Connect with us

International

യമനിലേക്ക് റെഡ്‌ക്രോസിന്റെ കൂടുതല്‍ സഹായമെത്തി

Published

|

Last Updated

സന്‍ആ: യമനിലേക്ക് കൂടുതല്‍ വൈദ്യ സഹായവുമായി റെഡ്‌ക്രോസ് വിമാനം തലസ്ഥാനത്തെത്തി. സംഘര്‍ഷബാധിത നഗരമായ സന്‍ആയിലേക്ക് രണ്ടാമത്തെ സഹായമാണിതെന്ന് ഒരു റെഡ്‌ക്രോസ് വക്താവ് വ്യക്തമാക്കി. പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയുടെ സൈന്യവും ശിയാ വിമതരും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ പരിചരിക്കാനുള്ള അടിയന്തിര സഹായമാണ് നല്‍കുന്നതെന്ന് റെഡ്‌ക്രോസ് അന്താരാഷ്ട്ര കമ്മിറ്റി വ്യക്തമാക്കി. 35.6 ടണ്‍ ഭാരം വരുന്നതാണ് പുതിയ ചരക്ക്. ഇതില്‍ 32 ടണ്‍ വസ്തുക്കളും വൈദ്യ സഹായം, ജല ശുദ്ധീകരണ സാമഗ്രികള്‍, ജനറേറ്ററുകള്‍, ഓക്‌സിജന്‍ നല്‍കാനുള്ള യന്ത്രങ്ങള്‍ തുടങ്ങിയവയാണ്. അതേസമയം കഴിഞ്ഞ മാസം അവസാനം സഊദി നടത്തിയ വ്യോമാക്രമണത്തില്‍ പരിക്കേറ്റവരെ സഹായിക്കാനായി വൈദ്യ സഹായവും മറ്റു സാമഗ്രികളുമുള്‍പ്പെടെ 16 ടണ്‍ വസ്തുക്കളടങ്ങിയ ഓരോ വിമാനങ്ങള്‍ ഐ സി ആര്‍ സി യും യു എന്നും വെള്ളിയാഴ്ച നല്‍കിയിരുന്നു. പരിക്കേറ്റവര്‍ക്ക് സഹായമെത്തിക്കുന്നതിന് ദിവസവും കുറഞ്ഞ സമയത്തേക്കെങ്കിലും ആക്രമണം നിര്‍ത്തിവെക്കാന്‍ യു എന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്ത് നില നില്‍ക്കുന്ന സംഘട്ടനങ്ങളില്‍ പെട്ട് പരിക്കേറ്റവര്‍ക്കുള്ള സഹായവുമായി മനുഷ്യസ്‌നേഹികളയച്ച രണ്ട് ബോട്ടുകള്‍ ഇതിനകം ആദനിന്റെ പ്രധാന ദക്ഷിണ നഗരത്തില്‍ എത്തിയിരുന്നു. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ യമനിലെ നിരവധി പ്രദേശങ്ങള്‍ പിടിച്ചെടുത്തതോടെയാണ് സഊദി ആക്രമണം ആരംഭിച്ചത്.