റയല്‍, ജുവെന്റസ് സെമിയില്‍

Posted on: April 23, 2015 11:52 pm | Last updated: April 23, 2015 at 11:52 pm

27E0946B00000578-0-image-a-84_1429733633262മാഡ്രിഡ്: ബയേണ്‍മ്യൂണിക്ക്, ബാഴ്‌സലോണ ടീമുകള്‍ക്ക് പിന്നാലെ റയല്‍മാഡ്രിഡും ജുവെന്റസും യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍. മാഡ്രിഡ് ടീമുകള്‍ തമ്മിലുള്ള പെരുംപോരില്‍ റയല്‍മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി (ഇരുപാദ സ്‌കോര്‍ 1-0). ജുവെന്റസ് ഇരുപാദത്തിലുമായി 1-0ന് മൊണാക്കോയെയും പരാജയപ്പെടുത്തി. ഫ്രാന്‍സില്‍ നടന്ന രണ്ടാം പാദം ഗോള്‍രഹിതമായിരുന്നു. ഇറ്റലിയില്‍ ഹോംഗ്രൗണ്ടിലെ ജയമാണ് (1-0) ജുവെന്റസിനെ തുണച്ചത്.
റയലിന്റെ നിര്‍ണായക ഗോള്‍ മെക്‌സിക്കോ സ്‌ട്രൈക്കര്‍ ഹവിയര്‍ ഹെര്‍നാണ്ടസ് 88ാം മിനുട്ടില്‍ നേടി. തുര്‍ക്കി മിഡ്ഫീല്‍ഡര്‍ ആര്‍ദ ടുറാന് ചുവപ്പ് കാര്‍ഡ് കണ്ടതോടെ അത്‌ലറ്റിക്കോ മാഡ്രിഡ് അവസാന പതിനാല് മിനുട്ട് പത്തുപേരുമായി പൊരുതേണ്ടി വന്നു. ആള്‍ബലം കുറഞ്ഞതാണ് അത്‌ലറ്റിക്കോക്ക് വിനയായത്.
കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിനോടേറ്റ തോല്‍വിക്ക് (4-1) മധുരപ്രതികാരം ലക്ഷ്യമിട്ടായിരുന്നു അത്‌ലറ്റിക്കോ കളത്തിലിറങ്ങിയത്. റയല്‍മാഡ്രിഡാകട്ടെ സീസണില്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്നേറ്റ തുടര്‍ തിരിച്ചടികള്‍ക്ക് മറുപടി കൊടുക്കാനും. റയല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടിക്ക് പക്ഷേ വിലകൂടിയ താരങ്ങളുടെ പരുക്ക് തലവേദനയായി.
ഗാരെത് ബെയില്‍, കരീം ബെന്‍സിമ, ലൂക മോഡ്രിച്, മാര്‍സലോ എന്നീ പ്രധാനികളില്ലാതെയാണ് റയല്‍ രണ്ടാം പാദ ക്വാര്‍ട്ടറിനിറങ്ങിയത്. ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസിനെ മിഡ്ഫീല്‍ഡറാക്കിയാണ് ആഞ്ചലോട്ടി വിഭവദൗര്‍ലഭ്യം പരിഹരിച്ചത്. ബെന്‍സിമക്ക് പകരം ഹെര്‍നാണ്ടസെത്തി. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ അവസരമില്ലാതെ വലഞ്ഞ ഹെര്‍നാണ്ടസ് വായ്പാടിസ്ഥാനത്തിലാണ് റയലിലെത്തിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റോഡ്രിഗസും ഒന്നിക്കുന്ന മുന്നേറ്റത്തില്‍ ഹെര്‍നാണ്ടസും പ്രധാന റോളിലെത്തി.
ആദ്യ പകുതിയില്‍ റയലിന്റെ തുടര്‍ ആക്രമണത്തില്‍ അത്‌ലറ്റിക്കോ പകച്ചു നിന്നു. ക്രിസ്റ്റ്യാനോ രണ്ട് തവണ ബോക്‌സിന് പുറത്ത് വെച്ച് വെടിയുണ്ടയുതിര്‍ത്തു. എന്നാല്‍, രണ്ടും ഇടങ്കാല്‍ കൊണ്ടായതിനാല്‍ ഫലിച്ചില്ല. ക്രിസ്റ്റ്യാനോയുടെ ശക്തി വലതുകാലാണ്. ഇത് തിരിച്ചറിഞ്ഞ അത്‌ലറ്റിക്കോയുടെ പ്രതിരോധ നിര ക്രിസ്റ്റ്യാനോ ഇടത് വിംഗില്‍ നിന്ന് കയറി വന്ന് വലത് കാല്‍ കൊണ്ട് ലക്ഷ്യം വെക്കുന്നതിനെ ജാഗ്രതയോടെ പ്രതിരോധിച്ചു. ആദ്യ പകുതിയില്‍ ആര്‍ദ ടുറാന്റെ ഒരു കനപ്പെട്ട ഷോട്ട് മാത്രമാണ് റയല്‍ ഗോളി ഐകര്‍ കസിയസിനെ പരീക്ഷിച്ചത്. ആദ്യപകുതിയില്‍ റയലിന്റെ സുവര്‍ണാവസരം ക്രിസ്റ്റ്യാനോക്കായിരുന്നു ലഭിച്ചത്. ഹാമിഷ് റോഡ്രിഗസ് ബോക്‌സിനുള്ളിലേക്ക് തള്ളിക്കൊടുത്ത പന്ത് ക്രിസ്റ്റ്യാനോ ഫസ്റ്റ് ടൈം ഷോട്ടില്‍ ഗോളിന് ശ്രമിച്ചെങ്കിലും ഗോളി ഒബ്ലാക് തട്ടിമാറ്റി.
