന്റെ രഹസ്യ ഗവേഷണ വിഭാഗമായ ഗൂഗിള്‍ എക്‌സിലായിരുന്നു ഫ്രെഡിന്‍ബര്‍ഗ് പ്രവര്‍ത്തിച്ചിരുന്നത്. ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി തവണ എവറസ്റ്റ് കൊടുമുടി കയറിയിട്ടുണ്ട്. ജാഗ്ഡ് ഗ്ലോബിന്റെ കീഴിലുള്ള മൂന്ന് സംഘങ്ങള്‍ കൂടി നേപ്പാളില്‍ എത്തിയിരുന്നു. ഇവരെ കുറിച്ച് വിവരമൊന്നുമില്ല.