ഡോക്ടര്‍ കുടുംബത്തിന് നാടിന്റെ അന്ത്യപ്രണാമം

Posted on: April 14, 2015 4:00 am | Last updated: April 13, 2015 at 10:00 pm

കാഞ്ഞങ്ങാട്: വാഹനാപകടത്തില്‍ മരണപ്പെട്ട ഡോക്ടര്‍ ദമ്പതികള്‍ക്കും മകനും നാടിന്റെ അന്ത്യപ്രണാമം.
കഴിഞ്ഞദിവസം ആന്ധ്രാപ്രദേശ് ചിറ്റൂരിനടുത്ത് സ്‌കൈബേര്‍ഡ് പോയിന്റിന് സമീപം കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് മരണപ്പെട്ട കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ആശ നമ്പ്യാര്‍ (42), ഭര്‍ത്താവ് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിലെ ആര്‍ സി എച്ച് ഓഫീസര്‍ പത്തനംതിട്ട കൊട്ടനാട് വൃന്ദാവനം മുക്കുഴി മാങ്കല്‍ സന്തോഷ് ഭവനില്‍ ഡോ. ടി സന്തോഷ് (48), മകന്‍ ഹരികൃഷ്ണന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ 8 മണിയോടെ ചെമ്മട്ടംവയലിലെ വീട്ടിലെത്തിച്ചു.
തമിഴ്‌നാട്ടില്‍ നിന്ന് ആര്‍ ടി പി ആംബുലന്‍സ് സര്‍വീസ് ഏജന്‍സിയുടെ രണ്ട് ആംബുലന്‍സുകളിലായാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ എത്തിച്ചത്. അല്‍പനേരം പൊതുദര്‍ശനത്തിനുവെച്ച ഡോ. സന്തോഷിന്റെ മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. ഡോ. സന്തോഷിന്റെ അടുത്ത ബന്ധുക്കള്‍ കാഞ്ഞങ്ങാട്ടെത്തിയിരുന്നു. സന്തോഷിന്റെ അമ്മ മകന്റെ മൃതദേഹം ഒരുനോക്കു കാണാനെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സന്തോഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.
ഡോ. ആശയുടെയും മകന്‍ ഹരികൃഷ്ണന്റെയും മൃതദേഹങ്ങള്‍ ചെമ്മട്ടംവയലിലെ വീട്ടില്‍ നിന്ന് പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും അവിടെ പൊതുദര്‍ശനത്തിന് വെക്കുകയും ചെയ്തു. പിന്നീട് രണ്ട് മൃതദേഹങ്ങളും നീലേശ്വരം പാലായിയിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ഇവരുടെ ശവസംസ്‌കാരം നീലേശ്വരത്തും ഡോ. സന്തോഷിന്റെ മൃതദേഹം പത്തനംതിട്ടയിലും സംസ്‌കരിക്കാനാണ് തീരുമാനിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി, വൈസ് പ്രസിഡന്റ് കെ എസ് കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ കെ സുജാത, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ദിവ്യ, സഹപ്രവര്‍ത്തകരും മറ്റു ജീവനക്കാരും ചെമ്മട്ടംവയലിലെ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.