രണ്ടാം പകുതിയുടെ തുടക്കത്തിലും റയലിനായിരുന്നു മുന്‍തൂക്കം. ഇസ്‌കോയുടെ നീക്കം അത്‌ലറ്റിക്കോ പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഹെര്‍നാണ്ടസിലേക്ക് പന്ത്. വെച്ച് താമസിപ്പിക്കാതെ മെക്‌സിക്കന്‍ താരം ചിപ് ചെയ്ത പന്ത് നേരിയ വ്യത്യാസത്തിനാണ് ഗോളാകാതെ പോയത്.
ഇതിനിടെ അത്‌ലറ്റിക്കോയുടെ ടോപ് സ്‌കോറര്‍ അന്റോണി ഗ്രീസ്മാനെ പിന്‍വലിച്ച് ലൂയിസ് ഗാര്‍സിയയെ കോച്ച് സിമിയോണി കളത്തിലിറക്കി. മിഡ്ഫീല്‍ഡര്‍ കോക്കെയില്‍ നിന്ന് ഗാര്‍സിയയിലേക്ക് കൗണ്ടര്‍ അറ്റാക്കിംഗ് പദ്ധതിയിട്ടായിരുന്നു സിമിയോണിയുടെ നീക്കം.
എന്നാല്‍, സെര്‍ജിയോ റാമോസിനെ ഫൗള്‍ ചെയ്തതിന് രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ച് ടുറാന്‍ പുറത്തായത് സിമിയോണിയെ നിരായുധനാക്കി. ടുറാനും കോക്കെയുമായിരുന്നു അത്‌ലറ്റിക്കോയുടെ കേളീതന്ത്രം ഗ്രൗണ്ടില്‍ സാക്ഷാത്കരിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍. ടുറാനില്ലാതായതോടെ കോകെ തളര്‍ന്നു, അത്‌ലറ്റിക്കോയും.
വ്യാഴവട്ടത്തിന് ശേഷം ജുവെന്റസ്
2003ന് ശേഷം ആദ്യമായി ജുവെന്റസ് ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തുന്നു. ഹോംഗ്രൗണ്ടായ ടുറിനില്‍ നടന്ന ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആര്‍തുറോ വിദാല്‍ നേടിയ വിവാദ പെനാല്‍റ്റി ഗോളാണ് ജുവെന്റസിനെ രക്ഷിച്ചത്. മൊണാക്കോയുടെ ഗ്രൗണ്ടില്‍ രണ്ടാം പാദത്തില്‍ ഗോള്‍ വഴങ്ങാതെ നിന്നാണ് ഇറ്റാലിയന്‍ ക്ലബ്ബ് ദീര്‍ഘകാലത്തെ കാത്തിരിപ്പിന് അറുതി വരുത്തിയത്. യുവതാരങ്ങള്‍ക്ക് പ്രാമുഖ്യമുള്ള മൊണാക്കോയെ പരിചയ സമ്പത്തുകൊണ്ടാണ് ജുവെന്റസ് തളച്ചത്. ഗോള്‍ വല കാത്ത ബുഫണിന് നേരെ തുളച്ച് കയറുന്ന ഒരു ഷോട്ട് പോലും എത്തിയില്ല.
മധ്യനിരയില്‍ ഇതിഹാസതാരം ആന്ദ്രെ പിര്‍ലോ പന്തടക്കം കൊണ്ട് കൈയ്യടി നേടി. തൊണ്ണൂറാം മിനുട്ടില്‍ പിര്‍ലോയുടെ ഫ്രീകിക്ക് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത് ജുവെന്റസിന് എവേ ജയം നഷ്ടമാക്കി.
മൊണാക്കോ തല ഉയര്‍ത്തിപ്പിടിച്ചാണ് മടങ്ങുന്നത്. ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണലിനെ പ്രീക്വാര്‍ട്ടറില്‍ മുട്ടുകുത്തിച്ചതാണ് ലിയോനാര്‍ഡോ യാര്‍ദിം തന്ത്രമൊരുക്കിയ മൊണാക്കോയുടെ പ്രശസ്തമായ ജയം.